
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ നിന്നാകും മത്സരിക്കുക.
തൃശൂര്‍ പ്രസ് ക്ലബിന്റെ ‘വോട്ട് വൈബ് ‘ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേമം ബി ജെ പിക്ക് ശക്തമായ അടിത്തറയുളള മണ്ഡലമാണ്. നേരത്തേ ഒ.രാജഗോപാലിലൂടെ സംസ്ഥാനത്ത് ആദ്യമായി ബി ജെ പി അക്കൗണ്ട് തുറന്ന മണ്ഡലമാണ് ഇത്.
കഴിഞ്ഞ തവണ കുമ്മനം രാജശേഖരന്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന് വേണ്ടി കെ മുരളീധരന്‍ കൂടി എത്തിയതോടെ ത്രികോണ പോരില്‍ സി പി എം സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി ജയിച്ചു. കൈവിട്ട മണ്ഡലം പാര്‍ട്ടി അധ്യക്ഷന്‍ മത്സരരംഗത്തെത്തുന്നതോടെ തിരിച്ചു പിടിക്കാമെന്ന് ഉറപ്പ് പറയുകയാണ് ബി ജെ പി പ്രവര്‍ത്തകര്‍.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച മുന്‍ കേന്ദ്ര മന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍, ശശി തരൂരിനെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വലിയ തോതിലാണ് വോട്ടു വിഹിതം ലഭിച്ചത്.