• Wed. Jan 1st, 2025

24×7 Live News

Apdin News

‘മോക്ഷം’ ലഭിക്കാൻ തമിഴ്‌നാട്ടിൽ 4 പേർ ജീവനൊടുക്കി | National | Deshabhimani

Byadmin

Dec 29, 2024



തിരുവണ്ണാമല > ‘ആത്മീയമോക്ഷം’ ലഭിക്കാൻ തമിഴ്‌നാട്‌ തിരുവണ്ണാമലയിൽ നാലുപേർ വിഷംകഴിച്ച്‌ മരിച്ചു. ചെന്നൈ വ്യാസർപാടി സ്വദേശികളായ മഹാകാല വ്യാസർ, സുഹൃത്ത്‌ രുക്മിണി, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരെയാണ്‌ തിരുവണ്ണാമല ക്ഷേത്രത്തിന് സമീപത്തെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. മരണകാരണം വെളിപ്പെടുത്തിയുള്ള വീഡിയോ ദൃശ്യങ്ങൾ ഇവരുടെ മൊബൈൽ ഫോണിൽനിന്ന്‌ ലഭിച്ചു.

രുക്മിണിയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് ഇവർ ആത്മഹത്യ ചെയ്‌തതെന്നാണ് പ്രഥമിക വിവരം. വെള്ളി പകൽ രണ്ടിനാണ്‌ നാലുപേരും ഹോട്ടലിൽ മുറിയെടുത്തത്. ശനി രാവിലെയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. അവർ ഡോർപൊളിച്ച് അകത്ത് കയറിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടത്.

മഹാകാല വ്യാസറും രുക്മിണിയും എല്ലാവർഷവും തിരുവണ്ണാമലയിലെ കാർത്തികദീപം ഉത്സവത്തിനായി എത്താറുണ്ട്‌. ഈ വർഷവും പതിവുപോലെ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങിയെങ്കിലും ‘മോക്ഷം’ ലഭിക്കുന്നതിനായി ദേവനും ദേവിയും തിരിച്ചുവിളിച്ചെന്ന്‌ അവകാശപ്പെട്ടാണ് ഇവർ വീണ്ടും തിരുവണ്ണാമലയിൽ എത്തിയതെന്ന്‌ വീഡിയോയിൽ പറയുന്നുണ്ട്‌. ആത്മീയമോക്ഷത്തിന്‌ ജീവൻവെടിയുകയാണെന്നും പറഞ്ഞു. ആത്മഹത്യക്ക് മറ്റ്‌ കാരണങ്ങളുണ്ടോയെന്നുള്ളതും അന്വേഷിക്കുകയാണെന്ന്‌ പൊലീസ് അറിയിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin