• Sun. Jul 20th, 2025

24×7 Live News

Apdin News

ദിവസം 4 അയോദ്ധ്യാകാണ്ഡം

Byadmin

Jul 20, 2025



ശ്രീരാമാഭിഷേകാരംഭം
അയോദ്ധ്യയിലെ രാജകീയജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു. ദശരഥൻ, തന്റെ മക്കളോടും അവരുടെ ഭാര്യമാരോടും കൂടി ഐശ്വര്യസമ്പത്സമൃദ്ധമായി രാജ്യം ഭരിച്ചു. കൊട്ടാരത്തിൽ ശ്രീരാമനും സീതയും ചേർന്നുള്ള ജീവിതം മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും മഹത്തായ ചൈതന്യവിശേഷം അയോദ്ധ്യയിൽ സംജാതമാക്കി.

ഭരതനും ശത്രുഘ്നനും, അവരുടെ അമ്മാവനായ കേകയരാജാവ് യുധാജിത്തിന്റെ ക്ഷണപ്രകാരം ദൂരെയുള്ള അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് യാത്ര പുറപ്പെട്ടു. അയോദ്ധ്യയിലെ ജനങ്ങളും, രാജ്ഞി കൗസല്യയും രാമന്റെ നീതിയുക്തമായ പെരുമാറ്റവും ഭരണപാടവവും സീതയുടെ പക്വതയാർന്നതും സൗമ്യവുമായ ബുദ്ധിസാമർത്ഥ്യവും നന്നായി ആസ്വദിച്ചു. ഇത് ദശരഥന്റെ അയോദ്ധ്യയല്ല, ദേവനഗരമായ അമരാവതിതന്നെയാണെന്നപോലെ ശുഭ്രശോഭയോടെ വിളങ്ങിയിരുന്നു.

രാമൻ വളരെ ആഹ്ളാദത്തോടെ രാജകൊട്ടാരത്തിൽ ഏറ്റവും പ്രിയപ്പെട്ട രാജകുമാരനായി കഴിഞ്ഞുവന്നു. ഒരു മാതൃകാ പുത്രൻ, ഭർത്താവ്, രാജകുമാരൻ എല്ലാമായ രാമൻ ഒരു ദിനം ഉച്ചയൂണു കഴിഞ്ഞ് കൊട്ടാരത്തിൽ വിശ്രമിക്കവേ സീതാദേവി അദ്ദേഹത്തെ പനിനീരിൽ മുക്കിയ രാമച്ച വിശറികൊണ്ടു വീശി തന്റെ സൗഭാഗ്യത്തെപ്പറ്റി ഓർത്ത് മുഗ്‌ദ്ധയായി. അപ്പോൾ പെട്ടെന്നവിടെ നാരദ ഋഷി ആകാശത്ത് നിന്ന് തന്റെ ദിവ്യരഥത്തിൽ വന്നിറങ്ങി. രാമനും സീതയും ഉടൻ എഴുന്നേറ്റ്, കൈകൾ കൂപ്പി ആദരവോടെ അദ്ദേഹത്തെ സ്വാഗതം ചെയ്തു. പരമ്പരാഗതമായ രാജകീയ ആതിഥ്യം നൽകി. നാരദൻ, എപ്പോഴും എവിടെയും ഒരു ദിവ്യദൂതനായി, എന്നാൽ നർമ്മബോധത്തോടെയും അതിസാമർത്ഥ്യത്തോടെയുമാണ് സംസാരിക്കുക. “അല്ലയോ രാമ, അങ്ങേക്ക് എല്ലാം അറിയാം എങ്കിലും എന്റെ ആഗമനോദ്ദേശം എന്തെന്ന് ചോദിച്ചുവല്ലോ. ഒരു സുപ്രധാന കാര്യം ഓർമ്മപ്പെടുത്താനാണ് ഞാൻ ഇപ്പോൾ വന്നത്. അങ്ങിപ്പോൾ ഒരു സാധാരണ രാജകുമാരനെന്ന മട്ടിൽ ജീവിക്കുന്നു, ഒരു ചെറിയ രാജ്യത്തിന്റെ കാര്യങ്ങൾ നോക്കുന്നു. എന്നാൽ അവിടുന്ന് ഈ വിശ്വത്തിന്റെതന്നെ നാഥനാണ് എന്ന് തിരിച്ചറിഞ്ഞാലും. ഈ കൊട്ടാരം അങ്ങയുടെ ഭൂമിയിലെ ലീലകൾ കൊണ്ടാടാനുള്ള ഒരിടം മാത്രമാണ്. സീതയോ അങ്ങയുടെ നിത്യസഖിയുമാണ്. എല്ലാം പുരുഷഭാവവും നീയാകുന്നു. എല്ലാം സ്ത്രീത്വവും സീതയാണ്. എനിക്ക് അവിടുത്തെ മായാവിദ്യയ്‌ക്ക് അപ്പുറമുള്ള സത്തയെ തിച്ചറിയാനുള്ള ജ്ഞാനം നൽകി അനുഗ്രഹിച്ചാലും.”

നാരദൻ തുടർന്നു: “രാമാ, അങ്ങേയ്‌ക്കിപ്പോൾ ഒരു മനുഷ്യനായി സ്വയം തോന്നുന്നുവെങ്കിലും, അവിടുത്തെ ജീവിതദൗത്യം എന്തെന്ന് മറക്കരുത്. അതിശക്തനായ രാക്ഷസരാജാവ്, രാവണൻ, മൂന്ന് ലോകങ്ങളെയും ഭയപ്പെടുത്തിയും പീഡിപ്പിച്ചും തന്റെ ആധിപത്യം നടപ്പാക്കുന്നു. അങ്ങേയ്‌ക്ക് മാത്രമേ അവനെ പരാജയപ്പെടുത്താൻ കഴിയൂ. ഉടൻ തന്നെ ദശരഥൻ അങ്ങയെ യുവരാജാവായി അഭിഷേകം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. പക്ഷേ അത് അങ്ങയുടെ അവതാരദൗത്യത്തെ തടയുമെന്ന് ഓർക്കുക. ധർമ്മപരിപാലനത്തിനായാണ് അങ്ങ് ഇവിടെ ജനിച്ചിരിക്കുന്നത്.”

രാമൻ ശാന്തമായി മറുപടി പറഞ്ഞു, “മഹർഷേ ഞാൻ എന്റെ ധർമ്മം എന്തെന്ന് മറന്നിട്ടില്ല. എല്ലാം അതതിന്റെ സമയത്ത് നടക്കും. ഞാൻ താമസിയാതെ പതിനാല് വർഷത്തേയ്‌ക്ക് വനവാസത്തിനായി പുറപ്പെടും. അവിടെ ഞാൻ രാക്ഷസന്മാരെ സമൂലം നശിപ്പിച്ച് ഒടുവിൽ രാവണനെത്തന്നെ ഇല്ലാതാക്കും. ഇതിൽ സീതയുടെ പങ്ക് സുപ്രധാനമാണ്. അത് മുൻകൂട്ടി നിർണ്ണയിക്കപ്പെട്ടതുമാണ്. മഹാമുനേ, ഒട്ടും ഭയപ്പെടേണ്ട, ഞാൻ എന്റെ കർത്തവ്യം പൂർത്തിയാക്കുകതന്നെ ചെയ്യും.” നാരദൻ സ്വസ്ഥമായ മനസ്സോടെ മടങ്ങിപ്പോയി.

രാജകൊട്ടാരത്തിൽ ദശരഥമഹാരാജാവ് ഏറിവരുന്ന തന്റെ വാർദ്ധക്യത്തെപ്പറ്റി ആലോചിച്ച് യോഗ്യനായ ഒരു പിൻഗാമിയെ രാജ്യഭാരം എൽപ്പിക്കണമെന്ന് ആഗ്രഹിച്ചു. അതിനായുള്ള ഉപദേശം തേടാൻ ഗുരു വസിഷ്ഠനെ കൊട്ടാരത്തിൽ വരുത്തി. രാമനെ യുവരാജാവായി അഭിഷേകം ചെയ്യുകയാണ് ഏറ്റവും ഉത്തമം എന്ന് വസിഷ്ഠൻ അഭിപ്രായപ്പെട്ടു. അദ്ദേഹം രാമന്റെ നന്മകളെ പുകഴ്‌ത്തി സംസാരിക്കുകയും ചെയ്തു. ഭരതനും ശത്രുഘ്നനും അകലെയായിരുന്നുവെങ്കിലും, അടുത്തദിവസം തന്നെ ഒരു ശുഭമുഹൂർത്തം ഉള്ളതിനാൽ അത് നഷ്ടപ്പെടുത്തരുത് എന്ന് കരുതി രാജാവും വാസിഷ്ഠനും ചേർന്ന് തിടുക്കത്തിൽ രാമാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ വേഗത്തിൽ ആരംഭിച്ചു. ദശരഥന്റെ മുഖ്യമന്ത്രിയായ സുമന്ത്രർ നഗരം അലങ്കരിക്കാനും, പവിത്രനദികളിൽ നിന്ന് അഭിഷേകത്തിനായുള്ള ജലം ശേഖരിക്കാനും, ആഘോഷത്തിനായി സംഗീതജ്ഞരേയും നർത്തകരേയും കൊണ്ടുവരാനും, ശ്രീരാമപട്ടാഭിഷേകത്തിന് നാടൊട്ടുക്കുമുള്ള ജനങ്ങളെയും അതിഥികളേയും ക്ഷണിക്കാനും ഉള്ള ഒരുക്കങ്ങൾ പെട്ടെന്ന് തന്നെ ചെയ്തുതീർത്തു.

വസിഷ്ഠൻ സന്തോഷത്തോടെ അഭിഷേകവാർത്ത അറിയിക്കാൻ രാമന്റെ കൊട്ടാരത്തിലേക്ക് ചെന്നു. രാമനും സീതയും ആദരവോടെ അദേഹത്തെ സ്വാഗതം ചെയ്തു. വസിഷ്ഠനും ശ്രീരാമാവതാരത്തിന്റെ ദിവ്യപദ്ധതിയെപ്പറ്റി അറിയാമായിരുന്നു. രാമാഭിഷേകത്തിനുള്ള ഈ ഒരുക്കങ്ങളെല്ലാം ഒരു നാടകത്തിന്റെ ഭാഗമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ ഗുരു തന്റെ കർത്തവ്യം നിറവേറ്റി. രാമനോട് ഉപവാസം പാലിക്കാനും അഭിഷേകത്തിന്നുള്ള തയ്യാറെടുപ്പിനായി പ്രാർത്ഥനയിൽ മുഴുകി ബ്രഹ്മചര്യത്തോടെ രാത്രി ചിലവഴിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

അഭിഷേകവിഘ്നം
രാജകൊട്ടാരവും ജനങ്ങളും ആഹ്ളാദത്തിൽ മുങ്ങി നിലക്കുമ്പോൾ പൊടുന്നനെ അതിനൊരു ഗതിമാറ്റം സംഭവിച്ചു. ദേവന്മാർ, അവരുടെ ദിവ്യമായ ഉദ്ദേശ്യം നിറവേറ്റാനായി, വാഗ്ദേവതയായ സരസ്വതീദേവിയെ സമീപിച്ചു പ്രസാദിപ്പിച്ചു. അവർ ദേവിയോട് കൈകേയിയുടെ ദാസി മന്ഥരയുടെ വാക്കുകളെ സ്വാധീനിക്കാനും അങ്ങിനെ രാമന്റെ അഭിഷേകം തടയാനും അഭ്യർത്ഥിച്ചു. സരസ്വതി അതിനായി മന്ഥരയുടെ വാക്കുകളിലൂടെ പ്രത്യക്ഷയായി. മന്ഥര, രാമാഭിഷേകത്തിൽ കൈകേയി പ്രകടിപ്പിക്കുന്ന സന്തോഷം കണ്ടപ്പോൾ, രാജ്ഞിയിൽ സംശയത്തിന്റെ വിത്തുകൾ വിതച്ചു. “നീ, രാജാവിന് ഏറെ പ്രിയപ്പെട്ട റാണിയാണിപ്പോൾ, എന്നാൽ രാമൻ രാജാവായി അഭിഷിക്തനായാൽ നിന്റെ സ്വന്തം കൊട്ടാരത്തിൽ നീയൊരു ദാസിയാകും. മാത്രമല്ല രാമനും കൗസല്യയും കൂടി നിന്നെയും നിന്റെ മകൻ ഭരതനെയും ഒതുക്കി മാറ്റി നിർത്തുകയും ചെയ്യും.” കൈകേയി, ആദ്യം മന്ഥരയുടെ വാക്കുകൾ അവഗണിച്ചു, എന്നാൽ പതിയെ മന്ഥരയുടെ ദുഷ്ടലാക്കുള്ള വാക്കുകളാൽ സ്വാധീനിക്കപ്പെട്ടു. മന്ഥര രാജ്ഞിക്കായി ദശരഥൻ പണ്ടൊരിക്കൽ വാഗ്ദാനം ചെയ്ത രണ്ട് വരങ്ങളെപ്പറ്റി ഓർമ്മിപ്പിച്ചു. “നീ ഇപ്പോൾത്തന്നെ ആ വരങ്ങൾ രാജാവിനോട് ചോദിക്കുക,” അവൾ കൈകേയിയെ പ്രോത്സാഹിപ്പിച്ചു. “ഭരതനെ രാജാവായി അഭിഷേകം ചെയ്യണമെന്നും രാമനെ പതിനാല് വർഷത്തേക്ക് വനത്തിലേക്ക് നാടുകടത്തണമെന്നും ഉള്ള രണ്ടു വരങ്ങൾ ഉടനെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുക.”

By admin