
പട്ന : എൻഡിഎ സഖ്യത്തെ വെല്ലുവിളിച്ചാണ് രാഹുൽ വോട്ടര്‍ അധികാര്‍ യാത്ര നടത്തിയത് . ബിജെപിയെ തുടച്ച് നീക്കുമെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. എന്നാൽ ബീഹാർ തെരഞ്ഞെടുപ്പ് റിസൽട്ട് വന്നതോടെ വ്യക്തമാകുന്നത് വോട്ടർ അധികാർ യാത്ര നടത്തിയ റൂട്ടിലെ മണ്ഡലങ്ങളിലെല്ലാം കോൺഗ്ര തോറ്റു എന്നാണ്.
ഈ വർഷം ആദ്യം രാഹുൽ ഗാന്ധി സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് ബിജെപി വോട്ടുകൾ മോഷ്ടിക്കുകയാണെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സസാറാമിൽ നിന്ന് ആരംഭിച്ച യാത്ര പട്നയിൽ അവസാനിച്ചു. 25 ജില്ലകളും 110 നിയമസഭാ മണ്ഡലങ്ങളും കടന്ന് ഏകദേശം 1,300 കിലോമീറ്റർ സഞ്ചരിച്ച യാത്ര. എന്നാൽ ഈ പാതയിലെ ഒരു മണ്ഡലം പോലും കോൺഗ്രസിലേയ്‌ക്ക് ചാഞ്ഞില്ല . നിലവിലെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത് കോൺഗ്രസ് മത്സരിച്ച 61 സീറ്റുകളിൽ വാൽമീകി നഗർ, കിഷൻഗഞ്ച്, മണിഹരി, ബെഗുസാരായ് എന്നീ നാല് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ഇപ്പോൾ മുന്നിലുള്ളത് എന്നാണ്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2023 ലെ തെലങ്കാന തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധി നടത്തിയ യാത്രകൾ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സഹായിച്ചുവെന്ന് കോൺഗ്രസ് വിശ്വസിച്ചു. 2022 നും 2024 നും ഇടയിൽ രാഹുൽ നടത്തിയ രണ്ട് പാൻ-ഇന്ത്യ ‘ഭാരത് ജോഡോ’ യാത്രകളിലൂടെ 41 സീറ്റുകൾ നേടാൻ കോൺഗ്രസിന് കഴിഞ്ഞു. തെലങ്കാനയിൽ, അവർ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു. എന്നാൽ ബീഹാറിൽ രാഹുലിന്റെ യാത്രയ്‌ക്ക് അടിപതറി.