• Fri. Sep 27th, 2024

24×7 Live News

Apdin News

പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കാനുള്ള ശ്രമം നടക്കില്ല ; അന്‍വര്‍ വലതുപക്ഷത്തിന്റെ കോടാലി മാത്രം : എം. വി ഗോവിന്ദന്‍

Byadmin

Sep 27, 2024


തിരുവനന്തപുരം : സിപിഎമ്മിനെയും സര്‍ക്കാരിനെയും തകര്‍ക്കാനുള്ള പി.വി അന്‍വറിന്റെ ശ്രമം നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് അൻവറിന് ധാരണയില്ലെന്ന് സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

അന്‍വര്‍ വലതുപക്ഷത്തിന്റെ കോടാലിയാണ്. അൻവറിന്റെ നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് അന്‍വറിന് അറിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

കൂടാതെ അന്‍വര്‍ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്. കെ കരുണാകരന്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അങ്ങോട്ട് പോയി. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയപ്പോള്‍ അന്‍വര്‍ പോയില്ല. പിന്നീട് ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് എംഎല്‍എയായി. അതിന് മുമ്പ് സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടല്ല അൻവർ പ്രവർത്തിച്ചതെന്ന് ഗോവിന്ദൻ പറഞ്ഞു.

കൂടാതെ കമ്യൂണിസ്റ്റ് പാർട്ടി അംഗമാകാൻ ഇതു വരെ അൻവറിന് കഴിഞ്ഞില്ല. വർഗ ബഹുജന സംഘടനകളിലും പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് പാർട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. പാര്‍ട്ടി അണികളുടെ പേരില്‍ ആളാവാന്‍ അന്‍വറിന് അര്‍ഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്‍വറിന്റെ പരാതി കേള്‍ക്കാതിരിക്കുകയോ പരിശോധിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു സമീപനം പാര്‍ട്ടിയോ സര്‍ക്കാരോ സ്വീകരിച്ചിട്ടില്ല. ഈ കാര്യത്തില്‍ അൻവറിന് നല്ല പരിഗണന നല്‍കിയിട്ടുണ്ട്. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി.

തുടർന്ന് സുജിത്ദാസിനെതിരായ പരാതി ഡിജിപി അന്വേഷിച്ച് നടപടി സ്വീകരിച്ചു. പരാതി പരിഹരിക്കുമെന്ന മൂന്ന് പിബി അംഗങ്ങളുടെ ഉറപ്പ് പോലും അന്‍വര്‍ വിലക്കെടുത്തില്ല. പ്രതിപക്ഷം പോലും പറയാത്ത അധിക്ഷേപങ്ങള്‍ അന്‍വര്‍ നിരന്തരം വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ച് ഉന്നയിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു.



By admin