• Tue. Dec 2nd, 2025

24×7 Live News

Apdin News

ചെന്നൈയിൽ മെട്രോ ട്രെയിൻ തുരങ്കത്തിനുള്ളിൽ കുടുങ്ങി; ട്രാക്കിൽ ഇറങ്ങി നടന്ന് യാത്രക്കാർ, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Byadmin

Dec 2, 2025



ചെന്നൈ: മെട്രോ ട്രെയിൻ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതോടെ യാത്രക്കാർ ആശങ്കയിലായി. ചൊവ്വാഴ്ച പുലർച്ചെ വികോം നഗറിലേക്ക് പോകുകയായിരുന്ന മെട്രോ ട്രെയിനാണ് തുരങ്കത്തിൽ കുടുങ്ങിയത്. മെട്രോ റെയിലിന്റെ ബ്ലു ലൈനിൽ സാങ്കേതിക തകരാർ നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്.

ട്രെയിൻ നിശ്ചലമായി പത്ത് മിനിറ്റിനു ശേഷം 500 മീറ്റർ അകലെയുള്ള ഹൈക്കോടതി സ്‌റ്റേഷനിലേക്ക് നടക്കാൻ അറിയിപ്പ് ലഭിച്ചതായി യാത്രക്കാർ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി. തുരങ്കത്തിനുള്ളിലെ ട്രാക്കിലൂടെ കൈയിലുള്ള ഫ്ലാഷ് ലൈറ്റുകൾ തെളിയിച്ച് നടക്കുന്ന യാത്രക്കാരെ ദൃശ്യങ്ങളിൽ കാണാം.

സെൻട്രൽ മെട്രോയ്‌ക്കും ഹൈക്കോടതി സ്റ്റേഷനും ഇടയിലുള്ള തുരങ്കത്തിലെത്തിയപ്പോൾ ട്രെയിൻ നിശ്ചലമാവുകയായിരുന്നു. ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിനും വികോം നഗർ ഡിപ്പോയ്‌ക്കും ഇടയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ട്രെയിനിൽ വൈദ്യുതി ഇല്ലായിരുന്നെന്ന് യാത്രക്കാർ പരാതിപ്പെട്ടു. 6.30ഓടെ സേവനങ്ങൾ സാധാരണ നിലയിലായതായി ചെന്നൈ മെട്രോ റെയിൽ എക്‌സിലൂടെ അറിയിച്ചു. ‘ബ്ലൂ ലൈനിലെ എയർപോർട്ടിനും വിംകോ നഗർ ഡിപ്പോയ്‌ക്കും ഇടയിലുള്ള മെട്രോ ട്രെയിൻ സർവീസുകൾ സാധാരണ പ്രവർത്തനം പുനരാരംഭിച്ചു.

പുരട്ചി തലൈവർ ഡോ. എം.ജി. രാമചന്ദ്രൻ സെൻട്രൽ മെട്രോ മുതൽ ഗ്രീൻ ലൈനിലെ സെന്റ് തോമസ് മൗണ്ട് വരെയുള്ള സർവീസുകളും സാധാരണ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുന്നു – ചെന്നൈ മെട്രോ റെയിൽ എക്‌സിൽ കുറിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.



By admin