കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലിലേക്ക് ലഹരി എറിഞ്ഞു നല്‍കുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിലായി. പനങ്കാവ് സ്വദേശി റിജിലിനെയാണ് പിടികൂടിയത്.
കേസില്‍ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണും ലഹരി മരുന്നുകളും മദ്യവും ജയിലില്‍ എത്തിക്കാന്‍ വലിയ സംഘമാണ് പുറത്ത് പ്രവര്‍ത്തിക്കുന്നത്.
ജയിലും പരിസരവും നന്നായി അറിയുന്ന ഇവര്‍ ആസൂത്രണം ചെയ്താണ് ലഹരി വസ്തുക്കള്‍ കടത്തുന്നത്. തടവുകാരുടെ സന്ദര്‍ശകരെന്ന വ്യാജേന ജയിലില്‍ എത്തി സാധനങ്ങള്‍ എറിഞ്ഞു നല്‍കേണ്ട സ്ഥലവും സമയവും നിശ്ചയിക്കും. തുടര്‍ന്ന് ഈ വിവരം കൂലിക്ക് എറിഞ്ഞുനല്‍കുന്നവര്‍ക്ക് കൈമാറും.ജയിലില്‍ എത്തിച്ച സാധനങ്ങളുടെ പണം തടവുകാരുടെ ബന്ധുക്കളിലൂടെയും സുഹൃത്തുക്കളിലൂടെയും സംഘത്തിന് ലഭിക്കും. ജയിലില്‍ നിന്ന് ഫോണിലൂടെയും വിവരങ്ങള്‍ പുറത്തേക്ക് കൈമാറാറുണ്ട്.
ജയിലില്‍ എത്തുന്ന ലഹരി മരുന്നുകളും മദ്യവും തടവുകാര്‍ക്ക് വില്‍പ്പന നടത്താന്‍ പ്രത്യേക സംഘം അകത്തും പ്രവര്‍ത്തിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ എറിയുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയിനെ ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.