
കാലിക്കറ്റ് സർവകലാശാലയുടെ പേരിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 157 വ്യാജ സർട്ടിഫിക്കറ്റുകൾ വിദേശത്തുള്ള സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും പരിശോധനയ്‌ക്കായി അയച്ച രേഖകളിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ബിടെക്, ബിഎ, ബികോം, ബിഎസ്‌സി, പിജി എന്നിവ ഉൾപ്പെടുന്ന വിവിധ കോഴ്‌സുകളിലാണ് വ്യാജ രേഖകൾ കൂടുതലും കണ്ടെത്തിയത്.വ്യാജ സർട്ടിഫിക്കറ്റുകൾ കൂടുതലായും തുടർപഠനത്തിനും ജോലിക്കുമാണ് ഉപയോഗിച്ചിരുന്നത്.
സർട്ടിഫിക്കറ്റുകൾ വിദേശരാജ്യങ്ങളിലുള്ള സ്ഥാപനങ്ങൾ സാധാരണയായി ആധികാരികത പരിശോധിക്കാനായി സർവകലാശാലയിലേക്ക് അയക്കുന്ന രീതിയാണ്. പരിശോധനയിൽ സംശയം തോന്നുന്ന സർട്ടിഫിക്കറ്റുകൾ ടാബുലേഷൻ വിഭാഗം പരിശോധിച്ച് വ്യാജമാണെന്ന് സ്ഥിരീകരിക്കുന്നതോടെ, അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും സർവകലാശാലയിലെ ലീഗൽ സെല്ലിനും പോലീസ് വകുപ്പിനും വിവരം കൈമാറുന്നു. എന്നാൽ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം കണ്ടെത്തുക ഏറെ പ്രയാസകരമാണ്.
പരിശോധനയ്‌ക്കായി സർട്ടിഫിക്കറ്റുകൾ അയയ്‌ക്കുന്നത് പലപ്പോഴും സ്വകാര്യ ഏജൻസികളായതിനാൽ അപേക്ഷകരുടെ വിലാസം ലഭിക്കാറില്ല. കൂടാതെ, പല രേഖകളിലും നൽകിയിരിക്കുന്ന റജിസ്റ്റർ നമ്പറുകളും തെറ്റായതായതിനാൽ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങളും പരാജയപ്പെടുന്നു.2018 മുതൽ ഇതുവരെ 39 കേസുകൾ പോലീസ് നടപടിക്കായി കൈമാറിയിട്ടുണ്ട്. ബാക്കി രേഖകൾ കൂടുതൽ നടപടിക്കായി മാറ്റിവച്ചിരിക്കുകയാണ്.