
വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച ഭൂമിയുടെ കരമടയ്‌ക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ മറവില്‍ മുനമ്പത്ത് 400ലേറെ കുടുംബങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി നടത്തിവരുന്ന സമരം ഭൂ സംരക്ഷണ സമിതി ഏകപക്ഷീയമായി അവസാനിപ്പിച്ചത് കടുത്ത വഞ്ചനയാണ്. പൊതുയോഗം വിളിച്ചുകൂട്ടി ആലോചിക്കാതെ അഞ്ചുപേരുടെ കോര്‍ കമ്മിറ്റി സമരത്തില്‍ നിന്ന് പിന്മാറിയത് സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും ഉള്‍പ്പെടുന്ന ഇടതു- വലത് മുന്നണികളുമായി ഗൂഢാലോചന നടത്തിയാണെന്ന് സമരത്തില്‍ പങ്കാളികളായവര്‍ ആരോപിക്കുന്നു. ഒരാഴ്ചക്കകം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുനമ്പത്തെ ജനങ്ങളെ കബളിപ്പിച്ച് വോട്ട് വാങ്ങാനുള്ള എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികളുടെ തന്ത്രമാണ് അരങ്ങേറിയിരിക്കുന്നത്. വഞ്ചനാപരമായ ഒത്തുതീര്‍പ്പിനെതിരെ ബഹുഭൂരിപക്ഷം ജനങ്ങളും മറ്റൊരു വേദിയില്‍ സമരം തുടരുകയാണ്.
ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവ് മാത്രമാണ്. കേസില്‍ അന്തിമ വിധി വരുന്നതുവരെ മാത്രമാണ് കരമടയ്‌ക്കാനുള്ള അവകാശമെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെതിരെയുള്ള വഖഫ് ബോര്‍ഡിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോഴിക്കോട് ഫാറൂഖ് കോളജിന്റെ അധികൃതരില്‍ നിന്ന് വിലകൊടുത്തു വാങ്ങിയ ഭൂമിയുടെ പൂര്‍ണ്ണമായ ക്രയവിക്രയ അവകാശത്തിനു വേണ്ടിയാണ് മുനമ്പത്തുകാര്‍ സമരം ചെയ്യുന്നത്. അല്ലാതെ കരമടയ്‌ക്കാനുള്ള അവകാശത്തിന് വേണ്ടി മാത്രമല്ല. നേരത്തെയും മുനമ്പത്തുകാര്‍ കരമടച്ചിരുന്നതാണ്. ഈ വസ്തുതകള്‍ക്ക് നേരെ കണ്ണടച്ചാണ് ചില മന്ത്രിമാരെ സമരവേദിയിലേക്ക് വിളിച്ചുവരുത്തി കോര്‍ കമ്മിറ്റിക്കാര്‍ സമരം അവസാനിപ്പിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് മുനമ്പത്ത് ഉയര്‍ന്നിരിക്കുന്നത്.
മുനമ്പത്തുകാരെ കരമടയ്‌ക്കാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊച്ചി തഹസീല്‍ദാര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്. ഈ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് വഖഫ് ബോര്‍ഡിന്റെ കയ്യേറ്റത്തെ സഹായിക്കാന്‍ വേണ്ടിയാണ്. പ്രശ്‌നത്തില്‍ നീതിപൂര്‍വമായി ഇടപെടാതെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകാന്‍ വഖഫ് ബോര്‍ഡിന് ഒത്താശ ചെയ്തതും പിണറായി സര്‍ക്കാരാണ്. ഇങ്ങനെ ചെയ്ത സര്‍ക്കാരിലെ മന്ത്രിമാരാണ് ഇപ്പോള്‍ കരമടയ്‌ക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഒരുക്കാമെന്നു പറഞ്ഞ് മുനമ്പത്തുകാരെ കബളിപ്പിക്കാനും വഞ്ചിക്കാനും ശ്രമിക്കുന്നത്.
ഇതിനുപിന്നില്‍ പല കള്ളക്കളികളും നടന്നതായാണ് മുനമ്പത്ത് സമരം തുടരുന്നവര്‍ കരുതുന്നത്. മുനമ്പത്തുകാരുടെ ഭൂമി തട്ടിപ്പറിക്കാന്‍ ഏതറ്റം വരെയും പോകാന്‍ വഖഫ് ബോര്‍ഡ് തയ്യാറാണ്. ആരെ വേണമെങ്കിലും വിലയ്‌ക്കെടുക്കാനുള്ള പണവും ഇവര്‍ക്കുണ്ട്. മുനമ്പത്തെ അവകാശസമരം പൊടുന്നനെ അവസാനിപ്പിച്ചതിനു പിന്നില്‍ തല്‍പ്പരകക്ഷികളുടെ പണസ്വാധീനം ഉണ്ടെന്നും, ഇതിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് അടുത്തുതന്നെ ഇവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാന്‍ ഒരുങ്ങുകയാണ്.
തെരഞ്ഞെടുപ്പുകളില്‍ പരസ്പരം എതിര്‍ക്കുന്നതായി ഭാവിക്കുമ്പോഴും മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുന്നതില്‍ ഇടതു- വലതു മുന്നണികള്‍ ഒറ്റക്കെട്ടാണ്. വക്കഫ് ബോര്‍ഡിന്റെ ഭൂമികയ്യേറ്റത്തിന് എതിരെ മുനമ്പത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിയെയാണ്. രാജ്യത്തെ വക്കഫിന്റെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ആനുകൂല്യം മുനമ്പത്തുകാര്‍ക്ക് ലഭിക്കാതിരിക്കാനുള്ള നുണപ്രചാരണവും കള്ളക്കളികളുമാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുന്നത്. സമരക്കാരില്‍ നിന്ന് മറുകണ്ടം ചാടി ഇവര്‍ക്കൊപ്പം പോയിരിക്കുന്ന യൂദാസുകളെ തിരിച്ചറിയാനും പ്രതികരിക്കാനും മുനമ്പംകാര്‍ക്ക് ലഭിച്ചിരിക്കുന്ന അവസരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്.