പാലക്കാട്: സംസ്ഥാനത്ത് വേനൽചൂട് വര്‍ധിച്ചുവരുന്നതിനിടെ പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റു. പെയിന്‍റിങ് ജോലിക്കിടെയാണ് യുവാവിന് സൂര്യാഘാതമേറ്റത്. മണ്ണാർക്കാട് സ്വദേശിയായ സൈതലവിക്കാണ് പൊള്ളലേറ്റത്. യുവാവിന്‍റെ പുറത്താണ് സൂര്യാഘാതമേറ്റത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. പാലക്കാട് ജില്ലയിലയടക്കം കൂടിയ ചൂടാണ് അനുഭവപ്പെടുന്നത്.
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38°സെലഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37°സെലഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയാകാം.
ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 3°സെലഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.