• Sat. Jul 19th, 2025

24×7 Live News

Apdin News

നിതി ആയോഗിന്റെ മനുഷ്യ മൂലധന വിപ്ലവം

Byadmin

Jul 17, 2025



ഭാരതത്തെപ്പോലെ വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ രാജ്യത്ത്, പുരോഗതിയുടെ യഥാര്‍ത്ഥ അളവുകോല്‍ ജിഡിപി കണക്കുകളിലോ അടിസ്ഥാന സൗകര്യ നാഴികക്കല്ലുകളിലോ മാത്രമല്ല, ഒരു രാഷ്‌ട്രം അതിന്റെ ജനങ്ങളെ എത്രത്തോളം പരിപോഷിപ്പിക്കുന്നു എന്നതിലാണ്. നമ്മുടെ വിദ്യാഭ്യാസം, കഴിവുകള്‍, ആരോഗ്യം, ഉല്‍പാദനക്ഷമത എന്നിവ വെറും സാമ്പത്തിക ആസ്തിയല്ല, മറിച്ച് ധാര്‍മ്മിക അനിവാര്യതയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, ഭാരതത്തിന്റെ നയരൂപീകരണത്തില്‍ സുപ്രധാന പങ്കുള്ള നിതി ആയോഗിന്റെ നേതൃത്വത്തില്‍ നിശബ്ദവും ശക്തവുമായ ഒരു വിപ്ലവം രൂപപ്പെട്ടു, രാജ്യം അതിന്റെ ഏറ്റവും അമൂല്യ വിഭവമായ പൗരന്മാരില്‍ എങ്ങനെ നിക്ഷേപിക്കുന്നുവെന്ന് പുനര്‍നിര്‍മിച്ചു.

ജനസംഖ്യയുടെ 65 ശതമാനത്തിലധികം പേര്‍ 35 വയസ്സിന് താഴെയുള്ള ഒരു രാജ്യത്ത്, ജനസംഖ്യാപരമായ ലാഭവിഹിതം തലമുറയിലൊരിക്കല്‍ ലഭിക്കുന്ന അവസരം നല്‍കുന്നു. എന്നാല്‍ ഈ യുവ ജനസംഖ്യ വലിയ ഉത്തരവാദിത്തം കൊണ്ടുവരുന്നു. യുവത്വത്തിന്റെ ഊര്‍ജ്ജത്തെ സാമ്പത്തിക വളര്‍ച്ചയ്‌ക്കും ദേശീയ വികസനത്തിനും ശക്തിയാക്കി മാറ്റുക എന്നതാണ് വെല്ലുവിളി. ഇവിടെയാണ് നിതി ആയോഗ് ദര്‍ശനാത്മക ഉത്തേജകമായി ഉയര്‍ന്നുവന്നിരിക്കുന്നത്- ഇന്നത്തെ പുരോഗതിക്ക് മാത്രമല്ല, നാളത്തെ അഭിവൃദ്ധിക്കും വേണ്ടിയുള്ള മാര്‍ഗരേഖയും രൂപപ്പെടുത്തുന്നു.

കഴിഞ്ഞ ദശകത്തില്‍, നിതി ആയോഗ് ഒരു തിങ്ക് ടാങ്കില്‍ നിന്ന് പരിഷ്‌കരണവാദിയായ എന്‍ജിനായും നിര്‍വ്വഹണ പങ്കാളിയായും പരിണമിച്ചു. ഡാറ്റ, സഹകരണം, മനുഷ്യ കേന്ദ്രീകൃത രൂപകല്‍പന എന്നിവയുടെ പിന്തുണയുള്ള ധീരമായ ആശയങ്ങള്‍ക്ക് പേരുകേട്ടതാണിത്. മുകളില്‍ നിന്ന് താഴേക്കുള്ള പരിശ്രമങ്ങളില്‍ നിന്ന് സംസ്ഥാനങ്ങള്‍, സ്വകാര്യ കമ്പനികള്‍, ആഗോള സ്ഥാപനങ്ങള്‍, പൊതു സമൂഹം എന്നിവയുമായുള്ള സഹവര്‍ത്തിത്വത്തിന്റെ ചലനാത്മക പ്രക്രിയയിലേക്ക് ഇത് നയരൂപീകരണത്തെ മാറ്റി. ആസൂത്രണത്തില്‍ മാത്രമല്ല, എല്ലാവരെയും ശ്രവിക്കുന്നതിലും ആ ഉള്‍കാഴ്ചകളെ പ്രവര്‍ത്തനമാക്കി മാറ്റുന്നതിലുമാണ് അതിന്റെ ശക്തി.

മനുഷ്യ മൂലധനത്തിന്റെ അടിത്തറയായ വിദ്യാഭ്യാസം, അതിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പൂര്‍ണമായ പുനര്‍വിചിന്തനത്തിന് സാക്ഷ്യം വഹിച്ചു. പ്രവേശനം മാത്രം പോരെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, നിതി ആയോഗ് ഗുണനിലവാരത്തിനും തുല്യതയ്‌ക്കും വേണ്ടി പ്രയത്‌നിച്ചു. നിര്‍ണായക പങ്ക് വഹിച്ച ദേശീയ വിദ്യാഭ്യാസ നയം 2020, ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു- മനഃപാഠ പഠനത്തില്‍ നിന്ന് വിമര്‍ശനാത്മക ചിന്തയിലേക്കും രൂപപ്പെടുത്തലിലേക്കും തൊഴില്‍ സംയോജനത്തിലേക്കും മാറാന്‍ സഹായിച്ചു. ബാല്യകാല വിദ്യാഭ്യാസം, മാതൃഭാഷയിലുള്ള പഠനം, വിഷയങ്ങള്‍ തമ്മിലുള്ള തടസമില്ലാത്ത പരിവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക് ഇത് ഊന്നല്‍ നല്‍കി. അടല്‍ ഇന്നൊവേഷന്‍ മിഷന്‍ പോലുള്ള സംരംഭങ്ങളിലൂടെ, ഉത്തരവാദിത്തവും ഭാവനയും ഉറപ്പാക്കി- ഇപ്പോള്‍ രാജ്യത്തെ 10,000 ത്തിലധികം അടല്‍ ടിങ്കറിങ് ലാബുകളില്‍ നൂതനാശങ്ങള്‍ ഉള്‍പ്പെടുത്തി.

21-ാം നൂറ്റാണ്ടിലേക്ക് ഭാരതത്തിലെ യുവാക്കളെ നൈപുണ്യവത്കരിക്കുക എന്നത് അതിന്റെ ദൗത്യത്തിന്റെ മറ്റൊരു അടിസ്ഥാനമാണ്. സ്‌കില്‍ ഇന്ത്യ ദൗത്യത്തെ പിന്തുണയ്‌ക്കുന്നത് മുതല്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ്‌സ് പ്രോഗ്രാം വഴി തൊഴിലധിഷ്ഠിത പരിപാടികള്‍ പിന്നാക്ക ജില്ലകളുടെ ഹൃദയഭാഗത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുന്നത് വരെ, ക്ലാസ് മുറിയും കരിയറും തമ്മിലുള്ള വിടവ് നികത്താന്‍ നിതി ആയോഗ് സഹായിച്ചിട്ടുണ്ട്. സ്‌കില്‍ ഇന്ത്യ മിഷന്റെ കീഴില്‍, സാങ്കേതികവിദ്യ, വ്യവസായ ബന്ധങ്ങള്‍, ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി എന്നിവ സംയോജിപ്പിക്കുന്ന സംരംഭങ്ങളിലൂടെ 1.5 കോടിയിലധികം യുവാക്കള്‍ക്ക് പരിശീലനവും നല്‍കി.

സമാന്തരമായി, ചലനാത്മകവും ഉള്‍ക്കൊള്ളുന്നതുമായ ഒരു തൊഴില്‍ വിപണിയെ അത് ഉയര്‍ത്തിക്കാട്ടി. വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങള്‍, തൊഴില്‍ സുരക്ഷ എന്നിവയെക്കുറിച്ചുള്ള നാല് ലളിതമായ കോഡുകളായി 44 കേന്ദ്ര തൊഴില്‍ നിയമങ്ങളെ യുക്തിസഹമാക്കുന്നതിനെ ഇത് പിന്തുണച്ചു. ഈ പരിഷ്‌കാരങ്ങള്‍ തൊഴിലാളി സംരക്ഷണത്തിലൂടെ തൊഴിലുടമയ്‌ക്കും പിന്തുണയേകി. പ്രത്യേകിച്ച് രാജ്യത്തെ ഭൂരിഭാഗം തൊഴിലാളികളെയും ഉള്‍ക്കൊള്ളുന്ന അനൗപചാരിക മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രയോജനം ചെയ്തു. ചട്ടപാലനം ലളിതമാക്കുകയും ഔപചാരികവത്കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്, ജോലിസ്ഥലം കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളതായി. കൂടുതല്‍ മാനുഷികമായും മാറി.

പലപ്പോഴും ഒരു ചെലവായി കാണപ്പെടുന്ന ആരോഗ്യ സംരക്ഷണം നിക്ഷേപമായി പുനര്‍നിര്‍മ്മിക്കപ്പെട്ടു. രോഗം വന്ന ശേഷമുള്ള ചികിത്സയില്‍ നിന്ന് മുന്‍കൂര്‍ ക്ഷേമത്തിലേക്കുള്ള മാറ്റം സൃഷ്ടിക്കാന്‍ നിതി ആയോഗ് സഹായിച്ചു. നിതി ആയോഗിന്റെ പിന്തുണയോടെയും നിരീക്ഷണത്തിലൂടെയും നടപ്പിലാക്കിയ മുന്‍നിര പദ്ധതിയായ ആയുഷ്മാന്‍ ഭാരത് 50 കോടിയിലധികം ഭാരതീയര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കി. അതേസമയം 1.5 ലക്ഷത്തിലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍ അടിസ്ഥാനതലത്തിലേക്ക് പ്രാഥമിക പരിചരണം എത്തിച്ചു. രോഗികളെ സുഖപ്പെടുത്തുക മാത്രമല്ല, ആളുകളെ ആരോഗ്യത്തോടെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടികള്‍ പോഷകാഹാരം, മാതൃ-ശിശു ആരോഗ്യം, മാനസിക ക്ഷേമം, സാംക്രമികേതര രോഗങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ളതായിരുന്നു. കോവിഡ്-19 മഹാമാരി രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ പ്രതിരോധശേഷി മുമ്പൊരിക്കലുമില്ലാത്തവിധം പരീക്ഷിച്ചു. ഈ പ്രതിസന്ധിയില്‍, അണുബാധ പാറ്റേണുകള്‍ മാതൃകയാക്കാനും, തുല്യമായ മെഡിക്കല്‍ വിഭവ വിഹിതം ഉറപ്പാക്കാനും, ടെലിമെഡിസിനായി ഇ-സഞ്ജീവനി പോലുള്ള പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കാനും നിതി ആയോഗ് ആരോഗ്യ മന്ത്രാലയവുമായും ഐസിഎംആറുമായും സഹകരിച്ച് മുന്നിട്ടുനിന്നു.

ഈ മേഖലകള്‍ക്കപ്പുറം, സംരംഭകത്വത്തിനും നവീകരണത്തിനും ഒരു മാര്‍ഗ ദീപമായി നിതി ആയോഗ് മാറി. സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ, അടല്‍ ഇന്നൊവേഷന്‍ മിഷന്‍ തുടങ്ങിയ പരിപാടികള്‍ ആശയങ്ങള്‍ തഴച്ചുവളരാന്‍ ആവാസവ്യവസ്ഥ സൃഷ്ടിച്ചു. ഫിന്‍ടെക്, എഡ്‌ടെക്, അഗ്രോടെക്, ഹെല്‍ത്ത്‌ടെക്, ക്ലീന്‍ എനര്‍ജി എന്നിവയിലെ ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് അഭിവൃദ്ധി പ്രാപിക്കുന്നത് അവയ്‌ക്ക് നിര്‍ണായക ഘട്ടങ്ങളില്‍ നയ പിന്തുണ, ഇന്‍കുബേഷന്‍, മെന്റര്‍ഷിപ്പ് എന്നിവ ഉണ്ടായിരുന്നതിനാലാണ്. ഇവ വെറും വ്യവസായങ്ങള്‍ മാത്രമല്ല; തൊഴില്‍ സ്രഷ്ടാക്കളും പ്രശ്നപരിഹാരകരുമാണ്.

മന്ത്രാലയങ്ങളെയും മേഖലകളെയും ഏകോപിപ്പിക്കുന്ന നിതി ആയോഗിനെ ഒരു ഉപദേശക സമിതിയേക്കാളുപരി വികസനത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാക്കി മാറ്റി. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിലൂടെ സംസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിച്ചു, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പൊതു സമൂഹവുമായി പ്രവര്‍ത്തിച്ചു, മികച്ച രീതികള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ആഗോള പങ്കാളികളെ ഉള്‍പ്പെടുത്തി. ആഗോള നൂതനാശയ സൂചികയില്‍ ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന സ്ഥാനവും യുഎന്‍, ലോക ബാങ്ക്, യുനെസ്‌കോ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രശംസയും ഈ ശ്രമത്തിനുള്ള ലോകത്തിന്റെ അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്നു.

ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനേക്കാള്‍, സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതും ഭാവിക്ക് തയ്യാറായതുമായ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് നിതി ആയോഗ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ശുദ്ധമായ ഊര്‍ജ്ജ പരിവര്‍ത്തനങ്ങള്‍ മുതല്‍ ഹരിത ഗതാഗതം, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ജോലിസ്ഥലങ്ങളിലെ ലിംഗസമത്വം വരെയുള്ള എല്ലാ സംരംഭങ്ങളിലും സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത പ്രകടമാണ്.

വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് നിതി ആയോഗ് ചെയ്തത്. അംബരചുംബികളോ, ഏറ്റവും വലിയ ഫാക്ടറികളോ അല്ല, മറിച്ച് ജനങ്ങളുടെ ശക്തി, ആരോഗ്യം, അന്തസ്സ് എന്നിവയാണ് യഥാര്‍ത്ഥ പുരോഗതി അളക്കുന്നതെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, അത് ഒരു തിങ്ക് ടാങ്കിനേക്കാള്‍ മുകളിലാണ്. സ്വപ്‌നം കാണുന്ന, ധീരതയുള്ള, പ്രവര്‍ത്തിക്കുന്ന ഒരു യുവ ഭാരതത്തിന്റെ സ്പന്ദനമായി ഇത് മാറിയിരിക്കുന്നു.

By admin