പത്തനംതിട്ട: നാട്ടുകാരുടെ സ്നേഹം ആവോളം അനുഭവിച്ച ബംഗാളി ഭായി ജൂവല്‍ കിങ് ബംഗ്ലാദേശി ഭീകരന്‍ ആണെന്നറിഞ്ഞതിന്റെ ഞെട്ടലില്‍ മലയോര ജില്ല. തങ്ങള്‍ ഇതുവരെ തീറ്റിപ്പോറ്റിയത് ഒരു രാജ്യാന്തര ഭീകരനെ ആയിരുന്നു എന്ന സത്യം പത്തനംതിട്ട കോയിപ്രം പഞ്ചായത്തിലെ പൂവത്തൂര്‍, കുന്നം, നെല്ലിക്കല്‍ നിവാസികള്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചറിഞ്ഞത്. പണിക്കായി വാട്‌സ്ആപ്പില്‍ കഴിഞ്ഞദിവസം ജൂവലിനെ വിളിച്ച പൂവത്തൂര്‍ കളരിക്കല്‍ രാജേഷ്, ഇയാളുടെ സ്റ്റാറ്റസ് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ബംഗാളില്‍ നിന്നും ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ എകെ- 47 ചൂണ്ടി ഐ ലവ് ബംഗ്ലാദേശ് എന്ന് ആക്രോശിക്കുന്ന സ്വന്തം ചിത്രമാണ് ജൂവല്‍ കിങ് സ്റ്റാറ്റസിട്ടത്. ഇത് ഏതാനും മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമായി.
പ്രൊഫൈല്‍ പിക്ചറാവട്ടെ ബംഗ്ലാദേശ് പതാകയും പാര്‍ലമെന്റും ഇതര സ്മാരകങ്ങളും പശ്ചാത്തലമാക്കി നദിക്കരയില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചു നില്‍ക്കുന്നതും. ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ തീരമേഖലയായ കോക്‌സ് ബസാര്‍, വനമേഖലയായ സുന്ദരബാന്‍സ്, വടക്കന്‍ നഗരമായ സൈല്‍ഗറ്റ് എന്നിവിടങ്ങളിലേക്കുള്ള ചൂണ്ടുപലകകളും പ്രൊഫൈല്‍ ചിത്രത്തില്‍ ദൃശ്യമാണ്. അഞ്ച് വര്‍ഷത്തോളമാണ് ഈ ബംഗ്ലാദേശി, ബംഗാളി എന്ന നാട്യത്തില്‍ കോയിപ്രം പഞ്ചായത്തിലെ പൂവത്തൂരില്‍ താമസിച്ചത്. വീട് എവിടെയാണെന്ന് ചോദിക്കുന്നവരോട് കൊല്‍ക്കത്ത എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ആറ് മാസം കൂടുമ്പോള്‍ ഇയാള്‍ നാട്ടിലേക്ക് പോയിരുന്നു. അഞ്ചര അടി ഉയരവും, ഉറച്ച ശരീരവുമുള്ള ഇയാള്‍ കരാറുകാരനായ രാജന്‍ മേസ്തിരിക്ക് ഒപ്പമായിരുന്നു തുടക്കത്തില്‍. പണി ഇല്ലാത്ത ദിവസങ്ങളില്‍ വേറെ ജോലികള്‍ക്കും പോയിരുന്നു. മൊബൈലില്‍ ഖുറാന്‍ കേട്ടായിരുന്നു ജോലി. 1100 രൂപയാണ് ദിവസക്കൂലിയായി വാങ്ങിയിരുന്നത്. ഇംഗ്ലീഷ് തട്ടി മുട്ടി സംസാരിക്കുന്ന ജൂവല്‍ വീട്ടിലെ പ്രാരാബ്ധങ്ങള്‍ പറഞ്ഞാണ് നാട്ടുകാരുടെ പ്രിയം പിടിച്ചുപറ്റിയത്.
അതിഥി തൊഴിലാളികള്‍ എന്ന ഓമനപ്പേരില്‍ കേരളം സ്വീകരിച്ച് കിടപ്പാടം നല്‍കിയ ബംഗാളി ഭായിമാരില്‍ ഭൂരിഭാഗംപേരും ബംഗ്ലാദേശികളാണെന്ന ആരോപണം ശരിവെക്കുകയാണ് പത്തനംതിട്ടയില്‍ നിന്ന് മടങ്ങിപ്പോയ ജൂവലിന്റെ പ്രൊഫൈല്‍ പിക്ചറും വാട്‌സാപ്പ് സ്റ്റാറ്റസും.
ബംഗാളിനെയും ബംഗ്ലാദേശിനെയും വേര്‍തിരിക്കുന്ന രാജ്യാന്തര അതിര്‍ത്തി (സീറോ ലൈന്‍) പലസ്ഥലത്തും തുറന്നു കിടന്നതാണ് ജൂവലിനെപ്പോലെ അനേകം ബംഗ്ലാദേശി തീവ്രവാദികള്‍ക്ക് കേരളത്തില്‍ വന്നു സുരക്ഷിതമായി തങ്ങാന്‍ സൗകര്യമൊരുക്കിയത്.
മാള്‍ഡ, മുര്‍ഷിദാബാദ്, കൂച്ച് ബിഹാര്‍ തുടങ്ങിയ ജില്ലകളാണ് സീറോ ലൈനിനോട് ചേര്‍ന്ന് കിടക്കുന്നത്. ഇവിടെ മുന്നൂറിലധികം ഗ്രാമങ്ങളാണ് അതിര്‍ത്തി വേലി ഇല്ലാത്തവയായുള്ളത്. സിപിഎം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന്റെ കാലത്ത് ചെറിയതോതില്‍ ആയിരുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റം മമത ബാനര്‍ജി സര്‍ക്കാരിന്റെ കാലത്താണ് വ്യാപകമായത്. വോട്ട് രാഷ്‌ട്രീയം ലക്ഷ്യമാക്കി മമത ഇവര്‍ക്ക് ആധാര്‍ മുതല്‍ റേഷന്‍ കാര്‍ഡ് വരെ നല്‍കിയതോടെ ബംഗാള്‍ മാത്രമല്ല കേരളവും ഭീകരര്‍ക്ക് സുരക്ഷിത താവളമായി മാറി. ഭാരതത്തോടുള്ള വൈരാഗ്യം മനസിലൊളിപ്പിച്ച് തരംകിട്ടുമ്പോള്‍ ലഹളക്കിറങ്ങുന്നവരുടെ ഒരു പ്രതീകം മാത്രമാണ് ജുവല്‍ കിങ്.