
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ബന്ധു നിയമന വിവാദത്തിന് പിന്നാലെ കൂടുതല്‍ മന്ത്രിമാരുടെ സ്റ്റാഫുകളിലും ബന്ധുക്കളെന്ന് ആരോപണം. വിവിധ മന്ത്രിമാരുടെ സ്റ്റാഫുകളിലായി 12 ഓളം പേരെ പാര്‍ട്ടി അറിവോടെയല്ലാതെ നിയമിച്ചിട്ടുണ്ടത്രെ. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ അഭിഭാഷക പട്ടികയിലും ബന്ധു നിയമനമെന്നും ആരോപണം.
സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭര്‍ത്താവ് ബെന്നി തോമസിനെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായതോടെ അദ്ദേഹം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ സ്റ്റാഫുകളില്‍ 12 ഓളം പേര്‍ വിവിധ മന്ത്രിമാരുടെ ബന്ധുക്കളാണെന്ന് ആരോപണം ഉയര്‍ന്നത്. ജോസഫ് വാഴക്കന്റെ മകള്‍ക്ക് ഗവ. പ്ലീഡര്‍ ആയി നിയമനം ലഭിച്ചതും വിവാദമായിട്ടുണ്ട്. ജോസഫ് വാഴക്കന്റെ മകള്‍ ലയ ജോസഫിനെയാണ് ഗവ. പ്ലീഡറായി നിയമിച്ചത്. സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍, ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തികളിലേക്ക് 42 പേരെയാണ് നിയമിച്ചത്. മന്ത്രി അനില്‍കുമാര്‍ തന്റെ ഔദ്യോഗിക വാഹനം മകന്റെ വിവാഹ വാഹനമാക്കിയതും വിവാദത്തിലായിരുന്നു.