• Fri. Sep 27th, 2024

24×7 Live News

Apdin News

ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍, കമ്പ്യൂട്ടിംഗ് ശേഷി ദേശീയ ശേഷിയുടെ പര്യായം: നരേന്ദ്ര മോദി

Byadmin

Sep 27, 2024


ന്യൂദല്‍ഹി:30 കോടി രൂപ വിലമതിക്കുന്ന മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി  രാജ്യത്തിന് സമര്‍പ്പിച്ചു. നാഷണല്‍ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്റെ (എന്‍എസ്എം) കീഴില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ശാസ്ത്ര ഗവേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്. കാലാവസ്ഥയ്‌ക്കും കാലാവസ്ഥാ ഗവേഷണത്തിനും അനുയോജ്യമായ ഹൈ-പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യക്ക് വലിയ നേട്ടമാണ് ഇന്ന് ലഭിച്ചിരിക്കുന്നതെന്നും ഗവേഷണത്തിനും വികസനത്തിനും മുന്‍ഗണന നല്‍കിയ രാജ്യത്തിന്റെ പുരോഗതിയുടെ പ്രതിഫലനമാണിതെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

”ഇന്നത്തെ ഇന്ത്യ സാധ്യതകളുടെ അനന്തമായ ചക്രവാളത്തില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്,” പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.  ഹൈ-പെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനമായ ‘അര്‍ക്ക’, ‘അരുണിക’ എന്നിവയ്‌ക്കു തുടക്കമിട്ടതിനെക്കുറിച്ചും സംസാരിച്ചു. കാലാവസ്ഥയ്‌ക്കും കാലാവസ്ഥാ ഗവേഷണത്തിനുമായി തയ്യാറാക്കപ്പെട്ടവയാണ് ഇവ. മുഴുവന്‍ ശാസ്ത്ര സമൂഹത്തിനും എൻജിനീ യര്‍മാര്‍ക്കും എല്ലാ പൗരന്മാര്‍ക്കും പ്രധാനമന്ത്രി തന്റെ ആശംസകള്‍ അറിയിച്ചു.

മൂന്നാം ടേമിന്റെ തുടക്കത്തില്‍ യുവാക്കള്‍ക്കായി 100 ദിവസങ്ങള്‍ കടന്ന് 25 ദിവസങ്ങള്‍ അധികമായി അനുവദിച്ചത് അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ രാജ്യത്തെ യുവജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. രാജ്യത്തെ യുവ ശാസ്ത്രജ്ഞര്‍ക്ക് ഇത്തരം അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുന്നതില്‍ ഈ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം അടിവരയിട്ടു. ഭൗതികശാസ്ത്രം, ഭൗമശാസ്ത്രം, പ്രപഞ്ചശാസ്ത്രം എന്നീ മേഖലകളിലെ നൂതന ഗവേഷണങ്ങളെ സഹായിക്കുന്നതില്‍ അതിന്റെ ഉപയോഗം എടുത്തുപറഞ്ഞു. ഇത്തരം മേഖലകള്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഭാവി വിഭാവനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലഘട്ടത്തില്‍, കമ്പ്യൂട്ടിംഗ് ശേഷി ദേശീയ ശേഷിയുടെ പര്യായമായി മാറുകയാണ്’ എന്നു പറഞ്ഞ പ്രധാനമന്ത്രി ഗവേഷണം, സാമ്പത്തിക വളര്‍ച്ച, രാജ്യത്തിന്റെ സഞ്ചിതശേഷി, ദുരന്ത പരിപാലനം, ജീവിത സൗകര്യം, ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം എന്നിവയിലെ അവസരങ്ങള്‍ക്കായി ശാസ്ത്ര സാങ്കേതിക വിദ്യകളേയും കമ്പ്യൂട്ടിംഗ് കഴിവുകളേയും നേരിട്ട് ആശ്രയിക്കുന്നത് ചൂണ്ടിക്കാട്ടി. ഇന്‍ഡസ്ട്രി 4.0-ല്‍ ഇന്ത്യയുടെ വികസനത്തിന്റെ അടിസ്ഥാനം ഇത്തരം വ്യവസായങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിഹിതം ബിറ്റുകളിലും ബൈറ്റുകളിലും ഒതുങ്ങാതെ ടെറാബൈറ്റുകളിലേക്കും പെറ്റാബൈറ്റുകളിലേക്കും വ്യാപിപ്പിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിനാല്‍, ഇന്ത്യ ശരിയായ ദിശയിലാണ് മുന്നേറുന്നത് എന്നതിന്റെ തെളിവാണ് ഇന്നത്തെ അവസരമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെ ഇന്ത്യയ്‌ക്ക് ലോകത്തിന്റെ മറ്റു ഭാഗങ്ങളുടെ കഴിവുകളുമായി പൊരുത്തപ്പെട്ടുകൊണ്ടു മാത്രം തൃപ്തിപ്പെടാനാവില്ലെന്നും എന്നാല്‍ ശാസ്ത്രീയ ഗവേഷണത്തിലൂടെ മാനവരാശിയെ സേവിക്കാനുള്ള ഉത്തരവാദിത്തമുള്ളതായി കരുതുന്നുവെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ‘ഗവേഷണത്തിലൂടെയുള്ള ആത്മനിര്‍ഭരത (സ്വാശ്രയത്വം), സ്വാശ്രയത്വത്തിനായി ശാസ്ത്രം എന്നിവയാണ് ഇന്ത്യയുടെ മന്ത്രമെന്ന് ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ ചരിത്രപരമായ കാമ്പെയ്നുകള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഭാവി തലമുറയില്‍ ശാസ്ത്രബോധം ശക്തിപ്പെടുത്തുന്നതിനായി സ്‌കൂളുകളില്‍ പതിനായിരത്തിലധികം അടല്‍ ടിങ്കറിംഗ് ലാബുകള്‍ സൃഷ്ടിക്കുന്നതും എസ് റ്റി ഇ എം വിഷയങ്ങളിലെ വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പുകള്‍ വര്‍ദ്ധിപ്പിക്കുന്നതും ഈ വര്‍ഷത്തെ ബജറ്റില്‍ ഒരു ലക്ഷം കോടി രൂപയുടെ ഗവേഷണ ഫണ്ട് അദ്ദേഹം പരാമര്‍ശിച്ചു. 21-ാം നൂറ്റാണ്ടിലെ ലോകത്തെ അതിന്റെ നൂതനാശയങ്ങളിലൂടെ ശാക്തീകരിക്കാന്‍ ഇന്ത്യക്കു സാധിക്കുക എന്ന ലക്ഷ്യത്തിന് അദ്ദേഹം അടിവരയിട്ടു.



By admin