കോട്ടയം: എം.ബി.ബി.എസിനു സീറ്റ് നല്‍കാമെന്നു പറഞ്ഞു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്‌റ്റില്‍. പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്ത് പ്രസിഡന്റ് തിരുവല്ല നിരണം തോട്ടടി-വട്ടടി ഭാഗത്തു കടുപ്പിലാറില്‍ കെ.പി. പുന്നൂസി(80)നെയാണ് ഈസ്‌റ്റ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മകള്‍ക്ക് എം.ബി.ബി.എസിനു സീറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞു കോട്ടയം പുതുപ്പള്ളി സ്വദേശിയായ മധ്യവയസ്‌കനില്‍നിന്ന് 25 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്. പുതുപ്പള്ളി സ്വദേശി പല തവണയായി 25 ലക്ഷം രൂപ പുന്നൂസിന് അയച്ചുകൊടുത്തു. എന്നാല്‍, എം.ബി.ബി.എസിനു സീറ്റ് തരപ്പെടുത്തിക്കൊടുത്തില്ല. പണം മടക്കിക്കൊടുക്കുകയും ചെയ്‌തില്ല. അതോടെയാണ് പുതുപ്പള്ളി സ്വദേശി പോലീസില്‍ പരാതി നല്‍കിയത്.