കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍വെച്ച് ഷോക്കേറ്റുമരിച്ച എട്ടാംക്ലാസ്സുകാരന്‍ മിഥുന്റെ മൃതദേഹം തേവലക്കരയിലെ വീട്ടിലെത്തിച്ചു. സംസ്‌ക്കാരം വൈകിട്ട് അഞ്ചുമണിയോടെ വീട്ടുവളപ്പില്‍ നടക്കും. മിഥുന്‍ പഠിച്ച തേവലക്കര ബോയ്‌സ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് വീട്ടിലെത്തിച്ചത്. വിദേശത്തുള്ള മിഥുന്റെ മാതാവും വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
തേവലസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മിഥുനെ അവസാനമായി ഒരുനോക്കുകാണാന്‍ നൂറുകണക്കിന് ആളുകളാണ് തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എത്തിയത്. പലര്‍ക്കും കണ്ണീര്‍ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല. സ്‌കൂളിലെ മിഥുന്റെ സഹപാഠികളും സ്‌കൂളിലെ മുന്‍ അ്ദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം കണ്ണീരോടെയാണ് മിഥുന് അന്ത്യാജ്ഞലി അര്‍പ്പിച്ചത്. കാത്തുനിന്ന മുഴുവന്‍ ജനങ്ങളെയും കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്ന മിഥുന്റെ ഭൗതീകശരീരം വീട്ടിലേക്ക് എത്തിച്ചത്. രാവിലെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായിട്ടാണ് സ്‌കൂളിലേക്കും അതിന് ശേഷം വീട്ടിലേക്കും എത്തിച്ചത്. ഏറെ പണിപ്പെട്ടായിരുന്നു മിഥുന്റെ മനുഭവനം എന്ന കൊച്ചുവീട്ടിലേക്ക് മൃതദേഹം കയറ്റിവെച്ചത്.
വ്യാഴാഴ്ചയായിരുന്നു മിഥുന്‍ സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരണമടഞ്ഞത്. സ്കൂളിലെ സഹപാഠികളില്‍ ഒരാളുടെ ചെരിപ്പ് സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണതിനെ തുടര്‍ന്ന് അത് എടുക്കാന്‍ കയറിയ മിഥുന്‍ ഷെഡ്ഡിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിലേക്ക് തെന്നി വീണു ഷോക്കടിക്കുകയായിരുന്നു. വിദേശത്ത് ജോലിക്ക് പോയ മിഥുന്റെ മാതാവ് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ അവര്‍ കൊച്ചിയില്‍ വിമാനമിറങ്ങിയിരുന്നു.