• Sun. Jul 20th, 2025

24×7 Live News

Apdin News

ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രി സൂംബാ ഡാന്‍സ് നടത്തി: വി.ഡി. സതീശന്‍

Byadmin

Jul 19, 2025


കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രിയാണ് സൂംബാ ഡാന്‍സ് കളിച്ചതെന്ന് വിമര്‍ശച്ച പ്രതിപക്ഷ നേതാവ് ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേയെന്ന് ചോദിച്ചു. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഓഡിറ്റിങ് നടത്തണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും വൈദ്യുത ലൈന്‍ തൊട്ടു മുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും വി ഡി ചോദിച്ചു.

കുട്ടി മുകളില്‍ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. കുട്ടികള്‍ മുകളില്‍ കയറുന്നത് സ്വാഭാവികമാണെന്നും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷ ഓഡിറ്റിങ് നടത്തുകയാണ് വേണ്ടതെന്നും സതീശന്‍ പറഞ്ഞു.

ചെരുപ്പ് എടുക്കാന്‍ മുകളില്‍ കയറിയ കുട്ടിയെയാണ് ഇപ്പോള്‍ കുറ്റവാളിയാക്കിയിരിക്കുന്നത്. മന്ത്രിമാരെയും അവരുടെ നാവിനെയും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം വിവാദ പരാമര്‍ശത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചു. മന്ത്രിയുടെ അനുചിതമായ വാക്കുകളില്‍ പാര്‍ട്ടിക്കുള്ളിലും അമര്‍ഷം പുകഞ്ഞതോടെയാണ് ഖേദപ്രകടനവുമായി രംഗത്തെത്തിയത്.

അപകടത്തില്‍ അധ്യാപകരെ കുറ്റം പറയാന്‍ പറ്റില്ലെന്നും സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ വലിഞ്ഞുകയറിയതാണ് അപകടത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് കൊല്ലം തേവലക്കര കോവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്‍ഭവനില്‍ മനോജിന്റെ മകനാണ് മിഥുന്‍ (13). ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികള്‍ കളിച്ചുകൊണ്ട് നില്‍ക്കെ സ്‌കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്‍ മതില്‍ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

By admin