
കോഴിക്കോട്: താമരശ്ശേരി ബിഷപ്പിന് വധഭീഷണി അയച്ച് ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്സ് എന്ന സംഘടന. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്റെ ഓഫീസിലാണ് കത്ത് ലഭിച്ചത്.
ഈ പേരില്‍ ഒരു സംഘടനയുണ്ടോ, ആരെങ്കിലും വ്യാജമായി ഇത്തരം ഒരു കത്ത് തയ്യാറാക്കിയതാണോ എന്നീ കാര്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഇപ്പോള്‍ ആസ്ത്രേല്യയില്‍ ഓസ്ട്രേലിയൻ പര്യടനത്തിലാണ് താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ. പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങി.
ഈയടുത്ത് കാലത്തുണ്ടായ ഹിജാബ് വിവാദം വരെ കത്തില്‍ ഉണ്ടെന്നും പറയപ്പെടുന്നു. ബിഷപ്പിനെതിരെ വധഭീഷണി മുഴക്കുന്നതോടൊപ്പം സമുദായ സ്പര്‍ധ ലക്ഷ്യമാക്കിയുള്ള പരാമര്‍ശങ്ങളുമുണ്ട് ഈ കത്തില്‍. ക്രൈസ്തവ സമുദായത്തിനെതിരെയും കത്തില്‍ ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.
ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ അബ്ദുൽ റഷീദ് എന്നയാളാണ് കത്തയച്ചത്. കത്തില്‍ ഈരാറ്റുപേട്ടയിലെ മേല്‍വിലാസമാണുള്ളത്. ക്രൈസ്തവ സമുദായത്തിനെതിരെയാണ് കത്തിലെ പരാമർശങ്ങൾ.