തെലങ്കാന നാഗര്‍കുര്‍ണൂളില്‍ ടണലില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടം നടന്ന് അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും തൊഴിലാളെ രക്ഷിക്കാനായിട്ടില്ല. ടണലില്‍ നിറഞ്ഞുകിടക്കുന്ന ചെളിയാണ് രക്ഷപ്രവര്‍ത്തനത്തിന്റെ പ്രധാന തടസ്സം.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ഇതുവരെയും ആശയവിനിമയം നടത്താന്‍ പോലും സാധിച്ചിട്ടില്ല. എന്നാല്‍, രക്ഷാപ്രവര്‍ത്തനം രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാം എന്ന പ്രതീക്ഷയിലാണ് തെലങ്കാന സര്‍ക്കാര്‍. ചെളിമാറ്റി തിരയാന്‍ തീരുമാനിച്ചതിനാല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാകുമെന്ന് തെലങ്കാന ജലസേചന മന്ത്രി എന്‍. ഉത്തംകുമാര്‍ റെഡ്ഡി അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ടണല്‍ ബോറിംഗ് മെഷീന്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് കഷണങ്ങളാക്കി മാറ്റും.
എന്നാല്‍ ടണലില്‍ കുടുങ്ങിയവരെ ജീവനോടെ രക്ഷിക്കാന്‍ സാധിക്കുമോ എന്നതില്‍ ദൗത്യസംഘവും ഉറപ്പുനല്‍കുന്നില്ല. കഴിഞ്ഞ ശനിയാഴ്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ എട്ടു തൊഴിലാളികളാണ് ദിവസങ്ങളായി ടണലില്‍ കുടുങ്ങിക്കിടക്കുന്നത്.