
ന്യൂദല്‍ഹി: മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നതില്‍ ഹൈക്കോടതികളുടെ വിവേചനാധികാരം പരിമിതപ്പെടുത്താന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. സുപ്രീം കോടതി ഈ വിഷയത്തിലുള്ള കേസില്‍ സ്വയം കക്ഷി ചേരാന്‍ അസോസിയേഷന്‍ അപേക്ഷ നല്‍കി. ഹൈക്കോടതിയുടെ അധികാരപരിധി കുറയ്‌ക്കാനുള്ള ഏതൊരു ശ്രമവും ‘ അതിരുകടന്നതും, നിയമനിര്‍മ്മാണ ഉദ്ദേശ്യത്തെ ദുര്‍ബലപ്പെടുത്തുന്നതും, വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റവു’മാണെന്ന് അസോസിയേഷന്‍ വാദിച്ചു.
സെപ്റ്റംബറില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നേരിട്ട് പരിഗണിക്കുന്ന കേരള ഹൈക്കോടതിയുടെ രീതിയെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. അസാധാരണമായ കേസുകളില്‍ ഒഴികെ. മുന്‍കൂര്‍ ജാമ്യത്തിനായുള്ള അപേക്ഷകള്‍ ആദ്യം സെഷന്‍സ് കോടതിക്ക് മുമ്പാകെയാണ് സമര്‍പ്പിക്കേണ്ടതെന്ന് അന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.