• Tue. Dec 9th, 2025

24×7 Live News

Apdin News

പത്ത് പാസായവര്‍ക്ക് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ മള്‍ട്ടി-ടാസ്‌കിങ് സ്റ്റാഫ് ആകാം; ഒഴിവുകള്‍ 362

Byadmin

Dec 9, 2025



തിരുവനന്തപുരത്ത് 13 പേര്‍ക്ക് അവസരം
ഡിസംബര്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം; പ്രായപരിധി 18-25 വയസ്
വിശദവിവരങ്ങള്‍ www.mha.gov.in, www.ncs.gov.in- ല്‍

കേന്ദ്ര ഐബിയുടെ കീഴില്‍ രാജ്യത്തെ സബ്‌സിഡിയറി ഇന്റലിജന്‍സ് ബ്യൂറോകളിലേക്ക് (എസ്‌ഐബി)മള്‍ട്ടി-ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) തസ്തികയില്‍ നേരിട്ടുള്ള നിയമനത്തിന് ഓണ്‍ലൈനില്‍ ഡിസംബര്‍ 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.mha.gov.in, www.ncs.gov.in- എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

അപേക്ഷാ/പരീക്ഷാ ഫീസ്: 650 രൂപ. വനിതകള്‍ക്കും എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി, വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 550 രൂപ മതി. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, എസ്ബിഐ ചെലാന്‍ മുഖേന ഫീസ് അടയ്‌ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

യോഗ്യത: മെട്രിക്കുലേഷന്‍/എസ്എസ്എല്‍സി/തത്തുല്യം, പ്രായപരിധി 14-12-2025 ന് 18-25 വയസ്. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 5 വര്‍ഷവും ഒബിസി വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും വകുപ്പ് ഉദ്യോഗസ്ഥര്‍, കായികതാരങ്ങള്‍ മുതലായ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷിക്കുന്ന സംസ്ഥാനത്തെ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന ‘ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്’ ഹാജരാക്കണം.

സെലക്ഷന്‍: ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷയുടെയും ഡിസ്‌ക്രിപ്റ്റീവ് പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പരീക്ഷയില്‍ പൊതുവിജ്ഞാനം (40 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ് (20), ന്യൂമെറിക്കല്‍ അനലിറ്റിക്കല്‍/ലോജിക്കല്‍ എബിലിറ്റി ആന്റ്‌റീസണിങ് (20), ഇംഗ്ലീഷ്‌ലാംഗുവേജ് (20) എന്നിവയിലാണ് ചോദ്യങ്ങള്‍. ഒരു മണിക്കൂര്‍ സമയം ലഭിക്കും. (ഉത്തരം തെറ്റിയാല്‍ കാല്‍ മാര്‍ക്ക് കുറയ്‌ക്കും). ശരി ഉത്തരത്തിന് ഒരു മാര്‍ക്ക് നല്‍കും. ഇതിനു പുറമെ ഡിസ്‌ക്രിപ്റ്റീവ് മാതൃകയില്‍ ഇംഗ്ലീഷ് ലാംഗുവേജ് ആന്റ് കോംപ്രിഹെന്‍ഷനില്‍ 50 ചോദ്യങ്ങളുണ്ടാവും. പരമാവധി 50 മാര്‍ക്കിന്. ഒരു മണിക്കൂര്‍ സമയം അനുവദിക്കും. മെരിറ്റ് ലിസ്റ്റില്‍ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്കാണ് നിയമനം. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

ഒഴിവുകള്‍: വിവിധ സംസ്ഥാനങ്ങളിലായി ആകെ 362 ഒഴിവുകളാണുള്ളത്. കേരളത്തില്‍ തിരുവനന്തപുരത്ത് 13. ശമ്പള നിരക്ക് 18000-56900 രൂപ. അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്‌പെഷല്‍ സെക്യൂരിറ്റി അലവന്‍സ് അടക്കം മറ്റാനുകൂല്യങ്ങളും ലഭിക്കും.

 

By admin