കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ പരമാവധി സഹായ സഹകരണങ്ങളോടെ സംസ്ഥാനത്തെ ജലവിതരണ- ജലസേചന പദ്ധതികള്‍ കുറ്റമറ്റതാക്കാനുള്ള കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. കോട്ടയം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രപദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ (ജെജെഎം) നടപ്പാക്കുന്നതില്‍ വന്‍ വീഴ്ച സംസ്ഥാനത്തുണ്ടായി. ഈ പദ്ധതി പൂര്‍ണതോതില്‍ മുന്നോട്ട് കൊണ്ടുപോകാനായില്ല. ഇതിനായി വാങ്ങിയ പൈപ്പുകള്‍ വഴിയോരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. കരാറുകാരുടെ വന്‍ കുടിശ്ശികത്തുക കൊടുക്കാനാകാതെ ഒട്ടേറെ പണികള്‍ മുടങ്ങിക്കിടക്കുന്നു. സംഭരണികള്‍ നിര്‍മിക്കാനുമുണ്ട്. 2028 വരെയാണ് ഈ പദ്ധതിയുടെ നീട്ടിക്കിട്ടിയ കാലാവധി. അതിനുമുമ്പ് പണികള്‍ പൂര്‍ത്തിയാക്കണം. വീഴ്ചകള്‍ പരിഹരിച്ച്, കുറ്റമറ്റ രീതിയില്‍ ജല്‍ജീവന്‍ മിഷന്‍ നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സംഭവിച്ച വീഴ്ചകളെപ്പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
ഈ പദ്ധതി തുടങ്ങിയപ്പോള്‍, നിലവിലുള്ളതിന്റെ നാലുമടങ്ങ് കണക്ഷന്‍ കൊടുത്തു. എന്നാല്‍ വെള്ളം നല്‍കാനായില്ല. ജലസ്രോതസുകള്‍ വര്‍ധിക്കാത്തതിനാലാണിത്. പുതിയ ജലസ്രോതസുകള്‍ കണ്ടെത്താനുള്ള പദ്ധതികള്‍ ജല്‍ ജീവന്‍ മിഷനിലുണ്ട്. അത് നടപ്പാക്കാത്തതാണ് പ്രശ്‌നം.
കൃത്യമായി പദ്ധതികള്‍ സമര്‍പ്പിക്കാത്തതിനാലാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള പല ആനുകൂല്യങ്ങളും കിട്ടാത്തത്. ഈ വീഴ്ച പരിഹരിക്കും. ഫണ്ടില്ലാത്തതിനാല്‍ ചെറുകിട- വന്‍കിട ജലസേചന പദ്ധതികള്‍ പലതിന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ജലസേചന, ജലവിതരണ പദ്ധതികള്‍ക്കായി പുതിയ കര്‍മപരിപാടി കേന്ദ്ര സഹായത്തോടെ ആവിഷ്‌കരിക്കും. കുടിവെള്ളം ജനങ്ങളുടെ അവകാശമാണ്. ജലവിഭവ വകുപ്പിനെ ജനക്ഷേമ വകുപ്പാക്കി മാറ്റുമെന്നും മോന്‍സ് ജോസഫ് അവകാശപ്പെട്ടു.
ജലനയം രൂപീകരിക്കും, പ്രഖ്യാപനം ഒരുവര്‍ഷത്തിനകം
സംസ്ഥാനത്തെ ജലസ്രോതസുകളുടെ സംരക്ഷണം, ജലവിതരണം, ജലസേചനം എന്നിവയെല്ലാം ഉള്‍പ്പെടുത്തി സംസ്ഥാനത്തിന് ജലനയം രൂപീകരിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. ഉന്നതതലതലത്തില്‍ വിദഗ്ധരുമായുള്ള വിശദമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം 2027-ന് മുമ്പ് ഇത് പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുകയെന്നതാണ് കേരളത്തിന്റെ നിലപാട്. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും തമിഴ്‌നാടിന് ആവശ്യത്തിന് വെള്ളവുമെന്ന നയത്തില്‍ ഈന്നിയാകും പ്രശ്‌നപരിഹാര ശ്രമങ്ങള്‍. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ളതും സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതുമായ വിഷയമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിലയിരുത്തി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
വകുപ്പുകള്‍ പ്രതിസന്ധിയില്‍, പൂട്ടല്‍ ഭീഷണിയില്‍ ഭവന ബോര്‍ഡ്
സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം തന്റേത് ഉള്‍പ്പെടെ എല്ലാ വകുപ്പുകളും വലിയ പ്രതിസന്ധിയിലും തകര്‍ച്ചയിലുമാണെന്ന് ഭവന നിര്‍മാണ വകുപ്പിന്റെയും ചുമതലയുള്ള മോന്‍സ് ജോസഫ് വെളിപ്പെടുത്തി. ജല അതോറിറ്റിയും ഭവന നിര്‍മാണ ബോര്‍ഡും വലിയ സാമ്പത്തിക പ്രയാസത്തിലാണ്.
ഒരുപാട് ഇടങ്ങളില്‍ പൈപ്പുകള്‍ കുഴിച്ചിടുകയും ശേഖരിച്ചുവെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കണക്ഷന്‍ കൊടുത്ത് ജനത്തിന് കുടിവെള്ളം എത്തിക്കാനായിട്ടില്ല. കരാറുകാരുടെ ബില്ലുകള്‍ മാറി നല്‍കാന്‍ പറ്റാത്തത്ര പരിതാപകരമായ സാമ്പത്തികാവസ്ഥയിലാണ്. കരാറുകാര്‍ക്ക് പണം നല്‍കാനാകാത്തതിനാല്‍ ഒട്ടേറെ പണികള്‍ നിലച്ചു.
ഭവന നിര്‍മാണ ബോര്‍ഡ് പൂട്ടല്‍ ഭീഷണിയിലാണ്. ജീവനക്കാര്‍ക്ക് ശമ്പളംപോലും കൊടുക്കാന്‍ കഴിയുന്നില്ല. നിര്‍ജീവാവസ്ഥയിലുള്ള ഈ ബോര്‍ഡിന്, പാവപ്പെട്ടവര്‍ക്ക് വീടുവെച്ചുകൊടുക്കുകയെന്ന ചുമതല നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമാണ്.
ഭവന വകുപ്പിന്റെ ഒട്ടേറെ വസ്തുവകകള്‍ സംസ്ഥാനത്ത് ഗ്രാമ, നഗര പ്രദേശങ്ങളിലെ കണ്ണായ ഇടങ്ങളില്‍ അന്യാധീനപ്പെട്ടു കിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.