
ന്യൂഡൽഹി : ഫരീദാബാദിൽ വൻ സ്‌ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ഡോ. ഷഹീൻ സയീദ് ലിബറൽ കാഴ്ചപ്പാടുകൾ പുലർത്തിയിരുന്നുവെന്ന് മുൻ ഭർത്താവ് ഡോ. ഹയാത്ത് സഫർ . ഷഹീൻ പ്രത്യേകിച്ച് മതവിശ്വാസിയല്ലായിരുന്നുവെന്നും ഹയാത്ത് സഫർ പറഞ്ഞു.
2012 ലാണ് ഇരുവരും വേർപിരിഞ്ഞത് . രണ്ട് കുട്ടികളുൾപ്പെടെയുള്ള കുടുംബവുമൊത്ത് ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാൻ ഷഹീൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്നൗവിലെ ഡാലിഗഞ്ച് സ്വദേശിയായ ഷഹീൻ, ജെയ്‌ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ റിക്രൂട്ട്‌മെന്റ് വിഭാഗത്തെ നയിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രൂപ്പിന്റെ വനിതാ വിഭാഗമായ ജമാഅത്ത്-ഉൽ-മോമിനാത്തിന്റെ നേതാവായിരുന്നു അവർ.
“എനിക്ക് അവരുമായി യാതൊരു ബന്ധവുമില്ല. 2012 ൽ ഞങ്ങൾ വേർപിരിഞ്ഞു. ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്. അവർ എന്നോടൊപ്പം താമസിക്കുന്നു. ഞങ്ങളുടേത് ഒരു അറേഞ്ച്ഡ് വിവാഹമായിരുന്നു. വേർപിരിഞ്ഞതിനുശേഷം ഞാൻ അവരുമായി ബന്ധപ്പെട്ടിട്ടില്ല. ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. മക്കളും അവളോട് സംസാരിക്കാറില്ല. അവർ പൾമണോളജി പ്രൊഫസറായിരുന്നു. 2006 ൽ ബിരുദം പൂർത്തിയാക്കി,,” ഡോ. ഹയാത്ത് പറഞ്ഞു.
അതേസമയം ഷഹീന് അത്തരം പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഷഹീന്റെ പിതാവ് പറഞ്ഞത്.