കോട്ടയം: ജി.വി. രാജാ സ്‌കൂളുകളിലെ കാന്റീന്‍ നടത്തിപ്പുകരാര്‍ ടെന്‍ഡറില്ലാതെ കായിക വകുപ്പില്‍ നിന്നു സ്വന്തമാക്കിയ കെ.പി. ഫാസിലിന്റെ കളമശേരിയിലെ പാച്ചൂസ് കിച്ചണ്‍ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ഈ സ്ഥാപനം മന്ത്രി ഉദ്ഘാടനം ചെയ്യുന്നതും മന്ത്രിക്കൊപ്പം ഫാസില്‍ ചിരിച്ചു നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ ജന്മഭൂമി ഈ റിപ്പോര്‍ട്ടിനൊപ്പം പുറത്തുവിടുന്നു.
കായിക മന്ത്രിയുമായി വളരെ അടുത്ത ബന്ധമുള്ളയാളും തെരഞ്ഞെടുപ്പുകാലത്ത് മന്ത്രിയുടെ സന്തത സഹചാരിയുമായിരുന്നു ഫാസിലെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ എങ്ങനെ ഫാസില്‍ കരാര്‍ സ്വന്തമാക്കിയെന്നും കായിക വകുപ്പിനെന്താണ് പാച്ചൂസ് കിച്ചണില്‍ താത്പര്യമെന്നും ചോദ്യങ്ങളുയരുമ്പോഴാണ് ചിത്രങ്ങള്‍ പുറത്തുവിടുന്നത്. തെര. കാലത്ത് അബ്ദുറഹിമാന്‍ വോട്ട് തേടുന്ന പോസ്റ്ററുകളും മറ്റും ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഉറപ്പാണ് താനൂര്‍ എന്നും വോട്ട് ഫോര്‍ വി. അബ്ദുറഹിമാന്‍ എന്നും ചേര്‍ത്തുള്ള ഫേസ്ബുക്ക് പ്രൊഫൈലും ഇദ്ദേഹത്തിന്റേതായുണ്ട്. അബ്ദുറഹിമാന്റെ സോഷ്യല്‍ മീഡിയയിലെ എല്ലാ പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നതില്‍ ഫാസിലിനു പ്രത്യേകം താത്പര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ നിന്നു മനസിലാകും.
കളമശേരി കുസാറ്റിനടുത്ത് പൈപ്പ്‌ലൈന്‍ റോഡിലെ പാച്ചൂസ് കിച്ചണ്‍ കുറച്ചായി അടഞ്ഞുകിടക്കുകയാണ്. 2022 ആഗസ്ത് മുതല്‍ പാച്ചൂസ് കിച്ചണ്‍ കളമശേരിയില്‍ പ്രവര്‍ത്തിച്ചിരുന്നു. 2022 നവംബറിലാണ് കാന്റീന്‍ നടത്തിപ്പുകരാര്‍ ടെന്‍ഡറില്ലാതെ ഫാസില്‍ കായിക വകുപ്പില്‍ നിന്നു സ്വന്തമാക്കിയത്. അടഞ്ഞുകിടക്കുന്ന പാച്ചൂസ് കിച്ചണ്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ വനിതാ ഹോസ്റ്റലാണ്. കളമശേരി നഗരസഭ, പാച്ചൂസ് കിച്ചണിന്റെ ലൈസന്‍സ് 2026 ഏപ്രില്‍ ഒന്നു വരെ പുതുക്കി നല്കിയിട്ടുണ്ട്. പ്രവര്‍ത്തിക്കാത്ത സ്ഥാപനത്തിന് എങ്ങനെ ലൈസന്‍സ് പുതുക്കി നല്കിയെന്നതാണ് ചോദ്യം.
കായിക മന്ത്രി അബ്ദുറഹിമാനുമായി ഫാസിലിന് അടുത്ത ബന്ധമുണ്ടെന്നു കൂടുതല്‍ ബോധ്യമായി. അബ്ദുറഹിമാന്റെ അയല്‍ക്കാരനാണ് ഫാസില്‍. തിരൂര്‍ നഗരസഭയിലെ നിറമരുതൂര്‍ സ്വദേശി. കായിക വകുപ്പിന്റെ ലഹരി വിരുദ്ധ സന്ദേശ യാത്ര കിക്ക് ഡ്രഗ്‌സ് സേ യെസ് ടു സ്‌പോര്‍ട്‌സിന്റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഇയാള്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
ടെന്‍ഡര്‍ ഒഴിവാക്കി ഒരു സ്ഥാപനത്തിന് ഉയര്‍ന്ന തുകയ്‌ക്കു കരാര്‍ നല്കുകവഴി കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍പ്പോലും കൈയിട്ടുവാരുകയാണ് കായിക വകുപ്പ്. തിരുവനന്തപുരം മൈലം, കുന്നംകുളം എന്നിവിടങ്ങളിലെ കാന്റീന്‍ നടത്തിപ്പുകരാറാണ് ടെന്‍ഡര്‍ ഒഴിവാക്കി പാച്ചൂസ് കിച്ചണു നല്കിയിരിക്കുന്നത്.
250 രൂപ നിരക്കില്‍ കുട്ടികള്‍ക്കു ഭക്ഷണം നല്കാമെന്നാണ് കരാര്‍. എന്നാല്‍, ന്യൂട്രീഷന്‍ ഇനത്തില്‍ 50 രൂപയടക്കം 300 രൂപയ്‌ക്കാണ് പാച്ചൂസ് കിച്ചണ്‍ കരാര്‍ ഏറ്റെടുത്തത്. അതേസമയം, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ടെന്‍ഡര്‍ പ്രകാരം കരാര്‍ ഏറ്റെടുത്ത സ്ഥാപനം 274.97 രൂപയ്‌ക്കാണ് സര്‍ക്കാരിന്റെ മെനുവനുസരിച്ചുള്ള ഭക്ഷണം നല്കുന്നത്. അതായത്, കരാര്‍ നേടിയ സ്ഥാപനം 25 രൂപയിലധികം വീതം ഓരോ കുട്ടിക്കായും സര്‍ക്കാരില്‍നിന്ന് അധികം കൈപ്പറ്റുന്നു. തിരുവനന്തപുരത്തും കുന്നംകുളത്തുമായി ആകെ 507 കുട്ടികള്‍ക്കാണ് പാച്ചൂസ് കിച്ചണ്‍ ഭക്ഷണം നല്കുന്നത്. കായിക വകുപ്പിലെ ഈ ഗുരുതര ക്രമക്കേട് ജന്മഭൂമിയാണ് പൊതുസമൂഹത്തിനു മുമ്പില്‍ കൊണ്ടുവന്നത്.