കേരളത്തില്‍ അതിദാരിദ്ര്യം മാത്രമേ മാറിയിട്ടുള്ളൂവെന്നും ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിലുണ്ടെന്നും നേട്ടങ്ങളെല്ലാം നേടിയത് സാമൂഹ്യബോധത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് മമ്മൂട്ടി. കേരളം തന്നേക്കാള്‍ ചെറുപ്പമാണെന്നും തോളോട് തോള്‍ ചേര്‍ന്ന് ദാരിദ്ര്യത്തെ നേരിടാമെന്നും വിശക്കുന്ന വയറിന് മുന്നില്‍ ഒരു വികസനത്തിനും വിലയില്ലെന്നും മമ്മൂട്ടി പറഞ്ഞു.
‘കേരളം തന്നേക്കാള്‍ ചെറുപ്പമാണ്. കേരളത്തിന്റെ പല സൂചികകളും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. വികസനം എന്ന് പറയുമ്പോള്‍ ആരുടെ വികസനമാണ്. വികസിക്കേണ്ടത് സാമൂഹ്യജീവിതമാണ്. രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മിക്കുന്നതുകൊണ്ട് വികസനം സാധ്യമാകുന്നില്ല. വികസനം പൂര്‍ണതോതില്‍ എത്തണമെങ്കില്‍ ദാരിദ്ര്യത്തെ പരിപൂര്‍ണമായും തുടച്ചുമാറ്റണം. അത്തരത്തിലുള്ള സ്ഥലങ്ങളില്‍ എന്റെ അറിവില്‍ അപൂര്‍വമായിട്ടേയുള്ളൂ.. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമാണെങ്കിലും വിശക്കുന്ന വയറിന് മുന്നില്‍ ഒരു വികസനത്തിനും വിലയില്ല. എല്ലാവര്‍ക്കും കേരളപ്പിറവി ദിനാശംസകളും ഇന്ന് ജനിച്ചവര്‍ക്ക് ജന്മദിനാശംസകളും’ മമ്മൂട്ടി പറഞ്ഞു. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി പൊതുപരിപാടിയില്‍ പങ്കെടുത്തത്.