കോഴിക്കോട്: ജപ്തി ഭീഷണിയിലുള്ള വീട് ബാങ്ക് ജീവനക്കാരെത്തി പൂട്ടിപോയതിനാൽ സ്ക്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്. കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശി റിയാസിനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ നേരിട്ടത്. പതിനൊന്നും പതിനാറും വയസുള്ള രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തെ താത്കാലികമായി പുനരധിവസിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ബാങ്ക് ജീവനക്കാർ പൊലീസുമായി ചെങ്ങോട്ടുകാവിലെ റിയാസിന്റെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന കുട്ടികളെയുൾപ്പെടെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്നിറക്കിയ ശേഷം ഗേറ്റ് താഴിട്ടു പൂട്ടുകയായിരുന്നു. തുടർന്നാണ് കുടുംബം തൊട്ടടുത്ത സ്ക്കൂൾ വരാന്തയിൽ അഭയം തേടിയത്.
മുസ്‌ലിം ലീഗ് നഗരസഭ കൗൺസിലർ സാദിഖിന്റെ നേതൃത്വത്തിൽ കുടുംബത്തെ തത്കാലം ഒരു വീട്ടിലേക്ക് മാറ്റി. സ്വകാര്യ ബാങ്കിൽ നിന്നും ലോണെടുത്ത 44 ലക്ഷം രൂപയിൽ 32 ലക്ഷം റിയാസ് തിരിച്ചടച്ചു. പ്രവാസിയായ റിയാസിന് കോവിഡ് പ്രതിസന്ധിയിൽ ഖത്തറിലെ ജോലി നഷ്ടമായതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ടെങ്കിലും ബാങ്കധികൃതർ നൽകിയില്ലെന്നും റിയാസ് ആരോപിച്ചു.