ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിയില്‍ ഗുരുതരമായ പിഴവുകളെന്ന് പോലീസിന് നിയമോപദേശം

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ ഗുരുതര പിഴവുണ്ടെന്ന് പോലീസിന് നിയമോപദേശം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ് ഇതുസംബന്ധിച്ച് വാക്കാന്‍ പോലീസിന് നിയമോപദേശം നല്‍കിയത്.

സാക്ഷിമൊഴികളും തെളിവുകളും വിശ്വാസത്തിലെടുക്കാതെയും ബലാത്സംഗകേസില്‍ സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പാലിക്കാതെയുമുള്ള വിധിയില്‍ ഗുരുതര പിഴവുണ്ടെന്നാണ് കണ്ടെത്തല്‍. ഈ പിഴവുകള്‍ ചൂണ്ടിക്കാട്ടി. അപ്പീല്‍ നല്‍കാനാണ് പോലീസ് നീക്കം. കുറ്റപത്രത്തിലെ പിഴവുകളില്‍ വിശദീകരണം നല്‍കി മറ്റൊരു അപ്പീല്‍ പിന്നാലെ നല്‍കും.

അപ്പീല്‍ നല്‍കുന്നതിനായി പോലീസ് മേധാവി വഴി ആഭ്യന്തര സെക്രട്ടറിക്ക് അനുമതിക്ക് അപേക്ഷ നല്‍കും. അമേരിക്കയില്‍ ചികിത്സയിലായിരിക്കുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.