
തിരുവനന്തപുരം: കാന്‍സര്‍ രോഗംബാധിച്ച് ഗുരുതരാവസ്ഥയിലായി ചികിത്സയ്‌ക്കും മരുന്നിനും പണമില്ലാതെ ദിനംപ്രതി പെരുകുന്ന കടവുമായി ഒരമ്മ. പണമില്ലാത്തതിനാല്‍ ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന മകളെ ആശങ്കയോടെ ചേര്‍ത്തുപിടിച്ച് ഇനിയെന്തെന്ന ആധിയോടെ അനിശ്ചിതത്വത്തിലേക്ക് ഉറ്റുനോക്കുകയാണ് കുറവന്‍കോണം വിന്‍ഡ്‌സന്‍ മാന്‍ഷനില്‍ ഫഌറ്റ് നമ്പര്‍ 7 ബിയില്‍ താമസിക്കുന്ന സന്ധ്യാരവി. പാന്‍ക്രിയാസ്, മജ്ജ മാറ്റിവയ്‌ക്കല്‍ സര്‍ജറികള്‍ക്കായി 18 ലക്ഷം രൂപയിലേറെ വേണം.
ഒന്നര വര്‍ഷമായി ഫഌറ്റിന് വാടക നല്‍കിയിട്ട്. സ്വന്തമായി വസ്തുവോ വീടോ ഇല്ല. ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനുപോലും വകയില്ല. കടം നല്‍കുന്നതിന് പലവ്യഞ്ജനക്കടക്കാരന്‍ 6000 രൂപ എന്ന പരിധി നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. അതുകഴിയാറായി. അതോടെ അന്നവും മുടങ്ങും. രോഗം ഗുരുതരാവസ്ഥയിലായതിനാല്‍ ജിമ്മിലെ ട്രെയ്‌നര്‍ എന്ന ജോലിയും തുടരാനായില്ല. ബിബിഎ കോഴ്‌സ് തുടരാന്‍ പണമില്ലാത്തതിനാല്‍ ഒരുവര്‍ഷം കഴിഞ്ഞ് പഠനമുപേക്ഷിച്ച് അമ്മയെ ശുശ്രൂഷിക്കാന്‍ ഒപ്പംനില്‍ക്കുന്ന മകളെ ചേര്‍ത്തുപിടിച്ച് വിതുമ്പുകയല്ലാതെ സന്ധ്യയ്‌ക്ക് മുന്നില്‍ വേറെ വഴിയില്ല. വാടക നല്‍കാത്തതിനാല്‍ വീടൊഴിയാന്‍ നിര്‍ബന്ധമേറുന്നു. പക്ഷേ എങ്ങോട്ടുപോകാന്‍.
ഷുഗര്‍ ലെവല്‍ 500 നോട് അടുത്തു നില്‍ക്കുന്നു. മരുന്ന് കഴിക്കാന്‍ വകയില്ല. ക്യാന്‍സറിനുള്ള മരുന്നിന് മാത്രം മാസം നാലായിരം രൂപയിലേറെ വേണം. പാന്‍ക്രിയാസിനും മജ്ജ മാറ്റിവയ്‌ക്കലിനുമുള്ള സര്‍ജറി നിര്‍ദ്ദേശിച്ചുണ്ടെങ്കിലും ഒരുവഴിയുമില്ല. അന്നന്നത്തെ അത്താഴത്തിനുപോലും വഴിയില്ലാത്ത അവസ്ഥയിലാണ്. തലചായ്‌ക്കാനൊരിടം വേണം. മകള്‍ ഒറ്റപ്പെടാന്‍ പാടില്ല. പഠനം തുടരണം, തന്റെ അസുഖങ്ങള്‍ ചികിത്സിച്ച് ഭേദമാക്കണം, സ്ഥിര വരുമാനം വേണം. ആവശ്യങ്ങളേറെയുണ്ട്. പക്ഷേ, ഇതെല്ലാം നടക്കണമെങ്കില്‍ സുമനസുകള്‍ കനിയണം.
കാനറാബാങ്കില്‍ സന്ധ്യാരവിയുടെ പേരില്‍ 110203277799 നമ്പരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐഎഫ്‌സി കോട് സിഎന്‍ആര്‍ബി0005115. ഗുഗിള്‍ പേ നമ്പര്‍ 9497506297.