കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വിലക്ക് തുടരുമെന്ന് ഹൈകോടതി വ്യക്തമാക്കി. ടോള്‍ പിരിവ് പുനരാരംഭിക്കണമോയെന്ന് സംബന്ധിച്ച് തിങ്കളാഴ്ച അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കോടതി അറിയിച്ചു.
ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അതില്‍ വ്യക്തതക്കുറവ് ഉണ്ടെന്ന് കോടതി വിമര്‍ശിച്ചു. ‘എവിടെയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചതെന്നും, എവിടെയാണ് തുടരുന്നതെന്നും വ്യക്തമല്ല. പുതിയൊരു വിശദമായ റിപ്പോര്‍ട്ട് വേണം,’ എന്ന് കോടതി കലക്ടറോട് നിര്‍ദേശിച്ചു.
റോഡില്‍ 18 ഇടങ്ങളില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതായും, അതില്‍ 13 സ്ഥലങ്ങളില്‍ പരിഹാരം കണ്ടുവെങ്കിലും ബാക്കി സ്ഥലങ്ങളില്‍ മാറ്റമില്ലാതെയാണ് തുടരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിശദാംശങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ കോടതി ഹരജി വ്യാഴാഴ്ചയിലേക്ക് മാറ്റി.
ആഗസ്റ്റ് 6-ന് ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഹൈകോടതി ടോള്‍ പിരിവ് നിര്‍ത്തിവെച്ചിരുന്നു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഹരജികളിലാണ് വിധി പുറപ്പെടുവിച്ചത്.
ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനി ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഹൈകോടതി നിരാകരിച്ചിരുന്നു. സുപ്രീംകോടതിയും ഹൈകോടതി വിധി ശരിവെച്ചിരുന്നു.