• Sun. Jul 20th, 2025

24×7 Live News

Apdin News

പ്രാണന്റെ വില, പ്രായശ്‌ചിത്തം; വൈദ്യുതി സുരക്ഷാപരിശോധനയ്ക്ക് സര്‍ക്കാര്‍, അനധികൃതനിര്‍മിതികള്‍ പൊളിക്കും

Byadmin

Jul 20, 2025


തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ വളപ്പില്‍ താഴ്‌ന്നുകിടന്ന ലൈനില്‍നിന്നു ഷോക്കേറ്റ്‌ വിദ്യാര്‍ഥി മരിച്ച സംഭവത്തേത്തുടര്‍ന്ന്‌, സംസ്‌ഥാനവ്യാപകമായി സുരക്ഷാപരിശോധന നടത്താന്‍ കെ.എസ്‌.ഇ.ബിക്കും ചീഫ്‌ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടറേറ്റിനും സര്‍ക്കാര്‍ നിര്‍ദേശം. വൈദ്യുതിമേഖലയില്‍ സമീപകാലത്തു നടന്ന വിവിധ അപകടങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ തീരുമാനമെന്നു മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി വ്യക്‌തമാക്കി.

വൈദ്യുതി ലൈനുകളുടെ സുരക്ഷാപരിശോധന കൃത്യമായി നടത്തി, വീഴ്‌ചകളുണ്ടെങ്കില്‍ പരിഹാരനടപടി ഊര്‍ജിതമാക്കണം.

വൈദ്യുതി അപകടങ്ങളെക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ക്കു ബോധവത്‌കരണ ക്ലാസുകള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ എനര്‍ജി മാനേജ്‌മെന്റ്‌ സെന്ററിനാണ്‌ ഇതിന്റെ ചുമതല.

അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ ഓഫീസുകള്‍ക്കു കീഴിലുള്ള പ്രദേശങ്ങളെ തരംതിരിച്ചാകും പരിശോധന. സ്‌കൂളുകളുള്ള പ്രദേശങ്ങളില്‍ പ്രത്യേകപരിശോധന നടത്തും. ആവശ്യമെങ്കില്‍ പുതിയ പോസ്‌റ്റുകള്‍ സ്‌ഥാപിക്കും. വൈദ്യുതി ലൈനുകള്‍ക്കു കീഴിലുള്ള അനധികൃതനിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റും. നടപടിക്കു മുന്നോടിയായി ഉടമയ്‌ക്കു കെ.എസ്‌.ഇ.ബി. നോട്ടീസ്‌ നല്‍കും. അനധികൃതനിര്‍മാണം ഉടമ നീക്കുന്നില്ലെങ്കില്‍ കെ.എസ്‌.ഇ.ബി. പൊളിച്ചുമാറ്റും. ചെലവ്‌ ഉടമയുടെ വൈദ്യുതി ബില്ലില്‍ ഉള്‍പ്പെടുത്തി ഈടാക്കും. അപകടാവസ്‌ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാനും നിര്‍ദേശമുണ്ട്‌.

By admin