• Mon. Dec 8th, 2025

24×7 Live News

Apdin News

ഭക്തിരസാമൃതമായി നന്ദഗോവിന്ദം

Byadmin

Dec 7, 2025



റയരുതേ… രാധ അറിയരുതേ… എന്ന് പറഞ്ഞതാണ്, പക്ഷേ പകല്‍പോലെ ഉത്തരം സ്പഷ്ടമായി. കാളിന്ദി പോലെ ജനപ്രവാഹം ഒഴുകിയെത്തിയതോടെ ആ രഹസ്യം എല്ലാവരും അറിഞ്ഞു. പിന്നെ അത് ഗുരുവായൂരപ്പന് പോലും ഒളിക്കാനായില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇനി അത് അറിയാന്‍ ലോകത്താരുമില്ല എന്ന അവസ്ഥയായി.

ഗുരുവായൂരിന്റെ ഏകാദശി ഉത്സവകാലം, ആ സന്തോഷത്തിന്റെയും ഭക്തിയുടെയും തിരമാലകളില്‍, കോടതി വിളക്ക് ദിനത്തില്‍, നന്ദഗോവിന്ദം ഭജന്‍സ് വേദിയിലിറങ്ങി. പാടിയവരുടെ ശബ്ദത്തില്‍ നിന്ന് ഒഴുകിയ സംഗീതം കേള്‍വിക്കാരുടെ ഹൃദയത്തിലേക്ക് സ്നേഹത്തിന്റെ ഒഴുക്കുപോലെ പടര്‍ന്നിറങ്ങി. താളത്തിനൊപ്പം കൈകള്‍ ചലിച്ചു, ചുണ്ടുകള്‍ അതിനെ പിന്തുടര്‍ന്നു. വേദിയും പ്രേക്ഷകരും ചേര്‍ന്ന് സൃഷ്ടിച്ച അത്ഭുത നിമിഷം സംഗീതവും ഭക്തിയും ഒത്തുചേര്‍ന്ന് ഒരു സാഗരമായി.

സൗഹൃദത്തിന് വിഷാദവും സ്ട്രെസും കുറയ്‌ക്കാന്‍ പറ്റുമെന്നത് പോലെ, സംഗീതത്തിനും ഭക്തിക്കും അതേ ശക്തിയുണ്ട്. അതിനാല്‍ തന്നെയാകാം, സൗഹൃദത്തിന്റെ ആത്മബന്ധത്തില്‍ പിറന്ന നന്ദഗോവിന്ദം ഭജനുകള്‍ ഇന്ന് അനവധി മനസ്സുകള്‍ക്ക് ആശ്വാസവും സമാധാനവും പകരുന്നത്. ഭക്തിഗാനങ്ങളിലൂടെ അവര്‍ പങ്കുവയ്‌ക്കുന്നത് സംഗീതം മാത്രമല്ല, ഹൃദയസ്പര്‍ശിയായ ആത്മാനുഭവങ്ങളാണ്.

ഗുരുവായൂര്‍ ഞങ്ങളെടുത്തു…

അമ്പലനടയിലൂടെ മുഴങ്ങുന്ന മേളനാദവും മണിയൊലിയും നിറദീപങ്ങളും ഗുരുവായൂരിനെ ഓരോ നിമിഷവും ദൈവാനുഭൂതിയാല്‍ നിറയ്‌ക്കുന്നു. മന്ദമാരുതന്‍ ആ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തെ നിത്യവും തലോടുമ്പോള്‍, ഇവിടെ എത്തുന്നവരുടെ മനസ്സ് സ്വയം ദൈവത്തോട് ചേര്‍ന്ന് പോകുന്നു.

ഗുരുവായൂരമ്പലത്തിന്റെ അതുല്യമായ ആ ഭക്തിഭാവം ഭക്തരുടെ ഹൃദയത്തില്‍ പകരുന്നത് സന്തോഷത്തിന്റെ, സമാധാനത്തിന്റെ ഭാഷയാണ്. ഗുരുവായൂരപ്പന്റെ ദര്‍ശനം ലഭിക്കുന്ന ആ നിമിഷം, ഭക്തന്റെ ഹൃദയം നിറയ്‌ക്കുന്ന അനുഭൂതി വാക്കുകള്‍ക്കതീതമാണ്.

അത്തരം ആത്മീയതയാണ് നന്ദഗോവിന്ദത്തിന്റെ രാഗധാരയിലും നിറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അവരുടെ ഭജനങ്ങള്‍ ഒഴുകിയപ്പോള്‍, ആ സ്വരങ്ങള്‍ ഗുരുവായൂരമ്പലത്തില്‍ നിന്നും ലോകമെമ്പാടും പടര്‍ന്നുപോയി.

നെയ് വിളക്കിന്റെ പ്രഭയില്‍ ഗുരുവായൂരമ്പലം, ഗുരവായൂരപ്പന്റെ ഉത്സവമാഘോഷിക്കാനെത്തിയ ഭക്തരാല്‍ നിബിഢമായ ക്ഷേത്ര പരിസരം.

നന്ദഗോവിന്ദത്തിന്റെ രാഗമഴ പെയ്തിറങ്ങുന്ന രാത്രി ജനസമുദ്രം അമ്പലമുറ്റം മുതല്‍ വഴികളിലേക്കും ഒഴുകിയിരുന്നു.

വേദിയില്‍ മൈക്ക് ഓണാകുമ്പോള്‍ ആ ഗാനധാരയ്‌ക്ക് വേണ്ടി ഗുരുവായൂര്‍ ഒരു നിമിഷം നിശബ്ദമായി കാതോര്‍ത്തു. ആദ്യ താളം പിറന്നയുടന്‍ തന്നെ കയ്യടികള്‍, ചിലരുടെ ചുണ്ടുകള്‍ ചലിച്ചു, ചിലര്‍ കണ്ണടച്ചു നിശ്ശബ്ദമായി ആ സംഗീതത്തില്‍ ലയിച്ചു. താളം മാറുമ്പോഴൊക്കെ ജനക്കൂട്ടം തിരമാലപോലെ ഇളകിയൊഴുകി. വേദി നേരിട്ട് കാണാനാകാത്തവര്‍ക്കിടയിലൂടെ ആ ഭക്തിഭാവം മുന്നിലുള്ളവരിലൂടെ പിന്നിലേക്കും പടര്‍ന്നു.

മതിലുകള്‍ക്കും കെട്ടിടങ്ങളുടെ മുകളിലും കയറി ആ നിമിഷം പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍, ആ വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ ലോകമെമ്പാടും കാഴ്ചക്കാര്‍.
അമ്പല പരിസരം ഇത്രയേറെ ജനസമുദ്രം കണ്ടത് ഏറെക്കാലത്തിനു ശേഷമാണ്. അവര്‍ പാടിയത് ഒരു ഭജനമല്ല, അത് ഒരു അനുഭവമായിരുന്നു. എല്ലാ മുഖത്തും ഒരൊറ്റ ഭാവം ശാന്തി… ഭക്തി… സന്തോഷം…

ഭാവം പ്രസന്നത

നന്ദഗോവിന്ദത്തിന്റെ മറ്റൊരു പ്രത്യേകത അവരുടെ മുഖങ്ങളില്‍ കാണുന്ന ഭാവമാണ്. പാടുമ്പോള്‍ എല്ലാവരുടെയും മുഖത്ത് പ്രസന്നഭാവമാണ്. സംഗീതം വെറും ഭക്തിയല്ല, അത് സന്തോഷം പകരാനുള്ള മാര്‍ഗമാണെന്നും അവര്‍ തെളിയിക്കുന്നു.

സംഗീതത്തിന് അനവധി ഭാവങ്ങളുണ്ടെങ്കിലും, നന്ദഗോവിന്ദം തിരഞ്ഞെടുക്കുന്നത് പ്രസന്നതയും ഊര്‍ജ്ജസ്വലതയുമുള്ള പാട്ടുകളാണ്. കേള്‍ക്കുന്നവരുടെ മനസ്സില്‍ ഒരു ഉന്മേഷം നിറയ്‌ക്കുന്ന രാഗങ്ങള്‍. അതുകൊണ്ടാണ് അവരുടെ വേദികളില്‍ ദുഃഖം പോലും ശാന്തമായ സന്തോഷമായി മാറുന്നത്. പാടുന്നവരുടെ മുഖത്തില്‍ കാണുന്ന ആ ആനന്ദം തന്നെയാണ് പ്രേക്ഷകമനസിലേക്കും മുഖങ്ങളിലേക്കും ഒഴുകുന്നത്.
നാട്ടിലെ സുഹൃത്തുക്കളുടെ വൈകാരിക കൂട്ടായ്‌മയില്‍ നിന്ന് നന്ദഗോവിന്ദമെന്ന കുടുംബമുണ്ടായപ്പോള്‍ എല്ലാവരും സഹോദരരായി. ഈ സംഘത്തിന് പിന്നില്‍ വെറും സംഗീതസ്‌നേഹമല്ല, സൗഹൃദത്തിന്റെ ഇഴയടുപ്പവും ഭക്തിയുടെ ആത്മബന്ധവുമുണ്ട്.

വേദിയില്‍ പാടുമ്പോള്‍ അവര്‍ പരസ്പരം മനസ്സുകള്‍ വായിച്ചറിയുന്നു. സംഗീതത്തിന്റെ സ്വരങ്ങള്‍ അവരില്‍ നിന്ന് പുറപ്പെട്ട് പ്രേക്ഷകമനസുകളിലേക്കെത്തുമ്പോള്‍ അത് ഒരു വേദിപ്രകടനമല്ല, ആത്മാവിനെ സ്പര്‍ശിക്കുന്ന ഒരു യാത്രയാണ്. തുടക്കം മുതല്‍ ഉള്ളവര്‍, തുടങ്ങി ഒരു വര്‍ഷം മുന്‍പ് ഭാഗഭാക്കായവര്‍ വരെ സംഘത്തിലുണ്ട്. എല്ലാവര്‍ക്കും ഒരേ മനസും ഒരേ താളവുമാണ്.

ആത്മാവും ശരീരവും
നന്ദഗോവിന്ദത്തിന്റെ ആത്മാവ് നവീനാണ്, ശരീരം ബാക്കിയുള്ള എല്ലാ അംഗങ്ങളും. ഇറഞ്ഞാല്‍ ദേവീക്ഷേത്രത്തിലെ മാനേജരായിരുന്ന രാജേന്ദ്ര പണിക്കര്‍ ഭജനയോട് അത്യന്തം താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നു. നാട്ടില്‍ മലയാളമാസം ഒന്നാം തീയതികളിലും വിശേഷദിനങ്ങളിലും മണ്ഡലകാലങ്ങളിലും നടക്കുന്ന ഭജനകളില്‍ അദ്ദേഹം പ്രധാന പാട്ടുകാരനായിരുന്നു. അക്കാലത്ത് ശ്രീ ദുര്‍ഗ്ഗാ ഭജനസമിതി എന്നായിരുന്നു ഭജനസംഘത്തിന്റെ പേര്. പാടാന്‍ പ്രാവീണ്യമുള്ള, കര്‍ണാട്ടിക് സംഗീതം പഠിക്കുന്ന ഒമ്പതാംക്ലാസുകാരന്‍ നവീനെയും അദ്ദേഹം ഭജനയ്‌ക്ക് കൂടെ കൂട്ടി.

2000ല്‍ രോഗബാധിതനായപ്പോള്‍ അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെട്ടു. ഭജനകള്‍ അദ്ദേഹത്തിന് ആശ്വാസമാകുമെന്ന ആശയത്തിലാണ് നവീനും സുഹൃത്തുക്കളായ പ്രവീണും ശ്രീലാലും, രാജേന്ദ്രപണിക്കരുടെ സുഹൃത്തായ ഹരിരാജും ചേര്‍ന്ന് ഭജനകള്‍ സജീവമാക്കിയത്. അങ്ങനെ സൗഹൃദവും സംഗീതവും ചേര്‍ന്ന യാത്ര തുടങ്ങി. നട്ടാശ്ശേരി ഇറഞ്ഞാല്‍ ദേവീക്ഷേത്രമായിരുന്നു ആദ്യ വേദി. വേമ്പിന്‍കുളങ്ങര ക്ഷേത്രവും സമീപത്തുള്ള ക്ഷേത്രങ്ങളുമായിരുന്നു ഭജനസമിതിയുടെ സ്ഥിരം വേദികള്‍.

ഭജനകള്‍ സമീപ ക്ഷേത്രങ്ങള്‍ കടന്ന് നട്ടാശേരിക്കും പുറത്തേക്കും വ്യാപിച്ചു. അക്കാലത്ത് നന്ദഗോവിന്ദമെന്ന പേര് നിര്‍ദ്ദേശിച്ചത് ഹരിരാജാണ്. ഉത്സവകാലങ്ങളില്‍ കിട്ടുന്ന വേദികളൊക്കെയായി വര്‍ഷങ്ങളോളം നന്ദഗോവിന്ദം ശൈശവാവസ്ഥയിലായിരുന്നു. 2017 ല്‍ യുഎഇയില്‍ ജോലിക്ക് പോയ നവീന്‍ അവിടെയും നന്ദഗോവിന്ദത്തിന് ഒരു കൂട്ടായ്‌മ ഉണ്ടാക്കി. പരിപാടികള്‍ ഇല്ല, എങ്കിലും പരിശീനം മുടക്കിയല്ല.
അംഗങ്ങള്‍ ഒത്തുകൂടി യുഎഇയിലും നാട്ടിലും പ്രാക്ടീസ് ചെയ്തു. ആ സെഷനുകള്‍ വീഡിയോയാക്കി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റു ചെയ്തു. വീഡിയോകള്‍ വൈറലായതോടെ വീണ്ടും വേദികള്‍ കിട്ടിത്തുടങ്ങി. അപ്പോളേക്കും കൊറോണക്കാലമായി.

ആ കാലമാണ് നന്ദഗോവിന്ദത്തിന് വളര്‍ച്ചയുടെ പടവായത്. സോഷ്യല്‍ മീഡിയയിലൂടെ ലൈവ് സെഷന്‍ ആരംഭിച്ചു. മനോഹരി രാധേ.. എന്നുള്ള ഗാനം വൈറലായതോടെ നന്ദഗോവിന്ദത്തിന് കാഴ്ചക്കാര്‍ കൂടി. കഴിഞ്ഞ വര്‍ഷം സംഘത്തിലുണ്ടായിരുന്ന പ്രവീണ്‍ കാനഡയ്‌ക്ക് പോയി, അവിടെയുമുണ്ട് ഇപ്പോള്‍ നന്ദഗോവിന്ദം.

നന്ദഗോവിന്ദം വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ കൂട്ടിനുണ്ടായിരുന്നു യുഎഇ സംഘം. സോഷ്യല്‍ മീഡിയയിലൂടെ നന്ദഗോവിന്ദം ലോകമറിയുമ്പോള്‍ അതിന് പിന്നില്‍ യുഎഇയിലെ കലാകാരന്മാരുടെ പങ്ക് വലുതാണ്.

ഭജന്‍ കണക്ട്
ഭജനയെ വേദി പ്രകടനം മാത്രമാക്കാതെ, പ്രേക്ഷകരെയും അതിന്റെ ഭാഗമാക്കുക എന്ന നവീന്റെ ആശയമാണ് ഭജന്‍ കണക്ട്.

പാട്ടുകള്‍ പ്രേക്ഷകമനസ്സിലേക്ക് കടക്കുന്ന അനുഭവമാക്കുക. ആ അനുഭവം തന്നെയാണ് നന്ദഗോവിന്ദത്തെ മറ്റെല്ലാ സംഘങ്ങളില്‍ നിന്നും വ്യത്യസ്തമാക്കിയത്. പാട്ടുകള്‍ കേള്‍ക്കുന്നവരും പാടുന്നവരും ഒരുപോലെ അനുഭവത്തിന്റെ ഭാഗമാകുന്നു; കേള്‍ക്കുന്നവരുമായുള്ള വൈകാരിക ബന്ധം തന്നെയാണ് ഭജന്‍ കണക്ട് ലക്ഷ്യമിടുന്നത്.

പാട്ട് തന്നെ പല പാട്ടുകളുടെ രാഗങ്ങളെയും താളങ്ങളെയും ചേര്‍ത്തു അവതരിപ്പിക്കപ്പെടുന്നു, അതിനാല്‍ പ്രേക്ഷകരില്‍ പുതിയ അനുഭവങ്ങള്‍ പിറക്കുകയും, ഭക്തി മുഴുവനായി ഹൃദയങ്ങളില്‍ പതിക്കുകയും ചെയ്യുന്നു. പാടുന്നവരും കേള്‍ക്കുന്നവരും ഒരേ താളത്തിലേക്ക് ലയിച്ച്, കൈകള്‍ താളമിട്ട്, തലയാട്ടി സംഗിത പ്രവാഹത്തിലേക്ക് ചേരുന്നു. ഫലമോ ആസ്വാദനത്തിന്റെ, ഭക്തിയുടെ, ആഹ്ലാദത്തിന്റെ പൂരപ്പറമ്പാകുന്നു നന്ദഗോവിന്ദം പെയ്തിറങ്ങുന്ന വേദികള്‍.

നന്ദഗോവിന്ദം മൊത്തത്തില്‍ ഒരു ബന്ധം ആണ് -അതിന്റെ ലോഗോ പോലും ആ ബന്ധത്തിന്റെ പ്രതീകമാണ്. നവീന്‍, സുഹൃത്തായ പ്രവീണ്‍, പ്രവീണിന്റെ സുഹൃത്ത് ശ്രീലാല്‍.. ഇങ്ങനെ ചങ്ങല പോലെ കണക്ട് ചെയ്യപ്പെട്ട കൂട്ടായ്‌മയാണ് നന്ദഗോവിന്ദത്തിന്റെ അടിത്തറ. ആ കണക്ഷന്‍ തന്നെയാണ് അവര്‍ ആസ്വാദകരേക്കും എത്തിക്കുന്നത് അതോടെ ഹൃദയങ്ങളെയും ഭക്തിയെയും ഒത്തു ചേര്‍ക്കുന്ന, താളത്തിലും സ്വരത്തിലും നിറഞ്ഞ സംഗീതബന്ധം സൃഷ്ടിക്കുന്നു.

ഏത് വേദിയിലേക്ക് എത്തിയാലും ആ നാടിന്റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയാണ് നന്ദഗോവിന്ദത്തിന്റെ മടക്കം. വേദിയില്‍ ഉയരുന്ന സംഗീതം ഒരു ദിശയിലേക്ക് അല്ല ഒഴുകുന്നത് തിരകള്‍ പോലെ പടര്‍ന്ന് ജനക്കൂട്ടത്തെ മുഴുവന്‍ അവരെല്ലാവരുടെയും ശബ്ദമായി ചേര്‍ന്ന് വലിയ ഭക്തി സ്രോതസ്സായി ഉയരുന്നു. തലയാട്ടിയും താളം പിടിച്ചും കൈകള്‍ ഉയര്‍ത്തിയും മുഴുവന്‍ ആളുകളും ആ സംഘത്തിനൊപ്പം ചേരുന്നു. ആ നിമിഷങ്ങള്‍ നന്ദഗോവിന്ദം വേദിയില്‍ മാത്രം നില്‍ക്കുന്നവരല്ല, ആസ്വാദകരും നന്ദഗോവിന്ദത്തിന്റ ഭാഗമാകുന്നു. അവരെ കാണാന്‍, പാട്ട് കേള്‍ക്കാന്‍ മാത്രമല്ല, ഒരുമിച്ച് പാടാന്‍ അവരുടെ സ്വരത്തിന്റെ ഭാഗമാകാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തുന്നത് അതുകൊണ്ടാണ്.’

ഓരോ വേദിയും നിറഞ്ഞൊഴുകി കേരളത്തിന്റെ അതിര്‍ത്തികള്‍ കടന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും പടര്‍ന്ന് ലോകത്തിന്റെ വിവിധ കോണുകളിലെ മലയാളികളുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഒരു സംഗീത പ്രവാഹമായി നന്ദഗോവിന്ദം മാറി

പ്രേക്ഷകരും കുടുംബാംഗങ്ങളും കരുത്ത്

അന്നും ഇന്നും എന്നും പ്രചോദനം പ്രേക്ഷകരും കുടുംബാംഗങ്ങളുമാണ്. അവരുടെ പിന്തുണയും ആത്മവിശ്വാസവും തന്നെയാണ് വേദിയില്‍ നില്‍ക്കാനുള്ള കരുത്ത്. 5000-ത്തിലധികം വേദികളില്‍ പാടി വന്ന അനുഭവം പ്രേക്ഷകമനസ്സ് വായിക്കാന്‍ സഹായിച്ചു. ആ അനുഭവം കൊണ്ടാണ് പാട്ടുകള്‍ തിരഞ്ഞെടുക്കുന്നത്. പ്രായമുള്ളവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ പാടാനാവുന്ന രാഗങ്ങള്‍. എളുപ്പത്തില്‍ ഓര്‍ക്കാവുന്ന, പാടാവുന്ന, ഹൃദയത്തില്‍ തൊടുന്ന പാട്ടുകള്‍ എന്നതാണ് അവരുടെ വിജയമന്ത്രം.

പാട്ടുകള്‍ തിരഞ്ഞെടുക്കുന്നത് നവീന്‍, പ്രവീണ്‍, ശ്രീലാല്‍, മനു, അഭി എന്നിവര്‍ ചേര്‍ന്നാണ്. ഇവരാണ് പ്രധാന ഗായകരും. മാനേജരും വോക്കല്‍ ഗായകനുമായ ഉണ്ണികൃഷ്ണന്‍ രാജേന്ദ്ര പണിക്കരുടെ മകനാണ്. ‘എന്‍.ജി.’ എന്ന ലോഗോ നവീന്റെ ഭാര്യ ശ്രീദേവിയുടെ ആശയമാണ്. പരിശീലനത്തിനും അവതരണത്തിനുമായി ദിവസങ്ങളോളം വീടിനെ, വീട്ടുകാരെ, ഉത്തരവാദിത്തങ്ങളെ മാറ്റിവച്ച് ഇവര്‍ വിട്ടുനില്‍ക്കുമ്പോള്‍ അവരുടെ അഭാവം നികത്തി ആ ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ നിറവേറ്റി അംഗങ്ങളുടെ കുടുംബങ്ങളും നന്ദഗോവിന്ദത്തിന്റെ ഭാഗമാകുന്നു.

ലോകമൊട്ടാകെ സംഗീതയാത്ര

സോഷ്യല്‍ മീഡിയയിലൂടെ നന്ദഗോവിന്ദം ഭജനുകള്‍ ഇന്ന് അത്ഭുതകരമായ സ്വീകാര്യത നേടി. ഭാരതത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഭജന അവതരിപ്പിച്ചു. യുഎഇയിലെ എല്ലാ എമിറേറ്റ്‌സിലും, കുവൈറ്റ്, ഒമാന്‍, ഉഗാണ്ട, കെനിയ രാജ്യങ്ങളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 2026 ല്‍ പല രാജ്യങ്ങളിലേക്കും ബുക്കിങ് നടക്കുന്നു. ഏപ്രിലില്‍ ഓസ്‌ട്രേലിയയില്‍ പ്രോഗാമുണ്ട്.

ദുബായിലെ സംഘം നവീന്‍ നേതൃത്വം വഹിക്കുമ്പോള്‍, കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ പ്രവീണ്‍ നിയന്ത്രിക്കുന്നു. കേരളത്തില്‍ ശ്രീലാലും മനുവും.

ഇതിലൂടെ വിദേശങ്ങളിലേക്ക് യാത്രചെയ്യാനും വ്യത്യസ്ത സാംസ്‌കാരിക വേദികളില്‍ സംഗീതം പങ്കുവയ്‌ക്കാനും അംഗങ്ങള്‍ക്ക് അവസരമൊരുങ്ങി. ഭാഷയുടെ മതിലുകള്‍ പോലും സംഗീതത്തിന്റെ മുന്നില്‍ നിലനിന്നില്ല. ഭക്തിയും സംഗീതവും ചേര്‍ന്നാല്‍ അത് ഒരു സര്‍വഭാഷയാണെന്ന് അവര്‍ തെളിയിച്ചു.

ഇരുപത്ത് വര്‍ഷത്തെ യാത്ര

സൗഹൃദത്തിന്റെ സംഗീതയാത്രയായി ആരംഭിച്ച നന്ദഗോവിന്ദം ഇരുപത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നത് ജന്മനാടായ കോട്ടയത്ത് ‘ഭജന്‍ കണക്ട്’ അവതരിപ്പിച്ചാണ്. നട്ടാശ്ശേരിയും കേരളവും കടന്ന് കടലിനപ്പുറം പോയ കൂട്ടയ്‌മയ്‌ക്ക് ജന്മനാട് നല്‍കുന്ന പിന്തുണ കോട്ടയത്ത് ഒരു ഭക്തജന സാഗരം സൃഷ്ടിക്കും. അത് കോട്ടയത്തിന് മറക്കാനാവാത്ത ഒരു ദിനമാക്കാനുള്ള പരിശ്രമത്തിലാണ് സംഘം. ഈ ദീര്‍ഘയാത്രയിലെ ഓരോ നിമിഷവും അവര്‍ സംഗീതത്തിലൂടെ ജീവിതത്തെ ആഘോഷിച്ചതുപോലെ, കോട്ടയത്തെയും ആഘോഷത്തിന്റെ ഭാഗമാക്കും. വേദിയും സംഗീതവും മാത്രമല്ല, അതിനൊപ്പം 25 വര്‍ഷത്തെ ഓര്‍മ്മകളും ആത്മബന്ധങ്ങളുമാണ് അവര്‍ പങ്കുവയ്‌ക്കുന്നത്.

പ്രതികരണങ്ങള്‍ ഒരുപാട് ലഭിക്കാറുണ്ട്. എങ്കിലും ഹൃദയത്തില്‍ തട്ടിയ പ്രതികരണങ്ങളില്‍ ഒരെണ്ണം മകന്‍ നഷ്ടപ്പെട്ട ഒരമ്മയ്‌ക്ക് നന്ദഗോവിന്ദത്തിന്റെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആ നഷ്ടപ്പെട്ട മകന്‍ കൃഷ്ണരൂപത്തില്‍ അമ്മയുടെ അടുത്ത് വന്നുനില്‍ക്കുന്നു എന്നനുഭവപ്പെടുന്നു എന്ന് പറഞ്ഞതാണ്. ആ അമ്മ സംഘത്തില്‍ ആരെയും ഇതുവരെ നേരില്‍ കണ്ടിട്ടില്ല. കണ്ടാല്‍ ഈ ഒരനുഭവം നഷ്ടപ്പെടുമോ എന്നുള്ളതിനാല്‍ കാണണ്ട എന്നാണ് ആ അമ്മ പറയുന്നത്.

സംഗീതം ലഹരിയാകുമ്പോള്‍

ഭക്തിക്ക് പ്രാധാന്യം കുറഞ്ഞ് അലുക്കുലുത്ത് പാട്ടുകള്‍ക്കൊപ്പം യുവതലമുറ പോകുമ്പോള്‍ ഭക്തിക്കൊപ്പം വഴിമാറ്റി കൊണ്ടുവരിക ശ്രമപ്പെട്ട ജോലിയാണ്. ആ ജോലി എറ്റെടുത്താണ് നന്ദഗോവിന്ദം വിജയം കണ്ടെത്തിയത്.

മാനസിക സമ്മര്‍ദ്ദമുള്ള സമൂഹത്തില്‍ പലരും താല്‍ക്കാലിക ആശ്വാസത്തിനായി ലഹരികള്‍ തേടുമ്പോള്‍, നന്ദഗോവിന്ദം ഭജന്‍സ് സംഗീതത്തെയും ഭക്തിയെയും ഒരു പോസിറ്റീവ് ലഹരിയാക്കി മാറ്റുകയാണ്. സംഗീതം ആത്മീയ ലഹരിയാണ് അത് മയക്കുകയല്ല, മറിച്ച് ഉണര്‍ത്തുകയാണ് ചെയ്യുന്നത്. ഭക്തിയും സംഗീതവും ചേര്‍ന്ന് നല്‍കുന്ന ആത്മശാന്തി ആധുനിക ലോകം മറന്നുപോയ മരുന്നാണ്.

ഭജനയ്‌ക്കുള്ള തയ്യാറെടുപ്പ് പലപ്പോഴും ഓണ്‍ലൈനിലാണ്. അംഗങ്ങള്‍ പലരും പല സ്ഥലങ്ങളിലായതിനാല്‍ ബന്ധപ്പെടുന്നത് കൂടുതലും ഓണ്‍ലൈന്‍ മീറ്റിംഗുകളിലൂടെയാണ്. കൂട്ടുകാരുടെ വീടുകളും പരിശീലന വേദിയാകാറുണ്ട്. പാട്ടുകള്‍ തിരഞ്ഞെടുക്കല്‍, കീര്‍ത്തനങ്ങള്‍ പാടല്‍, സംഗീതസംവാദങ്ങള്‍ എല്ലാം കൂട്ടായ്‌മയായാണ്. എറെ ചര്‍ച്ചകള്‍ നടത്തി പരീക്ഷിച്ചു നോക്കി, വീണ്ടും പാടി പാടി പരിശീലിച്ചാണ് വേദികളിലെത്തുന്നത്. കണക്ഷനുവേണ്ടി ചില പാട്ടുകളുടെ ലിറിക്‌സില്‍ നേരിയ മാറ്റം വരുത്തും. ചില പാട്ടുകള്‍ വേദികളില്‍ വച്ചുതന്നെ സ്വാഭാവികമായി ഒരാളുടെ നാവില്‍ വരും. ആ നിമിഷം തന്നെ അതിനൊപ്പം ചേരാന്‍ കൂടെയുള്ളവര്‍ക്ക് സാധിക്കുന്നുവെന്നതാണ് നന്ദഗോവിന്ദത്തിനൊപ്പമുള്ള ദൈവസാന്നിധ്യം.

കൂട്ടത്തില്‍

ഉണ്ണി കൃഷ്ണന്‍, ഹരികൃഷ്ണന്‍, ഹരികൃഷ്ണന്‍ മാന്നാര്‍, ഹരിരാജ്, വൈഷ്ണവ് എന്നിവരാണ് കോറസ് പാടുന്നത്. ഹാര്‍മോണിയം-രാജേഷ് ജയന്‍, റിഥം-ബിപിന്‍ വൈക്കം, മൃദംഗം-വിഷ്ണു തിരുവഞ്ചൂര്‍, ടോല്‍കി-അപ്പു തിരുവഞ്ചൂര്‍, വയലിന്‍-ജയകൃഷ്ണന്‍, അഖില്‍-കൃഷ്ണന്‍, കീ ബോര്‍ഡ്-സിഥാര്‍ത്ഥ്.

ഭക്തിയും സംഗീതവും മനുഷ്യഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ദൈവിക ഭാഷകളാണ്. ഇതിന് മതവും ഭാഷയുമൊന്നും പ്രശ്നമല്ല. നന്ദഗോവിന്ദത്തിന്റെ ഭജനങ്ങള്‍ അത് തെളിയിച്ചു. അവര്‍ പാടിയത് വെറും ഗാനം മാത്രമല്ല, മനുഷ്യരെ ഒരുമിപ്പിക്കുന്ന പ്രണയത്തിന്റെ ശബ്ദമായിരുന്നു. ഭക്തിയിലൂടെ, രാഗങ്ങളിലൂടെ, അവര്‍ സമൂഹത്തോട് പറയുന്നത് ഒരേ സന്ദേശം-ഒരുമയാണ് ശക്തി, സ്‌നേഹമാണ് മാര്‍ഗം. സമൂഹം ഭക്തിയുടെയും സംഗീതത്തിന്റെയും ശുദ്ധമായ ഈ ഭാഷ മനസ്സിലാക്കുമ്പോള്‍, അതിന്റെ പ്രവര്‍ത്തനവും ബന്ധങ്ങളും കൂടുതല്‍ നന്മയിലേക്ക് വളരും. ദൈവത്തോടും മനുഷ്യരോടും ഒരുപോലെ ചേര്‍ത്ത് നില്‍ക്കുന്ന ഒരു ഭക്തിപഥം.

നട്ടാശ്ശേരി ഇളങ്ങാനൂര്‍ വീട്ടില്‍ രാജേന്ദ്രപണിക്കര്, പ്രവീണ്‍

എല്ലാമെല്ലാം….

ട്ടാശ്ശേരി ഇളങ്ങാനൂര്‍ വീട്ടില്‍ രാജേന്ദ്ര പണിക്കരെന്ന പണിക്കരേട്ടനാണ് നന്ദഗോവിന്ദത്തിന്റെ എല്ലാമെല്ലാം.

2000 ല്‍ നന്ദഗോവിന്ദം രൂപീകരിക്കുമ്പോള്‍ പലരും ഈ സമിതിയുടെ ഭാഗമായിരുന്നെങ്കിലും നാട്ടിലെ ഒരു ഭജന സമിതി നന്ദഗോവിന്ദമായതിനു പിന്നില്‍ പണിക്കരേട്ടനാണ്. ഒരു സമയത്തു നന്ദഗോവിന്ദം ഇപ്പോള്‍ ഇല്ല എന്നുള്ള സംസാരം ഉണ്ടായിരുന്നപ്പോള്‍ പോലും എല്ലാവരെയും എന്നും ഫോണില്‍ വിളിച്ചു ആ ബന്ധങ്ങള്‍ എല്ലാക്കാലത്തും സജീവമായി നിര്‍ത്തിയത് അദ്ദേഹമാണ്. ഈ കൂട്ടായ്‌മ എന്നും ഇങ്ങനെ ഉണ്ടാവണം എന്ന പണിക്കരേട്ടന്റെ കാഴ്ചപ്പാടാണ് എല്ലാവരും ഇന്ന് കാണുന്ന നന്ദഗോവിന്ദം.

സംഗീതത്തോടുള്ള അടങ്ങാത്ത ആവേശവും സ്‌നേഹവും വലിയ പ്രതിസന്ധികളില്‍ പോലും മനുഷ്യരെ തളരാതെ പിടിച്ചു നിര്‍ത്തും.

അത്തരത്തില്‍ സംഗീതത്തിന്റെ ലോകത്ത് സ്വയം മതിമറന്ന് ജീവിച്ചയാളാണ് പണിക്കരേട്ടന്‍. പണിക്കരേട്ടന്‍ ഇറഞ്ഞാല്‍ ക്ഷേത്രത്തിലെ മാനേജര്‍ സ്ഥാനത്ത് തുടരുന്ന സമയം. മില്ലിലെ പാക്കിങ് കേസുകള്‍ ചെയ്യുന്ന ജോലി തിരക്കിലും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൂടെ കൊണ്ട് നടന്നിരുന്നു.

അമ്പലങ്ങളില്‍ ഭജന നടത്താനും തലമുറകളിലേക്ക് ആ ശീലം പകര്‍ന്നു നല്‍കാനും പണിക്കരേട്ടന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. എങ്കിലും തന്റെ ജീവിതത്തില്‍ അപ്രതീക്ഷിമായി കടന്ന് വന്ന ട്യൂമര്‍ എന്ന ശത്രുവിനോട് പോരാടുന്ന വേളയില്‍, മൂന്നാമതായി ചെയ്ത ശസ്ത്രക്രിയയില്‍ ഉണ്ടായ പിഴവ് മൂലം കാഴ്ചശക്തി പൂര്‍ണമായി നശിച്ചു.
പിന്നീടങ്ങോട്ട് അന്ധകാരം നിറഞ്ഞ ജീവിതത്തില്‍ അകക്കണ്ണിനു വെളിച്ചമായും വഴികാട്ടിയായും മാറിയത് ശുദ്ധമായ സംഗീതം തന്നെയാണ്. നന്ദഗോവിന്ദത്തിന്റെ വളര്‍ച്ച് കണ്ട മനം നിറഞ്ഞ് 2024 ല്‍ അദ്ദേഹം വിട്ടുപിരിഞ്ഞു.

ഞാനുമുണ്ട് ഇക്കൂടെ

ടീമിനൊപ്പം ഇല്ല എന്നുള്ള ഒരു സങ്കടം മാറ്റിനിര്‍ത്തി നന്ദഗോവിന്ദത്തിന്റെ ഓരോ വേദിയും വീഡിയോകളും അത്യധികം സന്തോഷത്തോടെ പല ആവര്‍ത്തി കാണുകയാണ് പ്രവീണ്‍ കാനഡയിലിരുന്ന്.

മനസ്സില്‍ വേരുറച്ച നന്ദഗോവിന്ദത്തെ രാജ്യങ്ങള്‍ക്കപ്പുറമെന്ന അകലത്ത് നിര്‍ത്താന്‍ പോലുമാവില്ലാത്തതുകൊണ്ടാണ് കാനഡയില്‍ എത്തി മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇവിടെയും ഒരു ടീമിനെ പരിശീലിപ്പിച്ചെടുത്തത്. നാട്ടിലെ ടീമിനൊപ്പം ചേര്‍ന്നുള്ള ഒരു ഭജന്‍ കണക്ടില്‍ പങ്കെടുക്കാനുള്ള യാത്രയ്‌ക്ക് തയാറെടുക്കുകയാണ് പ്രവീണ്‍.

 

By admin