
തിരുവനന്തപുരം: ഭാരതത്തിന്റെ ഐക്യത്തിന് മലയാളിയായ വി.പി. മേനോന്‍ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും, അത് അവിസ്മരണീയമാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. കേരളപ്പിറവി ദിനത്തിന്റ ഭാഗമായി രാജ്ഭവനില്‍ നടന്ന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനിലേക്കു കൂട്ടിച്ചേര്‍ക്കുന്നതില്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സെക്രട്ടറി മലയാളിയായ വി.പി. മേനോന്‍ ആയിരുന്നു. അന്നത്തെ നാട്ടു രാജാക്കന്മാരുമായി സംവാദത്തിലേര്‍പ്പെട്ട് അവരുടെ ആശങ്കകള്‍ ദൂരീകരിച്ച് ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് മേനോന്‍ പരിശ്രമങ്ങള്‍ നടത്തി. രാജ്യവികസനത്തില്‍ സര്‍ക്കാരുകള്‍ തങ്ങളുടെ ഭാഗം നിറവേറ്റുമ്പോള്‍ ജനങ്ങള്‍ കാഴ്ചക്കാര്‍ മാത്രമായി മാറിനില്‍ക്കുന്നത് ശരിയല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആഘോഷപരിപാടികളുടെ ഭാഗമായി കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളുടെയും രാജ്ഭവന്‍ ജീവനക്കാരുടെയും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.