ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിന് നവി മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ആദ്യ ലോകകപ്പ് ആണ് ഇരു ടീമുകളുടെയും ലക്ഷ്യം. വനിത ക്രിക്കറ്റിലും മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുന്ന ദിനമാകുമോ ഇന്ന്. ചരിത്രത്തിലേക്ക് നടന്നു കയറാൻ ഹർമൻപ്രീത് കൗറും ടീമും 140 കോടി ജനതയുടെ പ്രതീക്ഷകളുമായാണ് കളത്തിലേക്കെത്തുന്നത്.
ഇന്ത്യക്കിത് മൂന്നാം ഫൈനലാണ്. 2005ലും 2017 ലും കണ്ണീരോടെ തലതാഴ്ത്തി മടങ്ങിയ ഇന്ത്യ, ഇത്തവണ കൂടുതൽ പ്രതീക്ഷയിലാണ്. സെമി ഫൈനലിൽ ഏഴുതവണ ചാമ്പ്യന്മാരായ, നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച ആവേശം നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. അവിശ്വസനീയമായ ചേസിലൂടെയായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം. ആ ആവേശത്തിനൊപ്പം ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം കൂടി മുതലെടുക്കാൻ ആയാൽ കന്നിക്കിരീടം ത്രിവർണത്തിലലിയും. സ്മൃതി മന്ദാന, ഹർമൻ പ്രീത് കൗർ, സെമിയിലെ താരം ജെമീമ റോഡ്രിഗ്സ് എന്നിവരിലാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകൾ. ദീപ്തി ശർമ , ക്രാന്തി എന്നിവർ എതിരാളികളെ എറിഞ്ഞു വീഴ്ത്താൻ പോന്നവർ.
ദക്ഷിണാഫ്രിക്കയ്ക്ക് ഇത് ആദ്യ ഫൈനൽ. നിർഭാഗ്യങ്ങൾ എന്നും വേട്ടയാടിയിട്ടുള്ള പ്രോട്ടീസ് പക്ഷേ ഇത്തവണ രണ്ടും കൽപ്പിച്ചാണ്. മുൻ ജേതാക്കളായ ഇംഗ്ലണ്ടിനെ വൻ മാർജിനിൽ വീഴ്ത്തിയായിരുന്നു ഫൈനലിലേക്ക് കുതിച്ചത്. ക്യാപ്റ്റൻ ലോറ വോൾവാർട്ട് , തസ്മിൻ ബ്രിറ്റ്സ് എന്നിവരാണ് പ്രോട്ടീസ് വുമൺസിലെ ബാറ്റിംഗ് പവർ ഹൗസുകൾ. മരിസാനെ കാപ്പ് നയിക്കുന്ന ബൗളിംഗ് നിരയും കിടിലൻ.
നേർക്ക് നേർ കണക്കുകളിൽ ഇന്ത്യയ്ക്കാണ് മുൻതൂക്കം. ഇന്ത്യ 20 മത്സരങ്ങളിൽ ജയിച്ചപ്പോൾ ദക്ഷിണാഫ്രിക്ക ജേതാക്കളായത് 11 എണ്ണത്തിൽ. ലോകകപ്പുകളിൽ ആറ് തവണ ഏറ്റുമുട്ടിയപ്പോൾ തുല്യത പാലിച്ചു. ഈ ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ടിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആയിരുന്നു ജയം. ഇന്ന് ആര് ജയിച്ചാലും പുതു ചരിത്രമാണ്. വനിത ലോകകപ്പിന് പുതിയൊരു അവകാശികൾ ഉണ്ടാകും.