• Sun. Jul 20th, 2025

24×7 Live News

Apdin News

ട്രിമ 2025 മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ജൂലൈ 30, 31 ന് തിരുവനന്തപുരത്ത് ; വിവിധ മേഖലകളിലെ വിദഗ്ധര്‍ പ്രഭാഷകരായെത്തും

Byadmin

Jul 19, 2025



തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ (ടിഎംഎ) സംഘടിപ്പിക്കുന്ന ട്രിമ 2025 വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ജൂലൈ 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടിഎംഎയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഹോട്ടല്‍ ഒ ബൈ താമരയില്‍ നടക്കുന്ന കണ്‍വെന്‍ഷന്റെ പ്രമേയം ‘ലീഡര്‍ഷിപ്പ് ഫോര്‍ എമര്‍ജിംഗ് വേള്‍ഡ് – നാവിഗേറ്റിംഗ് ടെക്നോളജി, എന്‍റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍ വെല്‍-ബീയിംഗ്’ എന്നതാണ്.

1985 ല്‍ സ്ഥാപിതമായ ടിഎംഎ മാനേജ്മെന്‍റ് മികവ് പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനം വളര്‍ത്തുന്നതിനും പ്രതിജ്ഞാബദ്ധരായ സിഇഒമാര്‍, വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ മുന്‍നിര മാനേജ്മെന്‍റ് അസോസിയേഷനുകളില്‍ ഒന്നാണ്. അഖിലേന്ത്യാ മാനേജ്മെന്‍റ് അസോസിയേഷനില്‍ (എഐഎംഎ) ടിഎംഎ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

അത്യാധുനിക സാങ്കേതികവിദ്യകളും സുസ്ഥിര രീതികളും ഉപയോഗിച്ച് സംസ്ഥാനത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി കേരളത്തിന്റെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിലാണ് കണ്‍വെന്‍ഷനിലെ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടിഎംഎ പ്രസിഡന്‍റ് ജി ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഭാവിയെ മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്ന നേതൃത്വനിരയ്‌ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും. വിവിധ മേഖലകളിലെ വിദഗ്ധര്‍ കണ്‍വെന്‍ഷനില്‍ പ്രഭാഷകരായെത്തി ഉള്‍ക്കാഴ്ചകള്‍ പങ്കിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദ്രുത സാങ്കേതിക മാറ്റങ്ങള്‍ സ്വീകരിക്കുന്നതിനും നവീകരണവും സംരംഭകത്വവും വളര്‍ത്തുന്നതിനും നിര്‍ണായക സാമൂഹിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള കാഴ്ചപ്പാടുകളുടെ പ്രാധാന്യം പരിപാടി മുന്നോട്ടുവയ്‌ക്കുമെന്ന് ട്രിമ 2025 ചെയര്‍മാന്‍ ഡോ. എം. അയ്യപ്പന്‍ പറഞ്ഞു.

ടിഎംഎ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഗോപിനാഥ്, ട്രിമ 2025 കോ-ചെയര്‍ ഹരികേഷ് പി സി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

രണ്ട് ദിവസത്തെ പരിപാടിയുടെ സമാപന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി മുഖ്യാതിഥിയായിരിക്കും.

കേരളത്തെ ബാധിക്കുന്ന നിര്‍ണായക പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനുള്ള വേദിയായി ട്രിമ 2025 മാറും. മാനേജ്മെന്‍റ്-വ്യവസായ പ്രമുഖര്‍, നയരൂപീകരണ-അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

‘ഊര്‍ജ്ജസ്വലമായ നേതൃത്വത്തിനായി മാറ്റങ്ങളെയും നവീകരണത്തെയും സ്വീകരിക്കല്‍’, ‘ടെക് ഡിസ്റപ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ എവല്യൂഷന്‍: എഐ, ഓട്ടോമേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രി 4.0’, ‘സാമൂഹ്യക്ഷേമം സാധ്യമാക്കുന്നതിനായുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യല്‍’, ‘ആഗോള വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക്’, ‘ഇറ്റ്സ് ആള്‍ എബൗട്ട് ഇന്നൊവേഷന്‍ സക്സസ് ആന്‍ഡ് ഗ്രോത്ത്’ എന്നിവ ട്രിമ 2025 ലെ പ്രധാന സെഷനുകളില്‍ ഉള്‍പ്പെടുന്നു.

വ്യവസായ സമൂഹത്തിന്റെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചയ്‌ക്കായുള്ള പ്രധാന വിഷയങ്ങള്‍ തെരഞ്ഞെടുത്തതെന്നും വിവിധ മേഖലകളിലുള്ള സംഘടനകള്‍ക്ക് കണ്‍വെന്‍ഷന്‍ ആകര്‍ഷകവും പ്രയോജനകരവുമാക്കാന്‍ ഇത് സഹായിക്കുമെന്നും ടിഎംഎ ഭാരവാഹികള്‍ വ്യക്തമാക്കി.

വിവിധ മേഖലകളിലെ വിദഗ്ധര്‍ പ്രഭാഷകരായി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. സതേണ്‍ എയര്‍ കമാന്‍ഡിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന, മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, എയര്‍ മാര്‍ഷല്‍ (റിട്ട) ഐപി വിപിന്‍ എന്നിവര്‍ പ്രധാന സെഷനുകളില്‍ സംസാരിക്കും.

കേരള ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍, എസ്ബിഐ തിരുവനന്തപുരം സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഭുവനേശ്വരി എ, ക്ലസ്റ്റര്‍ യൂണിവേഴ്സിറ്റി ഓഫ് ജമ്മു വി സി ഡോ. കെ. എസ്. ചന്ദ്രശേഖര്‍, കാലിക്കറ്റ് ഐഐഎം പ്രൊഫസറും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള മുന്‍ വൈസ് ചാന്‍സലറുമായ ഡോ. സജി ഗോപിനാഥ്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി ശ്രീജിത്ത്, അദാനി- വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രദീപ് ജയരാമന്‍, കിംസ്ഹെല്‍ത്ത് സിഎംഡി ഡോ. എം.ഐ സഹദുള്ള, മുംബൈ അവലോണ്‍ കണ്‍സള്‍ട്ടിംഗ് ചെയര്‍മാന്‍ രാജ് നായര്‍, ഗൂഗിള്‍ ക്ലൗഡ് ഇന്ത്യ എംഡി ശശികുമാര്‍ ശ്രീധരന്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി അജു ജേക്കബ്, സഫിന്‍ ഇന്ത്യ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറും എംഡിയുമായ സുജ ചാണ്ടി, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസറായ ഡോ. അരുണ്‍ ബി നായര്‍, ഐബിഎം കൊച്ചി എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിനോദ് ഖാദര്‍, ഹെക്സ് 20 ലാബ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ലോയ്ഡ് ജേക്കബ് ലോപ്പസ്, ജെന്‍ റോബോട്ടിക്സ് ഇന്നൊവേഷന്‍സ് ഡയറക്ടറും സിഇഒയുമായ വിമല്‍ ഗോവിന്ദ് എംകെ എന്നിവരും പ്രഭാഷകരായെത്തും.

ശാസ്ത്രം, മാനേജ്മെന്‍റ്, സാങ്കേതികവിദ്യ, സാമൂഹിക വികസനം എന്നിവ തമ്മിലുള്ള വൈജ്ഞാനിക കൈമാറ്റത്തിനുള്ള വേദിയായി ട്രിമ 2025 മാറുമെന്ന് ടിഎംഎ ഭാരവാഹികള്‍ പറഞ്ഞു. വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ഇന്നൊവേറ്റേഴ്സ് തുടങ്ങിയവര്‍ പ്രതിനിധികളുമായി കാഴ്ചപ്പാടുകള്‍ പങ്കുവയ്‌ക്കും. നവീകരണവും സാമൂഹിക ഉത്തരവാദിത്തവും പ്രയോജനപ്പെടുത്തുന്നതിന് ഇത് പ്രതിനിധികളെ സഹായിക്കും. സംഘടനകളുടെ പങ്കാളിത്തം കണ്‍വെന്‍ഷന് വിലമതിക്കാനാവാത്തതാണെന്നും പരസ്പരം പ്രയോജനകരമായ നിര്‍ദ്ദേശങ്ങള്‍ ഈ പരിപാടിയിലൂടെ മുന്നോട്ടുവയ്‌ക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ട്രിമ 2025-ന്റെ ഭാഗമായി കമ്പനികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും ടിഎംഎ-സിഎസ്ആര്‍ അവാര്‍ഡിനും, സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ടിഎംഎഅദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചിരുന്നു. വളര്‍ന്നുവരുന്ന മാനേജ്മെന്‍റ് മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് ടിഎംഎ കിംസ്ഹെല്‍ത്ത് തീം പ്രസന്‍റേഷന്‍ അവാര്‍ഡ് നല്‍കും.

By admin