• Mon. Dec 8th, 2025

24×7 Live News

Apdin News

ഇന്ത്യയ്‌ക്ക് ശോഭനമായ ഭാവി…സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.4 ശതമാനം വര്‍ധിക്കുമെന്ന് അന്താരാഷ്‌ട്ര ഏജന്‍സി ഫിച്ച് റേറ്റിംഗ്സ്

Byadmin

Dec 7, 2025



ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് സാമ്പത്തിക രംഗത്ത് ശോഭനമായ ഭാവിയാണെന്ന് അന്താരാഷ്‌ട്ര റേറ്റിംഗ് ഏജന്‍സി ഫിച്ച് റേറ്റിംഗ്സ്. ഇന്ത്യ നടപ്പു സാമ്പത്തികവര്‍ഷം 7.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഫിച്ച് റേറ്റിംഗ്സിന്റെ പുതിയ പ്രവചനം. ജിഎസ് ടി ഇളവ് നല്‍കിയത് മൂലം ഇന്ത്യയിലെ ആഭ്യന്തര ഉപഭോഗത്തിലൂണ്ടായ കുതിപ്പ് കാരണമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുകയെന്ന് ഫിച്ച് പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്ന് റേറ്റിംഗ്സ് ഏജന്‍സിയില്‍ ഒന്നാണ് ഫിച്ച് റേറ്റിംഗ്സ്. എസ് ആന്‍റ് പി, മൂഡീസ് എന്നിവയാണ് മറ്റ് റേറ്റിംഗ് ഏജന്‍സികള്‍.

നേരത്തെ നടപ്പുസാമ്പത്തികവര്‍ഷമായ 2025-26ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനം മാത്രമായിരിക്കുമെന്നായിരുന്നു ഫിച്ച് റേറ്റിംഗ്സിന്റെ പ്രവചനം. അതാണ് ഇപ്പോള്‍ തിരുത്തി ഇന്ത്യ 7.4 ശതമാനം വളരുമെന്ന് ഫിച്ച് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശക്തമാണെന്നും ഇന്ത്യ കരുത്തുറ്റ അടിത്തറയിലാണെന്നും ഫിച്ച് ഡയറക്ടര്‍ അലക്സ് മസ്കാടെല്ലി പറയുന്നു.

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ രണ്ടാം സാമ്പത്തിക പാദമായ ജൂലായ്-സെപ്തംബര്‍ കാലഘട്ടത്തില്‍ ഇന്ത്യ 8.2 ശതമാനം വളര്‍ച്ച നേടിയ പശ്ചാത്തലത്തിലാണ് ഫിച്ച് റേറ്റിംഗ്സ് ഇന്ത്യയ്‌ക്ക് ശോഭനമായ ഭാവി പ്രവചിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാളും എത്രയോ ഉയര്‍ന്ന വളര്‍ച്ചയായിരുന്നു ഇത്. 2025-26ലെ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആദ്യ ആറ് മാസത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച എട്ട് ശതമാനമായിരുന്നു.

പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നത് ഇന്ത്യയ്‌ക്ക് അനുഗ്രഹമാണ്. അതിനാലാണ് ഇന്ത്യയ്‌ക്ക് ഒരു തവണ കൂടി രൂപയുടെ പലിശനിരക്ക് കുറയ്‌ക്കാന്‍ റിസര്‍വ്വ് ബാങ്കിന് സാധിച്ചത്.

അതേ സമയം അടുത്തസാമ്പത്തിക വര്‍ഷമായ 2026-27ല്‍ ഇന്ത്യയുടെ വളര്‍ച്ച അല്‍പം മന്ദീഭവിക്കുമെന്നും അത് 6.4 ശതമാനമായി ചുരുങ്ങുമെന്നും ഫിച്ച് പറയുന്നുണ്ടെങ്കിലും ഇതിനപ്പുറത്തേക്ക് ഇന്ത്യ കുതിക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

 

By admin