ഫാറൂഖ് അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പൊതുസുരക്ഷാ നിയമ പ്രകാരം തടവിലാക്കിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദ്ദേഹം അടക്കമുള്ള ദേശീയവാദികളായ നേതാക്കളെ താഴ്‌വരയില്‍നിന്ന് മാറ്റിനിര്‍ത്തി രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

നേതാക്കളുടെ അഭാവത്തില്‍ ഭീകരവാദികള്‍ പിടിമുറുക്കും. അതോടെ രാജ്യത്തെ മുഴുവനും വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള രാഷ്ട്രീയ ആയുധമായി കശ്മീരിനെ ഉപയോഗിക്കാന്‍ ചിലര്‍ക്ക് സാധിക്കുമെന്നും രാഹുല്‍ ആരോപിച്ചു. കശ്മീരില്‍ ഭീകരവാദികള്‍ക്ക് ഇടം നല്‍കുന്ന തരത്തിലുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും തടവിലാക്കിയ മുഴുവന്‍ മുഖ്യധാരാ നേതാക്കളെയും മോചിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ അടക്കമുള്ള നേതാക്കളെ നേരത്തെ വീട്ടുതടങ്കലിലാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഫാറൂഖ് അബ്ദുള്ളയെ രണ്ടു വര്‍ഷംവരെ വിചാരണയില്ലാതെ തടവില്‍ വെക്കാവുന്ന പൊതുസുരക്ഷാ നിയമപ്രകാരം തടവിലാക്കിയത്.  

Content Highlights: Rahul slams abdulla’s detention, demands immediate release