
ജബല്‍പൂര്‍: മണിപ്പൂരിലെ സാഹചര്യങ്ങളില്‍ ഭാവാത്മകമായ വലിയ മാറ്റങ്ങളുണ്ടായെന്ന് ജബല്‍പൂരില്‍ സമാപിച്ച ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ യോഗത്തിലെ ചര്‍ച്ചകള്‍ വിശദീകരിച്ചുകൊണ്ട് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വ്യക്തമാക്കി.
സംസ്ഥാനത്തെ സര്‍ക്കാരിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ശക്തമായ ചുവടുവയ്‌പാണ് അവിടെ നടത്തിയത്. സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നത് അനുസരിച്ച് സര്‍ക്കാര്‍ പുനഃസ്ഥാപിക്കപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. സംഘവും അതിനെ പിന്തുണയ്‌ക്കുന്നു. എന്നാല്‍ മണിപ്പൂരിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്. പ്രധാനമന്ത്രി നേരിട്ട് അവിടെയെത്തി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. സര്‍ക്കാര്‍ അത്തരം കാര്യങ്ങളില്‍ മുന്നോട്ടുപോകുന്നതോടൊപ്പം സമൂഹവും അനുകൂലമായി നീങ്ങണം. ഭിന്നതകള്‍ അകറ്റി പരസ്പര വിശ്വാസത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാതയിലേക്ക് എല്ലാവരും എത്തണം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മണിപ്പൂരില്‍ കൂടുതല്‍ സൗഹാര്‍ദപരമായ അന്തരീക്ഷം സൃഷ്ടിച്ചത് അവിടെ നല്ല നാളുകള്‍ വരുന്നതിന് തുടക്കംകുറിച്ചുവെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
ഛത്തിസ്ഗഡ്, ഝാര്‍ഖണ്ഡ് മേഖലകളിലെ നക്സല്‍ ഭീഷണി ഒഴിയുന്നത് ആശാവഹമായ കാര്യമാണ്. ആയുധമുപേക്ഷിച്ച് നൂറുകണക്കിന് ആളുകള്‍ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ തയാറാകുന്നു. നമ്മുടെ സമാജത്തിന്റെ തന്നെ ഭാഗമാണ് അവരും എന്ന ഭാവത്തോടെ അവരെ സ്വീകരിക്കാന്‍ സമൂഹം തയാറാകണം. വനവാസി സമൂഹം നേരിട്ട അവഗണനയും ചൂഷണവും അടക്കമുള്ള സാഹചര്യങ്ങള്‍ മുതലെടുത്താണ് നക്സല്‍ തീവ്രവാദികള്‍ വളര്‍ന്നതെന്നും ആ സാഹചര്യമുണ്ടാകാതിരിക്കാന്‍ ഒരുമിച്ചുള്ള പരിശ്രമങ്ങള്‍ ആവശ്യമാണെന്നും സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും പങ്കെടുത്തു.