ഇസ്ലാമാബാദ് ; പഹൽഗാം ആക്രമണം നടത്തിയ ടിആർഎഫിന് യുഎസ് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമാക്രമണം ഭയന്ന് പാകിസ്ഥാൻ . പാകിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തിയിൽ NOTAM പുറപ്പെടുവിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ സൈനികാഭ്യാസമോ മിസൈൽ പരീക്ഷണമോ നടക്കുന്നുണ്ടെന്നും സംശയമുണ്ട്.
പാകിസ്ഥാന്റെ മധ്യ മേഖലയിലെ വ്യോമാതിർത്തി ജൂലൈ 16 മുതൽ 23 വരെ പൂർണ്ണമായും അടച്ചിട്ടിരിക്കുമെന്നാണ് വിവരം. അതേസമയം, തെക്കൻ പാകിസ്ഥാന്റെ വ്യോമാതിർത്തി ജൂലൈ 22 മുതൽ 23 വരെ അടച്ചിട്ടിരിക്കും. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ വ്യോമസേനാംഗങ്ങൾക്ക് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച, ചൈനീസ് കാർഗോ വിമാനങ്ങൾ പാകിസ്ഥാനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.ചൈന പാകിസ്ഥാന് പുതിയ ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്.
അതേസമയം, ലഷ്‌കർ-ഇ-തൊയ്ബയുടെ ആസ്ഥാനം മുരിദ്‌കെയിൽ നിന്ന് ബഹാവൽപൂരിലേക്ക് മാറ്റാൻ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ഉത്തരവിട്ടതായി റിപ്പോർട്ടുണ്ട്. 80 കളുടെ അവസാനത്തിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ്-താലിബാൻ യുദ്ധം അവസാനിച്ചതിനുശേഷം ലഷ്‌കറിന്റെ ആസ്ഥാനം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുരിദ്‌കെയിലായിരുന്നു.
ബഹാവൽപൂരിൽ ഇത്തരം പോസ്റ്ററുകൾ കണ്ടിട്ടുണ്ട്, ഇത് ലഷ്‌കർ ഇപ്പോൾ മുരിദ്കെയിൽ സജീവമാണെന്ന് തെളിയിക്കുന്നു. ഓപ്പറേഷൻ സിന്ദൂരിനിടെ, ഇന്ത്യൻ വ്യോമസേന മുരിദ്കെയിലും ബഹാവൽപൂരിലും മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ ബഹാവൽപൂരിലും മുരിദ്കെയിലും വൻ നാശനഷ്ടങ്ങൾ വരുത്തി
ലഷ്‌കറിന് പുതിയൊരു പേര് നൽകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഐഎസ്‌ഐ മുമ്പും ഇത് ചെയ്തിട്ടുണ്ട്. 26/11 മുംബൈ ആക്രമണത്തിന് ശേഷം, ലഷ്‌കറിനെ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും യുഎസും ഐക്യരാഷ്‌ട്രസഭയും നിരോധിക്കുകയും ചെയ്തപ്പോൾ, അതിന്റെ പേര് ജമാഅത്ത്-ഉദ്-ദവ എന്നാക്കി മാറ്റിയിരുന്നു.