
പട്ന::യാദവകുടുംബങ്ങളുടെ ശക്തികേന്ദ്രമായ രാഘോപൂര്‍ മണ്ഡലത്തില്‍ മത്സരിച്ച ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ജയിച്ചത് കഷ്ടിച്ച് 11000 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. 2020ല്‍ തേജസ്വി യാദവ് ഇതേ മണ്ഡലത്തില്‍ സതീഷ് കുമാറിനെ 38000ല്‍ പരം വോട്ടുകള്‍ക്ക് തോല്‍പിച്ച മണ്ഡലമാണ് ഇതെന്നോര്‍ക്കണം. അധികാരത്തോടുള്ള അമിതമായ ആര്‍ത്തിയും അഹങ്കാരവും കൈവിടാന്‍ സമയമായി എന്നതാണ് രാഘോപൂരിലെ ജനങ്ങള്‍ തേജസ്വിയെ പഠിപ്പിച്ചിരിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രാഷ്‌ട്രീയക്കാരെ മാത്രമാണ് ജനങ്ങള്‍ ഇഷ്ടപ്പെടുക.
ഇവിടെ രാവിലെ മുതല്‍ ബിജെപിയുടെ സതീഷ് കുമാര്‍ പല കുറി തേജസ്വി യാദവിനെ ഞെട്ടിച്ച് മുന്നിലെത്തി. അതായത് പരമ്പരാഗതമായി ലാലു കുടുംബത്തിന് ഒപ്പം നില്‍ക്കുന്ന യാദവര്‍ പോലും തേജസ്വിയെ കൈവിട്ടു എന്നാണ് ഫലം നല്‍കുന്ന സൂചനകള്‍.
തേജസ്വി യാദവിന്റെ മണ്ഡലത്തില്‍ ബിജെപി നടത്തിയ മുന്നേറ്റം ബീഹാറിന്റെ മൊത്തത്തിലുള്ള ചിത്രമാണ് കാട്ടിത്തന്നത്. യാദവ് വോട്ടുകളില്‍ പോലും ബിജെപി-ജെഡിയു സഖ്യമായ എന്‍ഡിഎമുന്നണിയ്‌ക്ക് വിള്ളല്‍ വീഴ്‌ത്താന്‍ കഴിഞ്ഞു എന്നത് തേജസ്വി യാദവിലുള്ള ജനങ്ങളുടെ അവിശ്വാസം തന്നെയാണ് പുറത്തുകൊണ്ടുവരുന്നത്.