കൊച്ചി: കേരളത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. കൊച്ചിയിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. ഇയാളുടെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. രോഗി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് ദിവസം മുന്‍പാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം ഉണ്ടായ അവസാന മരണം റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണു മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഒക്ടോബര്‍ മാസത്തില്‍ മാത്രം സംസ്ഥാനത്ത് 62 പേര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ 32 പേരാണ് രോഗ ബാധമൂലം മരിച്ചത്.
വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയിരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാന വ്യാപകമായി തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും നേരത്തെ കണ്ടെത്തിയിരുന്ന രോഗ ബാധ ഇപ്പോള്‍ ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാത്തവരില്‍ പോലും സാധാരണയായിട്ടുണ്ട്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.