
ന്യൂദല്‍ഹി: കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി, സല്‍മാന്‍ ഖുര്‍ഷിദ്, ദാവേ എന്നീ സീനിയര്‍ അഭിഭാഷകര്‍ അണിനിരന്നിട്ടും 53 പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി പൗരത്വവിരുദ്ധ കലാപത്തിലെ പ്രതികളായ ഉമര്‍ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം നല്‍കാതെ കേസ് നീട്ടിവെച്ച് സുപ്രീംകോടതി. ചൊവ്വാഴ്ച എല്ലാവര്‍ക്കും സുപ്രീംകോടതി ജാമ്യം നല്‍കിയേക്കും എന്ന ഒരു പ്രതീതി കോടതിമുറിയിലും പുറത്തും ഉയര്‍ന്നിരുന്നു. അതാണ് തകര്‍ന്നുപോയത്.
വിചാരണയില്ലാതെ അഞ്ച് വര്‍ഷത്തിലും മുകളിലായി ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് ജാമ്യം നല്‍കിയേ തീരൂ, ജാമ്യം എന്നത് നിയമമാണെന്നും ജയില്‍ എന്നത് വര്‍ജ്ജിക്കപ്പെടേണ്ടതാണെന്നും ഉള്ള നിയമതത്വം വലിയ തോതില്‍ കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളിലും ടിവി ചാനലുകളിലും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ആസൂത്രിതമായാണ് ഇത്തരം പ്രചാരണങ്ങള്‍ എന്നും പരാതിയുണ്ടായിരുന്നു. ദല്‍ഹിയില്‍ പുരോഗമന മാധ്യമപ്രവര്‍ത്തകരെന്ന് നടിക്കുന്നവരും ഇവരുടെ ജാമ്യത്തിനായി വാദിക്കുകയാണ്. വിചാരണ കൂടാതെ അഞ്ച് വര്‍ഷത്തിന് മേല്‍ തടവില്‍ വെച്ചു എന്ന പ്രശ്നത്തെ പെരുപ്പിച്ച് കാണിച്ച് ഇവരെ ജയില്‍ മോചിതരാക്കുകയാണ് പദ്ധതി. ഇതോടെ ഇത്രയും പ്രബലരായ നാല് അഭിഭാഷകര്‍ കോടതി മുറിയില്‍ എത്തിയാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കും എന്ന ധാരണയാണ് പൊളിഞ്ഞത്.
ദല്‍ഹിയിലെ നാല് സീനിയര്‍ അഭിഭാഷകര്‍ കോടതി മുറിയില്‍ അണിനിരന്നത് 53 പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപക്കേസിലെ ആറ് പ്രതികള്‍ക്ക് ജാമ്യം വാങ്ങിക്കൊടുക്കാനാണ്- ഉമര്‍ ഖാലിദ്, ഷെര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ എന്നീ മൂന്ന് ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും ദല്‍ഹികലാപത്തില്‍ പങ്കെടുത്ത മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, മുഹമ്മദ് സലിം ഖാന്‍ എന്നിവരാണ് ഈ ആറ് പേര്‍. ദല്‍ഹി കലാപത്തില്‍ പങ്കെടുത്തതില്‍ തെളിവുകളുണ്ട് എന്ന് പറഞ്ഞാണ് അന്ന് ദല്‍ഹി പൊലീസ് യുഎപിഎ ചുമത്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികം ഇവരെ ജയിലില്‍ അടച്ചത്. സിറ്റിംഗിന് ദശലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി, സല്‍മാന്‍ ഖുര്‍ഷിദ്, ദാവേ എന്നിവരാണ് ഹാജരായത്. സ്വാഭാവികമായും ഈ സീനിയര്‍ അഭിഭാഷകരുടെ മുന്‍പില്‍ ജഡ്ജിമാര്‍ കുറെയൊക്കെ വഴങ്ങിക്കൊടുക്കാറുണ്ടെന്നാണ് അണിയറ സംസാരം.
എന്തായാലും ഈ കേസില്‍ ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍വി അഞ്ജാരിയയും ഉള്‍പ്പെട്ട ബെഞ്ച് എളുപ്പം വഴങ്ങിക്കൊടുക്കാന്‍ തയ്യാറല്ലെന്ന് വേണം കരുതാന്‍. സെഷന്‍സ് കോടതിയും ദല്‍ഹി ഹൈക്കോടതിയും ജാമ്യം നിഷേധിച്ച കേസാണ്.ഈ കലാപം ഭരണമാറ്റത്തിനു വേണ്ടിയുള്ള കലാപമായിരുന്നുവെന്നും മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 2020ല്‍ ദേശവ്യാപകമായി നടന്ന ഒരു അട്ടിമറിയുടെ ഭാഗമാണെന്നും ദല്‍ഹി പൊലീസ് നല്‍കിയ 300ല്‍ പരം പേജുള്ള സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയിട്ടുമുള്ള കേസാണ്.
നേരത്തെ ദല്‍ഹി ഹൈക്കോടതിയില്‍ ഈ കേസില്‍ ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് ആ കലാപനാളുകളില്‍ ഉമര്‍ഖാലിദ് നടത്തിയ അമരാവതിയിലെ പ്രസംഗം അന്ന് തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസംഗത്തില്‍ പൗരത്വവിരുദ്ധപ്രക്ഷോഭം, ദേശീയ പൗരത്വ രജിസ്ട്രി എന്നിവയെക്കുറിച്ച് മാത്രമല്ല, ബാബറി മസ്ജിദ്, മുത്തലാഖ് എന്നീ വിഷയങ്ങള്‍ കൂടി വൈകാരികമായി അവതരിപ്പിച്ച് ഒരു പ്രത്യേക സമുദായത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ കലാപ നാളുകളില്‍ ഉമര്‍ഖാലിദ് നടത്തിയ മറ്റൊരു പ്രസംഗം കുപ്രസിദ്ധമാണ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി കൂട്ടിയോജിപ്പിക്കുന്ന സിലിഗുരി എന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശത്തില്‍ മാര്‍ഗ്ഗതടസ്സങ്ങള്‍ ഉണ്ടാക്കുമെന്നും അങ്ങിനെ ഈ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തും എന്നുമായിരുന്നു ഉമര്‍ഖാലിദിന്റെ ഈ കുപ്രസിദ്ധ പ്രസംഗം. നഗ്നമായ വിഘടനവാദമാണ് ഇയാള്‍ പ്രസംഗിച്ചത്. ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികള്‍ പ്രസംഗിക്കുന്ന അതേ രീതിയിലായിരുന്നു ഉമര്‍ഖാലിദിന്റെ ഈ പ്രസംഗം. ദല്‍ഹിയില്‍ നടന്ന ഈ ഹിന്ദുവിരുദ്ധ കലാപത്തില്‍ പ്രഥമദൃഷ്ട്യാ ഉമര്‍ഖാലിദ് കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് അന്ന് ദല്‍ഹി സെഷന്‍സ് കോടതിയും പിന്നീട് ദല്‍ഹി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചത്.
ബാലിശമായിരുന്നു കപില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങള്‍. കേസ് നീട്ടിക്കൊണ്ടുപോയത് ശരിയായില്ല. 751 എഫ് ഐആറുകള്‍ ഈ കലാപത്തില്‍ ദല്‍ഹി പൊലീസ് എടുത്തിരുന്നു. ഇതില്‍ ഒരു എഫ് ഐആറില്‍ തന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന വാദമുയര്‍ത്തി കപില്‍ സിബല്‍ ദല്‍ഹി പൊലീസിന്റെ ആ 751 എഫ് ഐആറുകളെയും കഴമ്പില്ലാത്തതാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. 53 പേര്‍ കൊലചെയ്യപ്പെട്ട, പെട്രോള്‍ ബോംബുകളും എന്തിന് കലാപകാരികളായ വിദ്യാര്‍ത്ഥികള്‍ തോക്കേന്തുക വരെ ചെയ്ത കലാപമാണെന്നോര്‍ക്കണം. എന്നാല്‍ തോക്കും മറ്റ് ആയുധങ്ങളൊന്നും ഉമര്‍ ഖാലിദ് തൊട്ടിട്ടില്ലെന്നാണും കപില്‍ സിബല്‍ വാദിച്ചു. അപ്പോഴാണ് നിങ്ങള്‍ ഇവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുകയാണോ എന്ന് സഹികെട്ട് വാദം കേള്‍ക്കുന്ന ജസ്റ്റിസ് അരവിന്ദ് കുമാര്‍ കപില്‍ സിബലിനോട് ചോദിച്ചത്.ഇതിന് അല്‍പം ജാള്യതയോടെ കുലുങ്ങിച്ചിരിച്ച് മറുപടി പറയാനേ കപില്‍ സിബലിന് കഴിയുമായിരുന്നുള്ളൂ.
ഉമര്‍ ഖാലിദ് ദല്‍ഹിയില്‍ ഇല്ലായിരുന്നു എന്നതായിരുന്നു മറ്റൊരു വാദം. ഉമര്‍ ഖാലിദിന്റെ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നിറഞ്ഞ അമരാവതിയിലെ പ്രസംഗം അഹിംസയെക്കുറിച്ചുള്ള പ്രസംഗമായിരുന്നുവെന്നും ഗാന്ധിയന്‍ തത്വങ്ങളാണ് ഉമര്‍ഖാലിദ് പ്രസംഗിച്ചതെന്നും മറ്റും വാദിക്കുന്നതും ബാലിശമായ വാദമായിരുന്നു.
ഷെര്‍ജീല്‍ ഇമാം വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ ഉതകുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിനെ നിസ്സാരമാക്കി അവതരിപ്പിക്കുകയായിരുന്നു അഭിഷേക് മനു സിംഘ് വി. ഷെര്‍ജീല്‍ ഇമാം അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന് വാദിച്ച് രക്ഷപ്പെടുത്താനായിരുന്നു ശ്രമം. പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് സമരപ്പന്തല്‍ ഒരുക്കുക മാത്രമാണ് ഗുല്‍ഫിഷ ഫാത്തിമ ചെയ്തതെന്നും അഭിഷേക് മനു സിംഘ് വി വാദിക്കാന്‍ ശ്രമിച്ചു.
എന്തായാലും കേസ് അത്ര ലളിതമല്ലെന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് അവര്‍ ചൊവ്വാഴ്ച ജാമ്യം കൊടുക്കാന്‍ മടിച്ചത്. മാത്രമല്ല, ജാമ്യം കൊടുക്കാന്‍ തയ്യാറാണെങ്കില്‍ പോലും അതിന് പറ്റിയ സാഹചര്യമല്ല ദല്‍ഹിയില്‍. പത്ത് പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബ് സ്ഫോടനം നടത്തിയതിന് പിന്നില്‍ പാക് ഭീകരസംഘടന ജെയ് ഷ് എ മുഹമ്മദ് ആണെന്ന് ആരോപണം ഉയരുകയാണ്. അതിനിടെ ദല്‍ഹി കലാപത്തില്‍ പ്രതികളായി യുഎപിഎ ചുമത്തി ജയിലില്‍ അടച്ച ആറ് പ്രതികളെ വിട്ടയച്ചാല്‍ എന്ത് സംഭവിക്കും എന്ന് കോടതിയ്‌ക്കും അറിയാം.