മലപ്പുറം ചുങ്കത്തറയില്‍ ഭരണം നഷ്ടമായതിന് പിന്നാലെ കൂറുമാറിയ അംഗത്തിന്റെ ഭര്‍ത്താവിന് ഭീഷണിയുമായി സിപിഎം ഏരിയ സെക്രട്ടറി.
പഞ്ചായത്ത് അംഗം നുസൈബയുടെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാലയെയാണ് സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. അന്‍വറിനോടൊപ്പം നിന്നാല്‍ ഭാവിയില്‍ ഗുരുതര വിഷയങ്ങള്‍ ഉണ്ടാകുമെന്നും പാര്‍ട്ടിയെ കുത്തിയാണ് പോകുന്നത് എന്ന് ഓര്‍ക്കണമെന്നും രവീന്ദ്രന്‍ പറയുന്നുണ്ട്.
പി.വി അന്‍വറിനൊപ്പം നിന്നാല്‍ ഗുരുതര ഭവിഷത്ത് ഉണ്ടാകും. പാര്‍ട്ടിയെ കുത്തിയാണ് പോകുന്നത് ഓര്‍ത്തു വച്ചോ. ഒരു ദാക്ഷിണ്യവും നിന്നോടോ നിന്റെ കുടുംബത്തിനോടോ ഉണ്ടാവില്ല. ഞങ്ങള്‍ ഇനി ഒരുങ്ങി നില്‍ക്കും. സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറിയാണ് പറയുന്നത്. കരുതിയിരുന്നോ. നിങ്ങള്‍ അന്‍വറിന്റെ പിന്നാലെയല്ലേ നടക്കുന്നത്? അങ്ങനെത്തന്നെ നടന്നോ. നമുക്ക് നോക്കാം. അന്‍വര്‍ എന്താണ് എന്നത് എനിക്കറിയാം. സ്വന്തം കാര്യത്തിനുവേണ്ടിമാത്രം നില്‍ക്കുന്നയാളാണയാള്‍. ഞങ്ങള്‍ക്ക് ആറോ എട്ടോ മാസം ഭരണം പോകുമെന്നേയുള്ളൂ. കരുതിയിരുന്നോളൂ’ എന്ന് രവീന്ദ്രന്‍ സംഭാഷണത്തില്‍ പറയുന്നു.
ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചുങ്കത്തറയില്‍ പാസായത്. അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീര്‍ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. ഇതോടെയാണ് ഭര്‍ത്താവ് സുധീറിന് നേരെ ഭീഷണി സന്ദേശമെത്തിയത്.
അവിശ്വാസ പ്രമേയം പാസാക്കുന്നതിന് മുമ്പ് നുസൈബ സുധീറിനെ കാണാനില്ലെന്ന പരാതിയുമായി സിപിഎം രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നുസൈബ നില്‍ക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം ചെയര്‍മാന്‍ സുധീര്‍ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. പി വി അന്‍വറിന്റെ ഇടപെടലോടെയായിരുന്നു നുസൈബ യുഡിഎഫിന് അനുകൂല നിലപാട് സ്വീകരിച്ചത്.