
ഡൊഡോമ: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ടാൻസാനിയൻ തെരുവുകളിൽ കലാപം രൂക്ഷം. അക്രമത്തിൽ മരണം 800 കവിഞ്ഞു.
എഴുപത് ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ടാന്‍സാനിയയുടെ തിരക്കേറിയ വാണിജ്യ തലസ്ഥാനമായ ഡാര്‍ എസ് സലാം മൂന്ന് ദിവസമായി അരാജകത്വത്തില്‍ മുങ്ങി.
മലയാളികൾ അടക്കം ഇരുപതിനായിരത്തോളം ഇന്ത്യക്കാരുള്ള രാജ്യമാണ് ടാൻസാനിയ. പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് സാംബിയ സുലുഹു ഹസ്സൻ 97 ശതമാനത്തിലധികം വോട്ടു നേടി വിജയിച്ചെന്ന അവകാശവാദം അംഗീകരിക്കാത്തവർ തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിക്കുകയാണ്. സുരക്ഷാ സേനയുടെ വെടിയേറ്റാണ് നൂറുകണക്കിനാളുകൾ മരിച്ചത്. തുടക്കത്തില്‍ ഡാര്‍ എസ് സലാമില്‍ കേന്ദ്രീകരിച്ചിരുന്ന പ്രതിഷേധങ്ങള്‍ മ്വാന്‍സ, അരുഷ തുടങ്ങിയ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു.
പ്രധാന വഴികള്‍ യുദ്ധക്കളങ്ങളാക്കി മാറ്റി. കലാപത്തിനിടെ സര്‍ക്കാര്‍ കെട്ടിടങ്ങളും ഓഫീസുകളും വാഹനങ്ങളും കത്തിച്ചു, ഇതിനെ തുടർന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യത്തെ വിന്യസിക്കാനും തീരുമാനിച്ചു. 2025 ഒക്ടോബർ 29 നാണ് തെരഞ്ഞെടുപ്പ് നടന്നത്. അട്ടിമറി ആരോപണവുമായി ഒരു വിഭാഗം തെരുവിലിറങ്ങി വോട്ടെടുപ്പിനെതിരെ പ്രതിഷേധിക്കുകയും വോട്ടെണ്ണൽ തടസ്സപ്പെടുത്തുകയും ചെയ്തതോടെയാണ് സ്ഥിതി കലുഷിതമായത്.