• Sun. Dec 7th, 2025

24×7 Live News

Apdin News

ഭര്‍ത്തൃഹരിയുടെ ഭാഷാദര്‍ശനം -6: ഭാഷാതത്ത്വം അനശ്വരം

Byadmin

Dec 7, 2025



വൈദിക സത്യമാകുന്ന ഏകാത്മ ദര്‍ശനവും, അതുള്‍ക്കൊള്ളുന്ന ധര്‍മ്മചിന്തയും ഭാരതീയ പൈതൃകത്തിന്റെ അകംപൊരുളാണ്. അതിനാല്‍ത്തന്നെ ഭാരതത്തില്‍ മിക്കവാറും എല്ലാ പുരാതന വൈജ്ഞാനിക മേഖലകളും ഈ തത്ത്വചിന്തയോട് അത്യധികം കടപ്പെട്ടിരിക്കുന്നു. ഭാഷാ ശാസ്ത്രത്തില്‍ വൈദിക ദര്‍ശനത്തിന്റെ സ്വാധീനം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് വൈയ്യാകരണന്മാരുടെ സിദ്ധാന്തങ്ങളിലാണ്. ഭര്‍ത്തൃഹരി ഭാഷാശാസ്ത്രകാരന്‍ മാത്രമല്ല, ഭാഷാതത്ത്വചിന്തകനുമാണ്. അതിനാല്‍ വാക്യപദീയത്തിലെ ഭാഷാശാസ്ത്രത്തെ തത്ത്വചിന്തയില്‍ നിന്ന് വേര്‍പ്പെടുത്തി കാണാനാവില്ല.
ഭാഷയുടെ വേര് അതീന്ദ്രിയമായിട്ടുള്ള സൂക്ഷ്മതത്ത്വത്തിലാകുന്നു എന്നതാണ് ഭര്‍ത്തൃഹരിയുടെ ദര്‍ശനം. ഭാഷയുടെ അനശ്വരമായ ഈ അടിസ്ഥാനം ‘സ്ഫോടം’ എന്ന പേരില്‍ അറിയപ്പെട്ടു. ഈ അതീന്ദ്രിയ ശക്തിയാണ് ഭാഷയെ ആശയ വിനിമയത്തിന് യോഗ്യമാക്കിത്തീര്‍ക്കുന്നത്. അര്‍ത്ഥം പ്രകടമാക്കാനുള്ള വാക്കിന്റെ സാമര്‍ത്ഥ്യം, അത് പ്രാപ്തമാക്കാനുള്ള ധാരണാശേഷി എന്നിവയ്‌ക്ക് അടിസ്ഥാനം സ്ഫോടമാണ്.
സ്ഫോട സിദ്ധാന്തത്തിന് തുടക്കം കുറിച്ചത് ബി.സി. ഏഴാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടക്ക് ജീവിച്ചിരുന്ന ഔദുംബരായണന്‍ എന്ന വൈയ്യാകരണനാണെന്ന അഭിപ്രായമുണ്ട്. യാസ്‌കന്‍ പദവാദിയായിരുന്നെങ്കിലും തന്റെ ‘നിരുക്ത’ത്തില്‍ രേഖപ്പെടുത്തുന്നത് ഔദുംബരായണന്‍ വാക്യസ്ഫോടത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നുവെന്നാണ്. പക്ഷേ ഔദുംബരായണന്റെ കൃതികളൊന്നും ഇപ്പോള്‍ ലഭ്യമല്ല. പാണിനി ‘അഷ്ടാധ്യായി’യില്‍ സ്ഫോടായനന്‍ എ വൈയ്യാകരണനെയാണ് സ്ഫോട വാദവുമായി ബന്ധിപ്പിക്കുന്നത്. നാഗേശഭട്ടന്‍ മുതലായ വാക്യപദീയത്തിന്റെ വ്യാഖ്യാതക്കളില്‍ ചിലര്‍ വ്യാഡി എന്ന വൈയ്യാകരണനെയും സ്ഫോടതത്ത്വത്തിന്റെ പ്രഥമവക്താവായി പരാമര്‍ശിക്കുന്നുണ്ട്.

പതഞ്ജലി ‘മഹാഭാഷ്യ’ത്തില്‍ ‘സ്ഫോട’ ശബ്ദത്തിന് സാങ്കേതിക അര്‍ത്ഥം കല്പിക്കുന്നുണ്ട്. ഇതനുസരിച്ച് ഉച്ചരിക്കപ്പെടുന്ന ധ്വനികളുടെ അനശ്വരമായ അന്തസ്സത്തയാണ് സ്ഫോടം. സ്ഫോടത്തിന്റെ ആദ്യകാല പ്രയോക്താക്കള്‍ ആരായിരുന്നാലും ഭര്‍ത്തൃഹരിയാണ് ഈ സിദ്ധാന്തത്തെ വിപുലമായി വിശദീകരിച്ച് വ്യവസ്ഥാപിതമാക്കിയത്. ഭര്‍ത്തൃഹരിയുടെ ദര്‍ശനത്തില്‍ സ്ഫോടം ശബ്ദബ്രഹ്‌മത്തില്‍ നിന്ന് വ്യത്യസ്തമല്ല. ശബ്ദബ്രഹ്‌മം പ്രപഞ്ചത്തിന്റെ മുഴുവന്‍ ആന്തരിക തത്ത്വവുമാകുന്നു. ഭാഷയുടെ പ്രത്യേക തലത്തില്‍ ഇതുതന്നെയാണ് ‘സ്ഫോടം’ എന്ന പേരില്‍ വിളിക്കപ്പെടുന്നത്.

സ്ഫോടം, പദസ്ഫോടം, വാക്യ സ്ഫോടം

വ്യത്യസ്തമായിട്ടുള്ള പ്രപഞ്ചഘടകങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ആധാരം ‘ശബ്ദബ്രഹ്‌മം’ എന്ന പേരിലും, ഭാഷയുടെ വ്യത്യസ്ത ഘടകങ്ങളെ ഇണക്കിച്ചേര്‍ത്ത് ആശയവിനിമയ സമര്‍ത്ഥമാക്കുന്ന അതിനുള്ളിലെ അഭിന്നശക്തി ‘സ്ഫോടം’ എന്ന പേരിലും അറിയപ്പെട്ടു. ആത്യന്തിക സത്യസൂചകമാകുന്ന ‘ബ്രഹ്‌മം’ എന്ന പദത്തിന്റെയും ‘സ്ഫോട’ത്തിന്റെയും ധാതുശബ്ദങ്ങള്‍ ഒരേ അര്‍ത്ഥമുള്‍ക്കൊള്ളുന്ന കാര്യം ഇവിടെ ശ്രദ്ധേയമാണ്. ബ്രഹ്‌മശബ്ദത്തിന്റെ ‘ബൃഹ്’ എന്ന ധാതുവിനും സ്ഫോടത്തിന്റെ ‘സ്ഫുട്’ ധാതുവിനും ‘പൊട്ടിവിടരുക’ അഥവാ ‘വികസിക്കുക’ എന്നിങ്ങനെ സമാനമായ അര്‍ത്ഥമുണ്ട്.

ഭാഷ വ്യത്യസ്ത വര്‍ണങ്ങള്‍, പദങ്ങള്‍, വാക്യങ്ങള്‍ എന്നിങ്ങനെ നാനാവിധ ഘടകങ്ങളോടുകൂടിയതാണല്ലോ. ഇവയുടെയെല്ലാം ആധാരം ഏകമായിട്ടുള്ള സ്ഫോടമായതിനാല്‍ ഓരോ ഘടകത്തിനും ആധാരം സ്ഫോടം തന്നെയാകുന്നു. അതിനാല്‍ വര്‍ണ സ്ഫോടം, പദസ്ഫോടം, വാക്യ സ്ഫോടം എന്നിങ്ങനെ വ്യത്യസ്ത രീതിയില്‍ സ്ഫോടം പരാമര്‍ശിക്കപ്പെടുമെങ്കിലും സ്ഫോടം ഏകമാണ്:

ആണ്ഡഭാവ മിവാപന്നോ
യഃ ക്രതുഃ ശബ്ദ സജ്ഞകഃ
വൃത്തിസ്തസ്യ ക്രിയാരൂപാ
ഭാഗശോ ഭജതേ ക്രമം-1.51

(അണ്ഡത്തിലതുപോലെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന സ്ഫോടം, ഭാഷാ പ്രയോഗത്തില്‍ ഭാഷയുടെ ഓരോരോ ഭാഗങ്ങളെ ക്രമത്തില്‍ വെളിവാക്കുന്നു)

വാക്കുകള്‍ ഉച്ചരിക്കപ്പെടുമ്പോള്‍ ഓരോ വാക്കിന്റെയും ധ്വനികള്‍ പ്രയോക്താവില്‍ നിന്നും ക്രമേണയാണ് പുറപ്പെടുന്നത്. വാക്കിന്റെ ആദ്യത്തെ വര്‍ണം ഉച്ചരിച്ചു കഴിഞ്ഞാണല്ലോ അടുത്തത് ഉച്ചരിക്കുക. ഉച്ചരിക്കപ്പെട്ടശേഷം ഓരോ ധ്വനിയും അപ്രത്യക്ഷമാകുന്നു. ഇപ്രകാരം ധ്വനികള്‍ ക്രമികവും ക്ഷണികവുമായിട്ടാണ് പ്രകടമാകുന്നത്. അതിനാല്‍ സ്ഫോട ശബ്ദം ഭിന്നമാണെന്നും ക്ഷണികമാണെന്നുമുള്ള തോന്നലുളവാക്കുന്നു:

നാദസ്യ ക്രമജന്മത്വാത്
ന പൂര്‍വ്വോ നാപരശ്ച സഃ
അക്രമഃ ക്രമരൂപേണ
ഭേദവാനിവ ജായതേ- 1.48
(നാദങ്ങള്‍ ക്രമത്തില്‍ ഉണ്ടാകുന്നതിനാല്‍, ക്രമരഹിതമായിട്ടുള്ളതും, പൂര്‍വ്വം/പരം എന്നീ അവസ്ഥകളില്ലാത്തതുമായ സ്ഫോട ശബ്ദം ക്രമരൂപത്തിലും ഭിന്നങ്ങളെന്നപോലെയും പ്രത്യക്ഷപ്പെടുന്നു)

സ്ഥല-കാല വിടവുകള്‍ കാരണം ക്രമികവും ക്ഷണികവുമായി പുറപ്പെടുന്ന ധ്വനികളില്‍ പ്രകടമാകുന്ന സ്ഫോടം വാസ്തവത്തില്‍ ക്രമരഹിതവും അനശ്വരവുമാണെന്നത് ഒരു ദൃഷ്ടാന്തം കൊണ്ട് വാക്യപദീയത്തില്‍ വ്യക്തമാക്കുന്നു:
പ്രതിബിംബം യഥാന്യത്ര
സ്ഥിതം തോയക്രിയാവശാത്
തത് പ്രവൃത്തി മിവാന്വേതി
സധര്‍മ്മഃ സ്ഫോട നാദയോഃ- 1.49

(എപ്രകാരമാണോ ജലത്തില്‍ കാണുന്ന ചന്ദ്രന്റെ പ്രതിബിംബം ജലത്തിന്റെ ചലനത്താല്‍ ചലിക്കുന്നതു പോലെ കാണുന്നത്, അപ്രകാരം സ്ഫോടം ധ്വനികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവയുടെ സ്വഭാവത്തില്‍ കാണപ്പെടുന്നു)
പ്രതിബിംബം ഏത് പ്രതലത്തിലാണോ സംഭവിക്കുന്നത് ആ പ്രതലത്തിന്റെ സ്വഭാവം പ്രതിബിംബത്തില്‍ ആരോപിക്കപ്പെടുന്നു. പ്രതിബിംബിക്കുന്ന ചന്ദ്രന്‍ ചലിക്കുന്നതു പോലെ തോന്നുമെങ്കിലും യഥാര്‍ത്ഥ പ്രതിബിംബം ചലിക്കുകയില്ല. ഇപ്രകാരം അക്ഷരങ്ങള്‍ ഉച്ചരിക്കപ്പെടുമ്പോഴും അപ്രത്യക്ഷമാകുമ്പോഴും സ്ഫോടം ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്നില്ല. അത് കാലിക പ്രതിഭാസമല്ല, അനശ്വര തത്ത്വമാണ്.

ആശയവിനിമയവും വാക്യവൃത്തിയും

ഭാഷ ധ്വനിരൂപത്തിലും ആശയരൂപത്തിലുമായി സ്ഥിതിചെയ്യുന്നു. പ്രത്യക്ഷത്തിലുണ്ടാവുന്ന ശബ്ദരൂപങ്ങളില്‍ ശബ്ദജ്ഞാനം മാത്രമല്ല, അര്‍ത്ഥജ്ഞാനവും ആശയരൂപത്തില്‍ തെളിയുന്നു. ശ്രവണേന്ദ്രിയത്താല്‍ ശബ്ദരൂപം ഗ്രഹിക്കുന്നു. ബുദ്ധികൊണ്ട് അര്‍ത്ഥം ഗ്രഹിക്കുന്നു. ആശയ വിനിമയം അഥവാ അര്‍ത്ഥബോധമാണ് ഭാഷയുടെ ലക്ഷ്യം. ഇതിനുള്ള ഉപാധിയാണ് ധ്വനി. അതിനാല്‍ ഉച്ചരിക്കപ്പെടുന്ന വാക്കിന്റെ ആത്മാവാണ് അതിന്റെ അര്‍ത്ഥം. ശബ്ദരൂപത്തിന്റെയും അര്‍ത്ഥരൂപത്തിന്റെയും ആധാരം സ്ഫോടമാകുന്നു. രണ്ടിന്റെയും ഉല്‍പ്പത്തിക്കും അവ തമ്മിലുള്ള അഭേദ്യബന്ധത്തിനും കാരണം സ്ഫോടമാണ്. അര്‍ത്ഥവിനിമയത്തിലാണ് സ്ഫോടം വ്യക്തമാകുന്നത്. കാരണം സ്ഫോടത്തിന്റെ യഥാര്‍ത്ഥ സ്വരൂപമാകുന്ന ഏകത്വം ഇവിടെയാണ് പ്രകാശിതമാകുന്നത്. ധ്വനികളില്‍ പ്രകടമാകുന്നത് നാനാത്വമാണ്. എന്നാല്‍ അര്‍ത്ഥ പ്രകാശനത്തില്‍ അത് ലോപിക്കുന്നു. ഉദാഹരണത്തിന്, മണ്‍കുടം എന്ന വാക്ക് വ്യത്യസ്ത വര്‍ണങ്ങളും അതിനാല്‍ നാനാത്വവും കാട്ടുന്നു. പക്ഷേ അത് വ്യക്തമാക്കുന്ന അര്‍ത്ഥത്തില്‍ ഭേദങ്ങളില്ല, ഏകത്വമാണുള്ളത്.

വാക്കുകള്‍ക്ക് സ്വതന്ത്രമായി നിന്നുകൊണ്ട് ആശയ വിനിമയം നടത്താന്‍ സാധ്യമല്ലൊണ് വൈയ്യാകരണന്മാരുടെ സിദ്ധാന്തം. വാക്കുകള്‍ ചേര്‍ന്ന് വാക്യമാകുമ്പോള്‍ മാത്രമാണ് ശരിയായ അര്‍ത്ഥം ബോധിപ്പിക്കാന്‍ സാധിക്കുന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുയാള്‍ ‘വെള്ളം’ എന്ന് മാത്രമുച്ചരിച്ചാലും അര്‍ത്ഥം മനസ്സിലാകും. പക്ഷേ ഇവിടെ ഈ വാക്കിന്റെ ശരിയായ രൂപം ‘എനിക്ക് വെള്ളം തരൂ’ എന്ന വാക്യവൃത്തിയാണ്. നടന്നു നീങ്ങുന്ന ഒരാളോട് മറ്റൊരാള്‍ നിലത്തേക്ക് ചൂണ്ടിക്കാട്ടി ‘വെള്ളം’ എന്നു പറഞ്ഞാല്‍ ആ വാക്കിന്റെ പ്രയോജനം മാറുന്നു. ഇപ്രകാരം സന്ദര്‍ഭത്തിനനുസരിച്ച് വാക്കുകളുടെ പ്രയോജനം മാറുന്നു. അതിനാല്‍ വാക്യത്തില്‍ പ്രയോഗിക്കുമ്പോള്‍ മാത്രമാണ് വാക്കുകള്‍ക്ക് ശരിയായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ വാക്യം അഖണ്ഡമാണ്, അതിനെ മുറിച്ച് വാക്കുകളാക്കിയല്ല അര്‍ത്ഥം ഗ്രഹിക്കുന്നത്. അതായത് വാക്കുകളെ വ്യാകരണത്താല്‍ ഘടിപ്പിച്ചു കിട്ടുന്ന വാക്യത്തിന്റെ അര്‍ത്ഥരൂപം അഖണ്ഡമാണ്. സ്ഫോടം അക്ഷരങ്ങളിലും പദങ്ങളിലും അടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്ഫോടത്തിന്റെ അഖണ്ഡത പ്രകടമാകുന്നത് വാക്യത്തിലാണ്. വാക്യത്തിനാണ് അര്‍ത്ഥവത്തായ ആശയം പകരാന്‍ സാധിക്കുന്നത്. വര്‍ണങ്ങളും വാക്കുകളും ഇതിനുള്ള ഉപായങ്ങള്‍ മാത്രമാണ്:

ഭാഗവത്സ്വപി തേഷ്വേവ
രൂപഭേദോ ധ്വനേ ക്രമാത്
നിര്‍ഭാഗേഷു അഭ്യുപായോവാ
ഭാഗഭേദ പ്രകല്പനം
(ഉച്ചരിക്കപ്പെടുന്ന ധ്വനികളുടെ ക്രമമനുസരിച്ച് വാക്യങ്ങള്‍ ഭാഗങ്ങളോടുകൂടിയവയാകുന്നു, എന്നാല്‍ ഈ ഭേദസങ്കല്പം അഖണ്ഡ വാക്യാര്‍ത്ഥ ബോധത്തിന് ഉപായം മാത്രമാണ്)
സ്ഫോടം ഭാഷയുടെ അടിസ്ഥാനം മാത്രമല്ല. സര്‍വ്വ വസ്തുക്കള്‍ക്കും ഇത് ആധാരമാകുന്നു. വസ്തുക്കളെ അറിയുന്നത് ആശയരൂപത്തിലാണ്. ആശയങ്ങളാകട്ടെ, ശബ്ദത്തെ ആശ്രയിക്കുന്നു. അതിനാല്‍ സര്‍വ്വജ്ഞാനത്തിനും സാഹിത്യത്തിനും കലയ്‌ക്കും അടിസ്ഥാനം ആശയരൂപത്തില്‍ പ്രകടമാകുന്ന ശബ്ദതത്ത്വം അഥവാ സ്ഫോടമാണ്. മനസ്സിന്റെ ഘടനയും വാക്സ്വരൂപമാകുന്നു. അശയവും ശബ്ദവും ഒന്നായിരിക്കുന്ന അവസ്ഥ ‘പശ്യന്തി’യെന്നും അവ രണ്ടായിരിക്കുന്ന അവസ്ഥ ‘മധ്യമാ’ എന്നും പറയുന്നുണ്ടല്ലോ. ഇവിടെ മനസ്സും വാക്കും ഒന്നായിരിക്കുന്ന അവസ്ഥയാണ് പശ്യന്തി. ഇത് കൂടുതല്‍ വ്യക്തമാകുന്നത് മധ്യമാവസ്ഥയിലാണ്. എല്ലാ മനോവൃത്തികളിലും ആഖ്യയും ആഖ്യാതവുമുണ്ട്. അതായത് മനസ്സിന്റെ യഥാര്‍ത്ഥ സ്വരൂപം വാക് സ്വരൂപമാണ്. ഇപ്രകാരം അന്തഃകരണത്തിന്റെയും അടിസ്ഥാന തത്ത്വം സ്ഫോടമാകുന്നു. ഇങ്ങനെ സര്‍വ്വവസ്തുക്കള്‍ക്കും അന്തഃകരണത്തിനും, അതായത് വിഷയത്തിനും വിഷയിക്കും ആധാരമായിട്ടുള്ള സ്ഫോടം ശബ്ദബ്രഹ്‌മം തന്നെയാകുന്നു.

(തുടരും)

 

By admin