ഷാഫി പറമ്പില്‍ എംപിക്ക് പരുക്കേറ്റ പേരാമ്പ്ര സംഘര്‍ഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറയ്ക്കാനെന്ന് രൂക്ഷ വിമര്‍ശനവുമായി കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറയ്ക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തത് എന്നാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം.
യുഡിഎഫ് പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിയിലാണ് വിമര്‍ശനം. പേരാമ്പ്ര മര്‍ദനത്തില്‍ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പില്‍ എംപി ഇന്നലെ പറഞ്ഞിരുന്നു. കുറ്റം ചെയ്തവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. തുടര്‍നടപടികള്‍ പാര്‍ട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടെ അഭിലാഷ് ആണ് തന്നെ മര്‍ദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം. അതേസമയം, ഷാഫി പറമ്പില്‍ എംപിയുടെ ആരോപണത്തില്‍ ഉന്നത ഉദ്യോഗസ്ഥരോട് നിയമനടപടിക്ക് അനുമതി തേടിയിരിക്കുകയാണ് വടകര കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്.