ഭാര്യ ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതി ഉത്തരവിനെതിരേ യുവതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഭര്‍തൃവീട്ടുകാരുടെ അതിക്രമത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ടെങ്കിലും ഭര്‍ത്താവിനെ ഇഷ്ടപ്പെടുന്നതായും അതിനാല്‍ വിവാഹബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ശാരീരിക ബന്ധം നിഷേധിക്കുന്നതായും വിവാഹേതരബന്ധമുണ്ടെന്ന് യുവതി തന്നെ സംശയിക്കുന്നതായും ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. യുവാവിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി യുവതിയുടെ ഹര്‍ജി തള്ളുകയായിരുന്നു.
2013-ലാണ് ഇവര്‍ വിവാഹിതരാകുന്നത്. എന്നാല്‍ 2014-മുതല്‍ ദമ്പതിമാര്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് വിവാഹമോചനം തേടി പുണെയിലെ കുടുംബകോടതിയെ സമീപിക്കുന്നത്.