• Thu. Nov 13th, 2025

24×7 Live News

Apdin News

ഗൂഢാലോചനയുടെ കേന്ദ്രംഅല്‍-ഫലാഹ്; സര്‍വകലാശാല വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളിന്റെ ലോഞ്ച് പാഡ്

Byadmin

Nov 13, 2025



ന്യൂദല്‍ഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട  അന്വേഷണം ഫരീദാബാദ് ദൗജിലെ അല്‍- ഫലാഹ് സര്‍വകലാശാലയിലേക്ക്. ഇതിനകം സര്‍വകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.

സ്ഫോടനമുണ്ടായ ദിവസം ഫരീദാബാദില്‍ നിന്ന് മൂന്ന് ഡോക്ടര്‍മാരെയും സ്ഫോടക വസ്തുക്കളും പിടികൂടിയിരുന്നു. ഇവര്‍ അല്‍- ഫലാഹ് സര്‍വകലാശാലയിലെ ജീവനക്കാരാണെന്നാണ് വിവരം. വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളിന്റെ ലോഞ്ച് പാഡ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ സ്ഥാപനത്തെ വിശേഷിപ്പിക്കുന്നത്. രാജ്യമെമ്പാടും വന്‍സ്ഫോടനം നടത്താനുള്ള ഗൂഢാലോചന ഇവിടം കേന്ദ്രീകരിച്ച് നടന്നെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. സ്ഫോടനം നടത്താന്‍ ഉപയോഗിച്ച കാര്‍ ഡോ. ഉമര്‍ മുഹമ്മദ് ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 10 വരെ കാമ്പസില്‍ നിര്‍ത്തിയിട്ടു. കൂട്ടാളികളായ ഡോ. മുസമില്‍ ഷക്കീല്‍, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍ എന്നിവര്‍ പിടിയിലായത് അറിഞ്ഞതോടെ കാമ്പസിലെത്തിയ ഉമര്‍ കാര്‍ എടുത്ത് പുറപ്പെട്ടതായാണ് വിവരം.

ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഒരു പ്രൊഫസറെ ഇവിടെ നിയമിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് (എസ്എംഎച്ച്എസ്) ആശുപത്രിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് മെഡിസിന്‍ ആയി സേവനമനുഷ്ഠിച്ചിരുന്ന ഡോ. നിസാര്‍ ഉല്‍ ഹസ്സനെ, ഭരണഘടനയിലെ 311(2)(സി)പ്രകാരം ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വകുപ്പുതല അന്വേഷണം കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ അധികാരം നല്കുന്നതാണ് ഈ ആര്‍ട്ടിക്കിള്‍. ഡോ. നിസാര്‍ പിന്നീട് അല്‍- ഫലാഹ് സര്‍വകലാശാലയില്‍ ജോലി ചെയ്തതായുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഡോക്ടര്‍മാരുടെ അറസ്റ്റിന് പിന്നാലെ നിസാര്‍ ഒളിവിലാണെന്നും ഇയാളുടെ മകളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തെന്നുമാണ് വിവരം.

സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട ഉമര്‍ നബിയും കൂട്ടാളികളും നേരത്തേയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയിലോ ദീപാവലിക്കോ ആക്രമണം നടത്താനായിരുന്നു നീക്കം. ഉമറും അറസ്റ്റിലായ മുസമില്‍ ഷക്കീലും കഴിഞ്ഞ ജനുവരിയില്‍ ചെങ്കോട്ട സന്ദര്‍ശിച്ചിരുന്നു. മുസമിലിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ചാന്ദ്നി ചൗക്കിലും ജമാമസ്ജിദിലും ഇവര്‍ എത്തിയതായി കണ്ടെത്തി. ദീപാവലി പോലുള്ള ആഘോഷവസരങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് സൂചന.

ചെങ്കോട്ടയ്‌ക്ക് സമീപം സ്ഫോടനം നടത്തിയവര്‍ രണ്ട് കാറുകള്‍ വാങ്ങിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഡിഎല്‍ 10 സികെ 0458 നമ്പര്‍ കാര്‍ ഇന്നലെ വൈകിട്ടോടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചുവന്ന കളര്‍ ഇക്കോ സ്പോര്‍ട്ട് കാറാണ് ഖണ്ഡവാലി ഗ്രാമത്തില്‍ നിന്ന് ഹരിയാന പോലീസ് കണ്ടെത്തിയത്. വാഹനം കണ്ടെത്തുന്നതിനായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഉള്‍പ്പെടെ കര്‍ശന പരിശോധന നടന്നു. ഉത്തര്‍പ്രദേശ്, ഹരിയാന പോലീസിനും ജാഗ്രതാ നിര്‍ദേശം നല്കിയിരുന്നു.

സ്ഫോടന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നു. ട്രാഫിക് പോലീസിന്റെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. സ്ഫോടനം നടന്നശേഷം സിസിടിവികള്‍ നിശ്ചലമാവുകയായിരുന്നു. എന്നാല്‍ പിടിയിലായവര്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഇന്നലെ സര്‍വകലാശാല അധികൃതര്‍ പ്രസ്താവനയിറക്കി.

By admin