
വൈപ്പിന്‍: പതിനഞ്ചു വയസുകാരന്‍ ഓടിച്ച കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഞാറയ്‌ക്കല്‍ പൊലീസ് കാറും യാത്രക്കാരെയും കസ്റ്റഡിയിലെടുത്തു.കാര്‍ പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്.
തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി. കാര്‍ ഓടിച്ചിരുന്ന 15കാരന്റെ പിതാവ് കലൂര്‍ അറക്കപ്പറമ്പില്‍ അബ്ദുള്‍ റഷീദി(55)നെതിരെ കേസ് എടുത്തു. പ്രായപൂര്‍ത്തിയാകാത്ത മകന് കാര്‍ ഓടിക്കാന്‍ നല്‍കിയതിനാണ് ഇയാള്‍ക്കെതിരെ കേസ്.
ശനിയാഴ്ച രാവിലെ കലൂരില്‍ നിന്ന് രണ്ട് സഹപാഠികളുമായി ഗോശ്രീ പാലം വഴിയാണ് പത്താം ക്ലാസ് വിദ്യാര്‍ഥി കാറോടിച്ച് ചെറായി ബീച്ചില്‍ എത്തിയത്. തിരികെ വരുന്ന വഴി ചെറായിയിലും എടവനക്കാടുമായി രണ്ടു പേരെ ഇടിക്കുകയും നിരവധി വാഹനങ്ങളില്‍ തട്ടുകയും ചെയ്തു.