• Wed. Nov 12th, 2025

24×7 Live News

Apdin News

മറക്കാനാവില്ല, പൊറുക്കാനും

Byadmin

Nov 12, 2025



ല്‍ഹി ചെങ്കോട്ടയില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന സ്‌ഫോടനം ഇസ്ലാമിക ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണമാണെന്ന് ദല്‍ഹി പോലീസ് സ്ഥിരീകരിച്ചു. ചെങ്കോട്ടയില്‍ നടന്നത് സ്‌ഫോടനമാണോ ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് പല ഊഹാപോഹങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌ഫോടനത്തെ തുടര്‍ന്ന് അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച വിവരങ്ങളനുസരിച്ച് ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് വ്യക്തമായി. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നും വ്യക്തമായിരിക്കുന്നു. അന്വേഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നതോടെ ഈ ആക്രമണത്തിനു പിന്നില്‍ ആരുടെയൊക്കെ കരങ്ങളാണ് ഉള്ളതെന്ന് വെളിപ്പെടും.

ഫരീദാബാദില്‍ പിടിയിലായ സംഘത്തിന്റെ ഭാഗമായ ഉമര്‍ നബി എന്ന ഭീകരനാണ് കാറില്‍ സ്‌ഫോടക വസ്തുവുമായെത്തി പൊട്ടിത്തെറിച്ചത്. കൂട്ടാളികളെ പോലെ താനും ഉടന്‍ പിടിയിലാകുമെന്ന് കരുതി തിടുക്കത്തില്‍ ഇങ്ങനെയൊരു ആക്രമണം നടത്താന്‍ ഈ ഭീകരന്‍ തയ്യാറാവുകയായിരുന്നു. കശ്മീരിലെ പുല്‍വാമ സ്വദേശിയാണ് ഇയാള്‍. രാജ്യതലസ്ഥാനത്ത് ഏറ്റവും തിരക്കേറിയ ഇടങ്ങളില്‍ ഒന്നായ ചാന്ദ്‌നി ചൗക്കില്‍ സ്‌ഫോടനം നടത്താനാണ് പദ്ധതിയിട്ടതെങ്കിലും അങ്ങനെ സംഭവിക്കാതിരുന്നത് ഭാഗ്യമായി. അല്ലായിരുന്നുവെങ്കില്‍ വലിയ ആള്‍നാശം സംഭവിക്കുമായിരുന്നു.

കറുത്ത മാസ്‌ക് ധരിച്ചയാള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി. ചെങ്കോട്ടയ്‌ക്ക് മുന്നില്‍ ഈ കാര്‍ മൂന്നു മണിക്കൂര്‍ നിര്‍ത്തിയിടുകയും ചെയ്തു. പല തവണ കൈമാറിയ കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥന്‍ പുല്‍വാമ സ്വദേശി താരിഖ് എന്നയാളാണെന്നും ദില്ലി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ചെങ്കോട്ടയിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്റെ കരങ്ങളാണുള്ളതെന്ന് ഇതിനോടകം വെളിപ്പെട്ട വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നുണ്ട്. ഫരീദാബാദില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്നൗ സ്വദേശി ഡോ. ഷഹീന്‍ ഷാഹിദിനെ പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം സ്ഥാപിക്കാനും, റിക്രൂട്ട്മെന്റ് നടത്താനുമായി ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. ഭീകരാക്രമണങ്ങള്‍ക്ക് മറുപടിയായി ഭാരതം നല്‍കിക്കൊണ്ടിരിക്കുന്ന തിരിച്ചടിയില്‍ മുഖം നഷ്ടപ്പെട്ട പാക്കിസ്ഥാന്‍ തങ്ങള്‍ക്ക് ഇപ്പോഴും ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന് കാണിക്കാനുള്ള വ്യഗ്രതയിലാണ്. ചെങ്കോട്ടയിലെ ആക്രമണത്തെ തുടര്‍ന്ന്, ഭീരുക്കളായ പാക് ഭരണാധികാരികള്‍ ഭയന്നുവിറയ്‌ക്കുകയാണ്. തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇതില്‍ നിന്നുതന്നെ ആ രാജ്യത്തിന്റെ പങ്ക് വ്യക്തമാവുന്നുണ്ടല്ലോ.

ചെങ്കോട്ടയിലെ ഭീകരാക്രമണത്തിനും പാക്കിസ്ഥാന്‍ കണക്കു പറയേണ്ടിവരുമെന്ന് ഉറപ്പാണ്. സ്‌ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിരിക്കുന്നു. ആക്രമണത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ഗൂഢാലോചനക്കാര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നപ്പോഴും ഇതേ പ്രതികരണമാണ് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായത്. അനന്തരഫലം എന്തായിരുന്നുവെന്ന് ലോകം കണ്ടതാണല്ലോ.

രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ഈ ഗൂഢാലോചനയുടെ ചുരുളഴിക്കുമെന്നും, ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി മോദി പറയുമ്പോള്‍ അത് വെറും വാക്കാവില്ല.

ലഭ്യമായ വിവരം അനുസരിച്ച് അഭ്യസ്തവിദ്യരായ ആളുകളാണ് ഈ ഭീകരാക്രമണം നടത്തിയിട്ടുള്ളത്. മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ ബാധ്യസ്ഥരായ ഡോക്ടര്‍മാരാണ് ഇവരെന്നതാണ് മറ്റൊരു വിരോധാഭാസം. ചാവേറായ ഉമര്‍ നബിയുടെ പിതാവിനെ പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ചോദ്യം ചെയ്തിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അറിവില്ലായ്‌മയും ദാരിദ്ര്യവുമാണ് ഭീകരവാദത്തിലേക്ക് പോകാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതെന്ന വാദമുണ്ട്. ഭീകരവാദത്തിന് മതമില്ലെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെ പറയുന്നത്. ഇത് ശരിയല്ലെന്ന് പാക്കിസ്ഥാന്റെ പിന്തുണയോടെ ഭാരതത്തില്‍ നടക്കുന്ന ഓരോ ഭീകരാക്രമണവും, രാജ്യത്തിനകത്തുനിന്ന് ഇത്തരം ആക്രമണങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയും തെളിയിക്കുന്നു. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ മുഖം തിരിച്ചറിയുക എന്നതാണ് ഭീകരവാദത്തെ പ്രതിരോധിക്കാന്‍ വേണ്ടത്. എന്തു കാരണത്താലായാലും ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നത് കൂടുതല്‍ അത്യാപത്ത് ക്ഷണിച്ചുവരുത്തും. ഈ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുണ്ട്. ഭീകരവാദത്തോട് മൃദു സമീപനം പാടില്ല. ഭീകരവാദികള്‍ക്ക് മനുഷ്യാവകാശവുമില്ല. അവരെ ഉന്മൂലനം ചെയ്യുകയല്ലാതെ സമാധാനത്തിലേക്ക് കുറുക്കുവഴിയുമില്ല.

By admin