
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്തമായ പാരലല്‍ കോളജായിരുന്ന വിക്ടറി കോളജിലെ കെമിസ്ട്രി അധ്യാപകന്‍. ജനനന്മ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകന്‍. വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഗുരുനാഥന്‍. ഇങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് പി. അശോക്കുമാറിന്. തിരുവനന്തപുരം നഗരസഭയില്‍ മത്സരിക്കുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് അദ്ദേഹം. പാല്‍ക്കുളങ്ങര വാര്‍ഡില്‍ നിന്ന് നാലു വട്ടം ജയിച്ച് കൗണ്‍സിലറായി 22 വര്‍ഷം പൂര്‍ത്തിയാക്കിയ അശോക് കുമാര്‍ ഇത്തവണ പേട്ട വാര്‍ഡിലാണ് ജനവിധി തേടുന്നത്.
നഗരത്തിലെ ഒരോ വീട്ടിലും അശോക്കുമാര്‍ പഠിപ്പിച്ച ഒരു വിദ്യാര്‍ത്ഥിയെങ്കിലും ഉറപ്പ്. തലസ്ഥാനത്ത് ഏകദേശം രണ്ടര ലക്ഷത്തോളം ശിഷ്യര്‍ അദ്ദേഹത്തിനുണ്ട്. ഗുരുദക്ഷിണയായി വോട്ട് നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായാണ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറുന്നത്.
1989ല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ആദ്യമായി മത്സരിച്ചു ജയിച്ചു. അന്ന് മത്സരരംഗത്ത് എത്തിയത് യാദൃച്ഛികമായി. പാല്‍ക്കുളങ്ങരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിക്കാതിരുന്നപ്പോള്‍ ഡമ്മിയായി പേരു നല്‍കിയ അശോക്കുമാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകുകയായിരുന്നു. 1995, 2010, 2020 വര്‍ഷങ്ങളിലും പാല്‍ക്കുളങ്ങരയില്‍ നിന്ന് വിജയിച്ചു. വനിതാ വാര്‍ഡ് ആയപ്പോഴും ബിജെപിയാണ് പാല്‍ക്കുളങ്ങരയില്‍ വിജയക്കൊടി പാറിച്ചത്.
കൗണ്‍സിലറായി അശോക് കുമാര്‍ നാല് ടേം പൂര്‍ത്തിയാക്കി. ഒരു പ്രാവശ്യം ആറു വര്‍ഷമായിരുന്നു കൗണ്‍സില്‍ കാലാവധി. നാല് തവണയും വിജയിച്ചത് പാല്‍ക്കുളങ്ങര വാര്‍ഡില്‍ നിന്ന്. 2015ല്‍ ഇടത് കോട്ടയായ വഞ്ചിയൂര്‍ വാര്‍ഡില്‍ മത്സരിച്ചപ്പോള്‍ ഒരു വോട്ടിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ കൗണ്‍സിലില്‍ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കാനുള്ള നിയോഗം ലഭിച്ചതും മുതിര്‍ന്ന അംഗമെന്ന നിലയില്‍ അശോക്കുമാറിനാണ്.
ജനനന്മയ്‌ക്കു വേണ്ടിയും രാഷ്‌ട്രനന്മയ്‌ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നതിനാലാണ് ജനങ്ങള്‍ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നതെന്ന് അശോക് കുമാര്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന പൊതുപ്രവര്‍ത്തകരില്‍ ഒരാളായ അദ്ദേഹം മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎം ജില്ലാ കമ്മറ്റി അംഗവും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എസ്.പി ദീപക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡിസിസി അംഗമായ ഡി.ആനില്‍ കുമാറുമാണ്.